Ulsavam

ഓച്ചിറ വൃശ്ചികോല്‍സവവും ഓച്ചിറക്കളിയും

വൃശ്ചികം ഒന്നു മുതല്‍ 12 വരെയാണ് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍ വൃശ്ചികോല്‍സവം. പന്ത്രണ്ടു വിളക്ക് എന്നാണ് ഉല്‍സവം അറിയപ്പെടുന്നത്. 
ചടങ്ങുകളുടെ ഭാഗമായി, ഓച്ചിറ പടനിലത്തുയരുന്ന 1400 ചെറുകുടിലുകളിലും അരയാല്‍ത്തറകളിലുമൊക്കെയായി ആയിരക്കണക്കിനു കുടുംബങ്ങളെത്തി ജപവും മന്ത്രോച്ചാരണവും നടത്തും. പരബ്രഹ്മ സന്നിധിയിലെത്തി കുടിലുകളൊരുക്കുന്നവര്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിക്കുളിച്ചശേഷം ശാസ്താക്ഷേത്രത്തിലും മഹാലക്ഷ്മിക്കാവിലുമൊക്കെ ദര്‍ശനം നടത്തും. തുടര്‍ന്നു കുടിലുകളില്‍ നിലവിളക്കു തെളിയിക്കും.  ഭക്തിലഹരിയിലാറാടിയുള്ള നാമജപവും പുരാണപാരായണവുമൊക്കെ നിറഞ്ഞ നാളുകളുടെ തുടക്കവുമാണ് ഇത്. 
ക്ഷേത്ര ചടങ്ങുകള്‍ക്കും ആചാരങ്ങള്‍ക്കുമപ്പുറം വന്‍ ജനത്തിരക്കേറുന്ന മറ്റു പരിപാടികള്‍ കൂടി ഉള്‍പ്പെട്ടതാണ് ഉല്‍സവം. സര്‍വമത സമ്മേളനം ഉള്‍പ്പെടെയുള്ള സമ്മേളനങ്ങള്‍, പ്രദര്‍ശനങ്ങള്‍, വ്യാപാരമേള, കലാപരിപാടികള്‍ തുടങ്ങിയ പരിപാടികളാണു കാര്യമായി നടക്കുക. 
പ്രശസ്തമായ ഓച്ചിറക്കളി മിഥുനം ഒന്നിനും രണ്ടിനുമാണ്. വേണാടും കായംകുളവും തമ്മില്‍ നടക്കുന്ന യുദ്ധത്തിന്റെ ഓര്‍മയ്ക്കാണ് ഓച്ചിറക്കളിയെന്നും വിശ്വാസം. 
 
.

Back to Top