Sanathanam

സംസ്‌കൃതം ലളിതവല്‍ക്കരിക്കണം, പ്രചരിപ്പിക്കണം: സ്മൃതി ഇറാനി

ന്യൂഡെല്‍ഹി: കൂടുതല്‍ ലളിതവല്‍ക്കരിച്ച് സ്‌കൂള്‍തലത്തില്‍ പഠിപ്പിക്കുകവഴി സംസ്‌കൃതത്തിന്റെ പ്രചാരം വര്‍ധിപ്പിക്കണമെന്നു കേന്ദ്ര മാനവിഭവശേഷി മന്ത്രി സ്മൃതി ഇറാനി. സംസ്‌കൃതത്തില്‍ കൂടുതല്‍ ഗവേഷണം നടക്കണമെന്നും അവര്‍ ചൂണ്ടിക്കാട്ടി. യോഗയുടെ അടിസ്ഥാനം സംസ്‌കൃതത്തിലാണെന്നതിനാല്‍ ഇപ്പോള്‍ യോഗ ലോകവ്യാപകമായി പ്രചാരം നേടുന്നതിന്റെ നേട്ടം സ്വന്തമാക്കാന്‍ സംസ്‌കൃതം വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കണം. രാഷ്ട്രീയ സംസ്‌കൃത സന്‍സ്ഥാന്‍ ബിരുദദാനച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.
സാധാരണക്കാരുടെ ഭാഷയായി സംസ്‌കൃതം മാറണമെങ്കില്‍ അതു പഠിപ്പിക്കാന്‍ ലളിതമായ രീതി അവലംബിക്കേണ്ടതുണ്ട്. ഭാഷയ്ക്കു കോട്ടംതട്ടാത്ത രീതിയില്‍ വേണം ഇത് ആസൂത്രണം ചെയ്യാന്‍. കാലഘട്ടത്തിന് അനുയോജ്യമാംവിധം വേണം പഠനപദ്ധതി രൂപപ്പെടുത്താന്‍. ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തണം. ഇത്തരം കാര്യങ്ങള്‍ക്കുതകുംവിധം പാഠ്യപദ്ധതി നവീകരിക്കുകയും ചെയ്യണം.
സംസ്‌കൃതം പ്രചരിപ്പിക്കാനുള്ള അടുത്ത പത്തു വര്‍ഷത്തേക്കുള്ള പദ്ധതി വിശദീകരിക്കവേ സ്‌കൂളുകളിലും സര്‍വകലാശാലകളിലും സംസ്‌കൃതപഠന വകുപ്പുകളിലും കാലത്തിനൊത്തു പുതുക്കി ഭാഷയെ പുനരവതരിപ്പിക്കാന്‍ സാധിക്കണമെന്നു സ്മൃതി ഇറാനി പറഞ്ഞു. സ്‌കൂള്‍തലം മുതല്‍ മേലോട്ടുള്ള വിദ്യാര്‍ഥികള്‍ക്കു സംസ്‌കൃതം രസകരമാക്കിത്തീര്‍ക്കാന്‍ സാധിക്കുന്ന അധ്യാപകരെ സൃഷ്ടിക്കലാണ് ആദ്യകടമ്പ. അധ്യാപനത്തിനും പഠനത്തിനുമപ്പുറത്തേക്കു ചിന്തിക്കാന്‍ ഭാഷാപണ്ഡിതര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സാധിക്കണം. എന്തൊക്കെ തൊഴില്‍സാധ്യതകളുണ്ടെന്നു പരിശോധിക്കണം- അവര്‍ അഭ്യര്‍ഥിച്ചു.
.

Back to Top