Sanathanam

വൈകിയോടുന്ന വണ്ടി

കെ.പി.ശശിധരന്‍

മാധ്യമരംഗത്തെ ഹിന്ദുദേശീയതയുടെ നിര്‍ജ്ജീവതയെ ആത്മവിമര്‍ശനാത്മകമായി പരിശോധിക്കുകയാണ് ലേഖകന്‍. ശാരീരിക്കും ബൗദ്ധിക്കും പോലെ ഒരു മാധ്യമിക്കും ഹിന്ദുത്വസംഘടനകള്‍ക്കിടയില്‍ ആവശ്യമാണെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് അദ്ദേഹം. കോളജ് അധ്യാപകനായിരുന്ന കെ.പി.ശശിധരന്‍ അറിയപ്പെടുന്ന കലാസാഹിത്യ നിരൂപകനും രാഷ്ട്രീയ നിരീക്ഷകനും മാധ്യമ വിമര്‍ശകനുമാണ്. തപസ്യ കലാസാഹിത്യ വേദിയുടെ മുഖപത്രമായ 'വാര്‍ത്തിക 'ത്തിന്റെ പത്രാധിപരായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേരളത്തിന്റെ ചുവരില്‍  'ഇന്ത്യന്‍ ഇങ്ക്' കൊണ്ട് ലോകത്തിന്റെ ഭൂപടമാണ് ഒ.വി.വിജയന്‍ വരച്ചുവച്ചത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇത്രയും വിശാലമായ ഒരു കാന്‍വാസ് ആരിലും അസൂയ ജനിപ്പിക്കും. ഈ മനുഷ്യന്‍ ഭീരുവും രോഗിയും സന്ദേഹിയും ദുര്‍ബലനുമായിരുന്നു. സാംസ്‌കാരിക മേഖലയിലെ മേഘ ഗര്‍ജ്ജനങ്ങളും സാഗരക്ഷോഭങ്ങളും കതകടച്ച് മൗനപ്രാര്‍ത്ഥനയിലേക്ക് മടങ്ങിയ അടിയന്തിരാവസ്ഥാ രാവുകളില്‍ വിജയന്‍ കാതോര്‍ത്തു കിടന്നു. കലയുടെ വ്യംഗ്യം മനസ്സിലാവാത്ത സെന്‍സര്‍ വകുപ്പുദ്യോഗസ്ഥന്മാരെക്കുറിച്ചുള്ള പാമരസ്മരണയ്ക്കു മുന്നില്‍ ദണ്ഡനമസ്‌കാരമര്‍പ്പിക്കുക. മറിച്ചായിരുന്നുവെങ്കില്‍ ഇന്ദിരാഗാന്ധിയുടെ തടവറയ്ക്കുള്ളിലാകുമായിരുന്നു ഈ സാഹിത്യകാരന്റെ അന്ത്യം.
തുറന്ന മനസ്സോടെയുള്ള സത്യാന്വേഷണമായിരുന്നു വിജയന്റേത്. യാത്രയ്ക്കിടയില്‍ ചിലപ്പോള്‍ വഴിപിഴയ്ക്കുകയോ നിഗമനങ്ങള്‍ അസ്ഥാനത്താവുകയോ ചെയ്തിരിക്കാം. പക്ഷേ സത്യാന്വേഷണത്തിന്റെ ആത്മാര്‍ത്ഥതയെ അത് ഒട്ടും ബാധിച്ചില്ല. പതുക്കെപ്പതുക്കെ അദ്ദേഹം ഹൈന്ദവ സനാതനത്തിന്റെ തീരപ്രദേശങ്ങളില്‍ എത്തിപ്പെട്ടതോടെ സെക്കുലര്‍ കേരളത്തിന്റെ എട്ടു ദിക്കില്‍ നിന്നും 'ചവിട്ടുനാടകവും' ചെരുപ്പേറും തുടങ്ങി. പള്ളിമേടയിലിരുന്ന് സക്കറിയമാരും പാര്‍ട്ടിമേളയിലിരുന്ന് സഖാക്കന്മാരും കല്ലും കളവു പെറുക്കിയെറിഞ്ഞു. ചാത്തനേറിന്റെ സമാപന യോഗത്തില്‍, കറതീര്‍ന്ന ഹിന്ദുത്വവാദിയാണ് ഒ.വി.വിജയന്‍ എന്ന് നമ്മുടെ പുരോഗമന കേരളം വിധിയെഴുതി.
തീയും നുണയും കുറച്ചു മതി എന്നാണ് പഴമൊഴി. ഇടതുപക്ഷ കേരളത്തില്‍ തീയേക്കാള്‍ വ്യാപനശേഷി നുണയ്ക്കു തന്നെ. തന്നോട് വ്യക്തിപരമായി സൗഹാര്‍ദ്ദം വച്ചുപുലര്‍ത്തിയിരുന്ന ചുരുക്കം ചില ഹിന്ദു ദേശീയവാദികളെക്കുറിച്ച് വിജയന്‍ ലേഖനങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ സ്വന്തം ഭാഷയില്‍ രണ്ട് ഉദാഹരണങ്ങള്‍ മാത്രം ഉദ്ധരിക്കട്ടെ. '1983 ലെ ദല്‍ഹി മെട്രോപൊളിറ്റന്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലേക്ക് എന്റെ ഓര്‍മ്മ മടങ്ങുന്നു. