Sanathanam

ആറ്റംബോംബുകളേക്കാള്‍ കരുത്തുള്ള കാഞ്ഞങ്ങാട് ആനന്ദാശ്രമം

കാണാത്ത ഭാരതം- 1
 
ആറ്റംബോബുകളെക്കാള്‍ കരുത്ത് ഇവയ്ക്കുണ്ടല്ലോ എന്ന് ആചാര്യ വിനോബ ഭാവേ പറഞ്ഞത് കാഞ്ഞങ്ങാട് ആനന്ദാശ്രമത്തിലെ പൊടിഞ്ഞുതുടങ്ങിയ കടലാസുകെട്ടുകള്‍ നോക്കിയാണ്. രാമനാമജപം എഴുതിയ കടലാസുകെട്ടുശേഖരമാണ് ആധ്യാത്മികതയുടെ അദ്വിതീയ ഊര്‍ജത്തിന് ശാസ്ത്രം കെട്ടഴിച്ചുവിടുന്ന മാരകവിപത്തുകളെയും തടുക്കാന്‍ കഴിയുമെന്ന ചിന്ത വിനോബ ഭാവേയില്‍ ഉണര്‍ത്തിയത്. 25 കോടി എന്ന എണ്ണം ലക്ഷ്യമിട്ടാണ് ആനന്ദാശ്രമത്തില്‍ രാമനാമലിഖിതജപത്തിനു തുടക്കമിട്ടത്. സന്യാസത്തിന്റെ 25ാം വാര്‍ഷികം ആഘോഷത്തോടനുബന്ധിച്ച് മാതാജി കൃഷ്ണാബായിക്ക് പ്രതീകാത്മകമായി ഇതു സമര്‍പ്പിക്കാനായിരുന്നു പദ്ധതി. എന്നാല്‍ നാമലിഖിതജപസമര്‍പ്പണം അവിടെക്കൊണ്ട് അവസാനിച്ചില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്നു വിശ്വാസികള്‍ അതു തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ലിഖിതജപം ഇപ്പോള്‍ നൂറു കോടി പിന്നിട്ടുകാണുമെന്നാണു കണക്ക്. കടലാസുകെട്ടുകള്‍ സൂക്ഷിക്കാനുള്ള രാമനാമ ബാങ്ക് നിറഞ്ഞതോടെ ഒരു വലിയ മുറികൂടി ഇതിനായി നീക്കിവെക്കാന്‍ ആശ്രമം അധികൃതര്‍ നിര്‍ബന്ധിതരായി.
..........
ആധ്യാത്മികതയുടെ സൗന്ദര്യവും സദാ ഉയരുന്ന ഭജനസങ്കീര്‍ത്തനങ്ങളുംകൊണ്ട് വശ്യമാണ് കാഞ്ഞങ്ങാട് ആനന്ദാശ്രമം. കാഞ്ഞങ്ങാട് പട്ടണത്തില്‍നിന്ന് അഞ്ചു കിലോമീറ്ററോളം അകലെ എന്‍.എച്ച്.17ല്‍ പാണത്തൂര്‍ റൂട്ടില്‍ രാംനഗറിലെ നിഷ്‌കളങ്കഗ്രാമീണതയ്ക്കു നടുവിലാണു  കേരളത്തിലെ പ്രമുഖ ആധ്യാത്മിക കേന്ദ്രങ്ങളിലൊന്നായി ആനന്ദാശ്രമം പച്ചപ്പണിഞ്ഞുനില്‍ക്കുന്നത്. എല്ലാവര്‍ക്കുമായി തുറന്നിട്ടിരിക്കുന്ന വാതിലുകളാണ് ഇവിടുത്തേത്. സസ്യലതാദികള്‍ നിറഞ്ഞ ചുറ്റുപാടില്‍ ഭജനമണ്ഡപവും താമസത്തിനും ഭക്ഷണത്തിനുമായുള്ള കെട്ടിടങ്ങളും ഗോശാലയുമൊക്കെ ഒന്നോടൊന്നു ചേര്‍ന്ന് ഒരേ പുരയിടത്തില്‍. ദേശ, ദേശാന്തരങ്ങളില്‍നിന്നുള്ള സന്ദര്‍ശകര്‍ ആനന്ദാശ്രമത്തിന്റെ സ്വച്ഛത തേടിയെത്തുന്നു. സമീപവാസികളും തൊഴിലാളികളും വിദ്യാര്‍ഥികളുമൊക്കെ നിത്യസന്ദര്‍ശകരാണ്. അന്തേവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും മാത്രമല്ല, ആലംബഹീനര്‍ക്കും അത്താണിയാകുന്നു സ്‌നേഹം പ്രസരിപ്പിക്കുന്ന ഈ മഹാസ്ഥാപനം.
