Sanathanam

സനാതനഭൂമികയില്‍!

പുറംകാഴ്ചകള്‍ക്കപ്പുറത്തുള്ള ഭാരതത്തിന്റെ അന്താരാത്മാവിനെത്തേടി ഒരു തീര്‍ഥയാത്ര.

ജീവനെയും മൃതിയെയും കുറിച്ച്, സ്‌നേഹത്തെയും സംഘര്‍ഷത്തെയും കുറിച്ച്, കലയെയും സാഹിത്യത്തെയും കുറിച്ച്, ചരിത്രത്തെയും വര്‍ത്തമാനത്തെയും കുറിച്ച്- ഇത്രത്തോളം പറയാനുള്ള മറ്റൊരു നാടുണ്ടോ? നാം കണ്ടിട്ടുണ്ടോ നമ്മുടെ നാട്? വരൂ, ദ്.ഹിന്ദുസ്ഥാന്‍.ഇന്‍ ക്ഷണിക്കുന്നു. കേരളത്തിന്റെ വടക്കേയറ്റത്തുനിന്നു തുടങ്ങി, ഭാരതപരിക്രമണം നടത്തി, ആരംഭിച്ചിടത്തുതന്നെ അവസാനിക്കുന്ന ഭാരതദര്‍ശനതീര്‍ഥയാത്ര- കാണപ്പെടാത്ത ഭാരതം.
സനാതനധര്‍മത്തിന്റെ അഥവാ ഹിന്ദുത്വത്തിന്റെ ആധാരശിലകളും ആശയസംഹിതകളും അനന്യമായ ഈ യാത്രയില്‍ വായിക്കാം. ഒറ്റക്കല്ലിലൊതുങ്ങുന്നതു മുതല്‍ അംബരചുംബികള്‍ വരെയുള്ള നമ്മുടെ ക്ഷേത്രങ്ങളില്‍ തൊഴുതുനമസ്‌കരിക്കാം. ജ്ഞാനസാഗരത്തിലലിഞ്ഞ, നിര്‍മമത്വഭാവം ആര്‍ജിച്ച സന്ന്യാസിപരമ്പരയെ കണ്ടുവന്ദിക്കാം. സംഗീതം കേള്‍ക്കാം, നൃത്തമാസ്വദിക്കാം;  ഭൂമിയെ പ്രകൃതി സ്‌നേഹപൂര്‍വം തഴുകുന്ന ഹിമാലയശൃംഗങ്ങളിലെത്താം.
കാളിദാസന്റെ രഘുവംശവും മേഘസന്ദേശവും, അര്‍ജുനന്റെ കുരുക്ഷേത്രം, മനുഷ്യശരീരത്തെ ചികില്‍സയെന്തെന്നു പഠിപ്പിച്ച ചരകനും സുശ്രുതനും, ആകാശനക്ഷത്രങ്ങളുടെ നിയമം കണ്ടെത്തിയ ആര്യഭടന്‍, ഗംഗയും കാവേരിയും സിന്ധുവും സരസ്വതിയും, ആധുനിക കെട്ടിടനിര്‍മാണജ്ഞാനത്തിനു പിടികൊടുക്കാതെ ഇപ്പോഴും തലയുയര്‍ത്തിനില്‍ക്കുന്ന മധുരമീനാക്ഷി ക്ഷേത്രവും സുരക്ഷിത അറകളില്‍ കോടികളുടെ പൊന്നുംപണവും കാത്തുവെക്കുന്ന ശ്രീപത്മനാഭസ്വാമിക്ഷേത്രവും. അറിവിന്റെ ചക്രവാളത്തിലേക്കുള്ള കിളിവാതില്‍ തുറക്കുകയാണ്.  
ഇതു നമ്മില്‍നിന്നു മറച്ചുവെക്കപ്പെട്ട ഭാരതത്തിന്റെ യഥാര്‍ഥ ചിത്രവും ചരിത്രവും ഇതള്‍വിരിയുന്ന സഞ്ചാരമാകും. ആചാര്യസ്പര്‍ശത്തോടെ ആധികാരികമായി തയ്യാറാക്കിയ അറിവും വിവരണവും. ഓരോരോ ഭാഗങ്ങളായി വരുംദിവസങ്ങളില്‍.
.

Back to Top