യു.പിയില്‍ സന്ന്യാസിമാര്‍ ഉള്‍പ്പെടുന്ന സംഘത്തെ പൊലീസ് തല്ലിച്ചതച്ചു; വീഡിയോ പ്രചരിക്കുന്നു
September 27 2015
ലഖ്നൗ: ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ഗണേശവിഗ്രഹ നിമജ്ജനത്തിനെത്തിയ സന്ന്യാസിമാരടങ്ങുന്ന സംഘത്തെ പൊലീസ് മര്‍ദിച്ചവശരാക്കി. പലരുടെയും പരുക്ക് ഗുരുതരമാണ്. ഇവര്‍ക്കു യഥാസമയം ചികില്‍സ നല്കാന് പോലും അധികൃതര്‍ തയ്യാറായില്ലെന്നു പരാതിയുണ്ട്.
വിശ്വാസികളെ പൊലീസ് ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെയാണു ബാഹ്യലോകം സംഭവമറിഞ്ഞത്. സീ ന്യൂസ് ഉള്‍പ്പെടെ ഏതാനും ടിവി ചാനലുകള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തു. സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് വീഡിയോ. അതേസമയം, മുഖ്യധാരാ ദൃശ്യമാധ്യമങ്ങള്‍ മിക്കതും സംഭവം കണ്ടില്ലെന്നു നടിച്ചു. പ്രമുഖ പത്രങ്ങളും സംഭവം അര്‍ഹിക്കുന്ന ഗൗരവത്തോടെ റിപ്പോര്‍ട്ട് ചെയ്തില്ല.
ഒരുകൂട്ടം പൊലീസുകാര്‍ ലാത്തിയുമായെത്തി, നിസ്സഹായമായ ആള്‍ക്കൂട്ടത്തെ മര്‍ദിക്കുന്നതാണു വീഡിയോയില്‍ കാണുന്നത്. മര്‍ദനത്തെ പ്രതിരോധിക്കാനോ ചെറുത്തുനില്‍ക്കാനോ വിശ്വാസികള്‍ ശ്രമിക്കാതിരുന്നിട്ടും പൊലീസ് വിട്ടുവീഴ്ചയ്ക്കു തയ്യാറായില്ലെന്നതു ശ്രദ്ധേയമാണ്. വിഗ്രഹനിമജ്ജനത്തിനെത്തിയ എല്ലാവരെയും ഏകപക്ഷീയമായി ക്രൂരമായി മര്‍ദിക്കുകയാണ്. സന്ന്യാസിമാരെയും പൊലീസ് വെറുതേ വിട്ടില്ല. ഞങ്ങളെ കൊന്നേക്കൂ എന്നു പ്രതികരിച്ച മുതിര്‍ന്ന ഒരു സന്ന്യാസിയെ ഏതാനും പൊലീസുകാര്‍ പിടിച്ചുതള്ളുകയും ലാത്തി കൊണ്ടടിക്കുകയും ചെയ്തു. വിശ്വാസികള്‍ ചുറ്റും മനുഷ്യമതില്‍ തീര്‍ത്താണ് അദ്ദേഹത്തെ രക്ഷിച്ചത്. ചിലരെ പൊലീസ് വലിച്ചിഴയ്ക്കുന്നതും വീഡിയോയിലുണ്ട്. എത്രയോ പേര്‍ക്കു ഗുരുതരമായി പരുക്കേറ്റു. തല പൊട്ടിയും മറ്റും ഏതാനും പേര് വഴിയില്‍ കിടക്കുന്നതും കാണാം. ഇവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും പൊലീസ് തയ്യാറാകുന്നതുമില്ല.