ഓരോ വ്യക്തിയിലും ദൈവികതയുണ്ടെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍നിന്ന് ഉടലെടുക്കുന്ന വിശ്വപ്രേമവും അതില്‍നിന്നും ഉടലെടുക്കുന്ന സേവനവുമാണ് ആനന്ദാശ്രമത്തിനു പിന്നിലുള്ള പ്രചോദനം. ആഗോളഗ്രാമമെന്ന സമീപകാലസങ്കല്‍പം ഒരര്‍ഥത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ പ്രസരിപ്പിച്ച ആധ്യാത്മികകേന്ദ്രം.
കവാടം പിന്നിട്ടാല്‍, നിരനിരയായുള്ള വൃക്ഷങ്ങള്‍ തണല്‍ വിരിക്കുന്ന നേര്‍പാത നയിക്കുക ഒരു കൊച്ചു പൂന്തോട്ടത്തിലേക്ക്. ഇതിനു തൊട്ടുമുന്‍പായി വലതു ഭാഗത്തുള്ള ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ ആശ്രമത്തെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും ചോദിച്ചറിയാം. പൂന്തോട്ടത്തിന്റെ ഇടതുഭാഗത്തുള്ള ബുക്‌സ്റ്റാളില്‍ ആശ്രമം പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങള്‍ കിട്ടും. ഇതിനോടു ചേര്‍ന്നാണു സത്സംഗ് ഹാള്‍. ഇവിടെ എല്ലാ ദിവസവും വൈകിട്ട് 3.30 മുതല്‍ ഒരു മണിക്കൂര്‍ ആചാര്യന്‍മാരെക്കുറിച്ചുള്ള പുസ്തകം കൂട്ടംചേര്‍ന്നിരുന്നു വായിക്കും. പൂന്തോട്ടത്തില്‍നിന്ന് അല്‍പം മുന്നോട്ടാണു പഞ്ചവടി. 1931ല്‍ ആശ്രമസ്ഥാപകനായ സ്വാമി രാംദാസ് നട്ടുവളര്‍ത്തിയ അഞ്ചു മരങ്ങളാണു പഞ്ചവടിയിലുള്ളത്. ഇവിടെയായിരുന്നു ആദ്യകാലത്തു സത്സംഗം നടത്തിയിരുന്നത്. അല്‍പംകൂടി മുന്നോട്ടാണ് ഭജനഹാള്‍. ഇതോടു ചേര്‍ന്നുള്ള ചെറുമുറിയാണ് ആദ്യകാലത്തെ ആശ്രമം. ഇതു വിശേഷപ്പെട്ട ഇടമായി ഇപ്പോഴും കരുതിപ്പോരുന്നു. രാംദാസ് സ്വാമികളുടെയും ശിഷ്യ കൃഷ്ണാബായ് മാതാജിയുടെയും ചിതാഭസ്മവും വെള്ളിപ്പാത്രത്തില്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. സ്വാമികളുടെയും മാതാജിയുടെയും ഇരുവരുടെയും മാതാപിതാക്കളുടെയും ചിത്രങ്ങളും ഇവിടെ കാണാം.
ഭജനഹാളിനു വലതുഭാഗത്തായി സെന്റിനറി ഹാള്‍. കൃഷ്ണാബായ് മാതാജിയുടെ ശതാബ്ദിയോടനുബന്ധിച്ച് 2003 സെപ്റ്റംബര്‍ 25നാണു വലിപ്പമേറിയ പുതിയ ഹാള്‍ പണിതത്. ധ്യാനം പോലുള്ള കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന 'മൗനമന്ദിര്‍' ആണിത്. ഗേറ്റിന് ഇടതുഭാഗത്തായി മൂന്നു സമാധി മന്ദിരങ്ങളുണ്ട്; സ്വാമി രാംദാസ്, മാതാജി കൃഷ്ണബായ്, സ്വാമി സച്ചിദാനന്ദ എന്നിവരുടേത്.
ആശ്രമകവാടത്തില്‍നിന്ന് അല്‍പം മാറിയാണ് ഗോശാല. കറന്നെടുക്കുന്ന പാല്‍ ആശ്രമം ഭോജനശാലയില്‍ ഉപയോഗിക്കുന്നു.  
സവിശേഷമാണ് ആധ്യാത്മിക ഗ്രന്ഥശാല. സനാതനധര്‍മവുമായി ബന്ധപ്പെട്ട അസുലഭമായവ ഉള്‍പ്പെടെ ഒട്ടേറെ പുസ്തകങ്ങളുടെ ശേഖരം ഇവിടെയുണ്ട്. വിവിധ ഭാഷകളിലായി അയ്യായിരത്തിലേറെ പുസ്തകങ്ങളാണുള്ളത്.
.

Back to Top