Sanathanam

ഫെയ്‌സ്ബുക്ക് കുതിച്ചുയര്‍ന്നത് താന്‍ ക്ഷേത്രദര്‍ശനം നടത്തിയശേഷമെന്നു സ്ഥാപകന്‍

വാഷിംങ്ടണ്‍: വര്‍ഷങ്ങള്‍ക്കു മുമ്പ് ഫെയ്‌സ്ബുക്ക് ഉദ്ദേശിച്ച രീതിയില്‍ വികസിക്കാത്തതില്‍ നിരാശ തോന്നിയിരുന്നുവെന്നും ഭാരതത്തിലെത്തി ക്ഷേത്രദര്‍ശനം നടത്തിയശേഷമാണു ഫെയ്‌സ്ബുക്കിനു കുതിപ്പുണ്ടായതെന്നും സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ആപ്പിള്‍ കമ്പനി സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിനും ഇതേ അനുഭവമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ സക്കര്‍ബര്‍ഗ് വ്യക്തമാക്കി. തന്റെ കമ്പനിയുടെ ചരിത്രത്തില്‍ ഭാരതത്തിനു നിര്‍ണായക ഇടമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. 
പോയകാല സംഭവങ്ങള്‍ സക്കര്‍ബര്‍ഗ് ഓര്‍ത്തെടുത്തത് ഇങ്ങനെ: വര്‍ഷങ്ങള്‍ക്കു മുന്‍പ് ഫെയ്‌സ്ബുക്ക് എന്ന ആശയവുമായി മുന്നിട്ടിറങ്ങിയെങ്കിലും കാര്യങ്ങള്‍ പ്രതീക്ഷിച്ചതുപോലെ മുന്നോട്ടുപോയില്ല. നിരാശ ബാധിച്ച ഘട്ടത്തില്‍ ആപ്പിള്‍ സി.ഇ.ഒ. സ്റ്റീവ് ജോബ്‌സിനെ സന്ദര്‍ശിച്ച് ഉപദേശം തേടി. ഫെയ്‌സ്ബുക്ക് എന്ന പദ്ധതി രൂപപ്പെട്ട സമയത്ത് എന്തു ദൗത്യം നിറവേറ്റാനാണോ അതുകൊണ്ട് ഉദ്ദേശിച്ചത് അതില്‍ ഉറച്ചുനില്‍ക്കാന്‍ സാധിക്കണമെങ്കില്‍ ഭാരതത്തിലെ ഒരു ക്ഷേത്രം സന്ദര്‍ശിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു. ആപ്പിള്‍ കമ്പനിയെക്കുറിച്ചു ചിന്തിച്ചുതുടങ്ങിയ പ്രാരംഭഘട്ടത്തില്‍ സ്റ്റീവ് ജോബ്‌സ് സന്ദര്‍ശിച്ചിട്ടുള്ള ക്ഷേത്രമാണിത്. 
ഉപദേശം ലഭിച്ചതോടെ സക്കര്‍ബര്‍ഗ് ഭാരതത്തിലെത്തി. ഒരു മാസത്തോളം ഭാരതത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഇവിടെ ജനങ്ങള്‍ തമ്മിലുള്ള അടുത്ത ബന്ധം തന്റെ ചിന്തകളെ സ്വാധീനിച്ചുവെന്നും ഓരോ മനുഷ്യനും പരസ്പരബന്ധം സ്ഥാപിക്കാനുള്ള കഴിവുണ്ടെങ്കില്‍ ഈ ലോകം കുറേക്കൂടി സുന്ദരമാകുമെന്നു തോന്നിയെന്നും സക്കര്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തു. 
'ഞങ്ങള്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യത്തിന്റെ പ്രാധാന്യം എത്രയെന്നത് ചിന്തകളില്‍ ഊട്ടിയുറപ്പിക്കാന്‍ ഈ യാത്ര സഹായകമായി. ഇതു താന്‍ ജീവിതത്തില്‍ മറക്കില്ല'- അദ്ദേഹം പറഞ്ഞു. 
തുടര്‍ന്നും, ഫെയ്‌സ്ബുക്കിനെ വളര്‍ത്തിയെടുക്കുന്നതില്‍ വെല്ലുവിളികള്‍ ഏറെയുണ്ടായിരുന്നെങ്കിലും സക്കര്‍ബര്‍ഗ് സധൈര്യം മുന്നോട്ടുനീങ്ങി. ഇടയ്ക്കു കമ്പനി ഏറ്റെടുക്കാന്‍ ചിലര്‍ സന്നദ്ധത കാട്ടിയെങ്കിലും കൈമാറാന്‍ തയ്യാറായില്ല. വര്‍ഷങ്ങള്‍ക്കുശേഷം ഭാരതത്തില്‍ ഉള്‍പ്പെടെ ഇന്റര്‍നെറ്റില്‍ എത്തുന്നവര്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്ന സൈറ്റായി ഫെയ്‌സ്ബുക്ക് മാറിയതില്‍ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. 
സക്കര്‍ബര്‍ഗിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് അദ്ദേഹവും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്റര്‍നെറ്റിന്റെ പ്രസക്തിയെക്കുറിച്ചു സംസാരിച്ചു. ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ സാമൂഹികമാധ്യമങ്ങള്‍ക്കുള്ള സ്ഥാനം വളരെയേറെയാണെന്നു നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. ഓരോ ഭാരതീയനും ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഉയര്‍ത്തിക്കാട്ടി.
 
.

Back to Top