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടുകൊണ്ടിരുന്നപ്പോള്‍ വിരുന്നുമുറിയില്‍ എന്റെ ബാല്യകാല സുഹൃത്തായ ഒ.രാജഗോപാലന്‍ ഉണ്ടായിരുന്നു. ബി.ജെ.പിയുടെ തഴക്കമുള്ള നേതാക്കന്മാര്‍ ഒന്നൊന്നായി തോറ്റുവീഴുകയായിരുന്നു. 'മൃഗീയ ഭൂരിപക്ഷം' ജനാധിപത്യത്തിന് നന്നല്ലെന്ന വിശ്വാസമുള്ള ഞാന്‍ കോണ്‍ഗ്രസ്സിന്റെ ഈ തള്ളിക്കയറ്റത്തില്‍ ആശങ്ക പൂണ്ടു.......''നിങ്ങളുടെ കക്ഷിക്കാര്‍ തോറ്റുപോകുന്നു.'' ഞാന്‍ രാജഗോപാലനോട് പറഞ്ഞു.
'അതെ' രാജഗോപാലന്‍ ക്ഷോഭമില്ലാതെ മറുപടി പറഞ്ഞു: 'തോറ്റുപോകുന്നു'.
'ഒരു ചിത്രകാരന്‍ എന്ന നിലയില്‍ മനുഷ്യമുഖങ്ങളുടെ സാമുദ്രിക പഠനത്തില്‍ ഉള്ള താല്പര്യമാവാം; രാജന്റെ മുഖത്ത് സംതൃപ്തി നിഴലിച്ചുവോ എന്ന് ഞാന്‍ ശങ്കിച്ചു പോയി... വര്‍ഷങ്ങള്‍ക്കു മുമ്പ് എന്റ അതിഥിയായി വീട്ടില്‍ അന്തിയുറങ്ങി യാത്ര തിരിക്കുന്ന രാജഗോപാലനോട് ചോദിച്ചതോര്‍ക്കുന്നു:'ജനസംഘത്തിന്റ വിഭാഗീയ രാഷ്ട്രീയം അവിടെ എത്തും? നിങ്ങള്‍ക്ക് സമകാലികമായ ഒരു സാമ്പത്തിക വീക്ഷണമില്ല. ഇന്ത്യയുടെ ഭാഷാപരവൂം പ്രാന്തീയവുമായ വൈരുദ്ധ്യങ്ങള്‍ക്ക് ജനാധിപത്യപരമായ ഒരു പ്രതിവിധി നിങ്ങള്‍ക്കില്ല.'
'അഖില ഭാരതതലത്തില്‍ ഞങ്ങള്‍ സ്വീകരിക്കപ്പെടും' അദ്ദേഹം പറഞ്ഞു
'എങ്ങനെ?'
എന്റെ സുഹൃത്ത് എന്റെ മൗഢ്യത്തില്‍ അനുകമ്പ പൂണ്ട് കാരുണ്യപൂര്‍വ്വം ചിരിച്ചു. അയാള്‍ പറഞ്ഞു: 'സിന്ധുഗംഗാതടത്തില്‍ പിറവിയെടുത്ത ഏതു പ്രസ്ഥാനവും വിജയിച്ചേ തീരൂ.'
വികലമായ ഈ മിസ്റ്റിസിസത്തിന്റെ മുമ്പില്‍ ഞാന്‍ അമ്പരന്നു (ഹൈന്ദവനും അതിഹൈന്ദവനും).
രണ്ടാമത്തെ ഉദാഹരണം ഇപ്രകാരമാണ്. 'വിവിധങ്ങളായ വിചാരധാരകളെ പ്രതിനിധീകരിക്കുന്നവരായ സുഹൃത്തുക്കള്‍ എനിക്കുണ്ട്. ഹൈന്ദവ നവോത്ഥാന വാദികളും മാര്‍ക്‌സിസ്റ്റുകളും വിമോചന ദൈവശാസ്ത്രജ്ഞന്മാരും ഇസ്ലാമിക മൗലികവാദികളും ഇതില്‍പ്പെടും. ഇവരുടെയത്രയും ആത്മാര്‍ത്ഥത അംഗീകരിക്കുമ്പോഴാണ് മാനവചേതനയുടെ വൈവിദ്ധ്യവും വ്യാപ്തിയും നാം മനസ്സിലാക്കുന്നത്. ഈ സുഹൃദ്‌സഞ്ചയത്തില്‍പ്പെടുന്ന ഒരു വ്യക്തിയാണ് പ്രമുഖ രാഷ്ട്രീയ സ്വയംസേവകനായ ശ്രീമാന്‍.ആര്‍.ഹരി. ഹരിയേട്ടനും ഞാനും ഒന്നിച്ചിരുന്നു പലതിനെക്കുറിച്ചും നീണ്ട സംഭാഷണങ്ങള്‍ നടത്തിയ അപൂര്‍വ്വ സന്ദര്‍ഭങ്ങള്‍ ഞാന്‍ സന്തോഷത്തോടെ സ്മരിക്കുന്നു. ഞങ്ങള്‍ക്ക് ഹൃദ്യമായി വിയോജിക്കാന്‍ കഴിഞ്ഞു എന്നതാണ് ഈ സന്തോഷത്തിനുള്ള കാരണങ്ങളിലൊന്ന്. ഹരിയേട്ടന്‍ സദയം എനിക്ക് അയച്ചുതന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം 'ഇനി ഞാനുണരട്ടെ' എന്റെ മുമ്പിലിരിക്കുന്നു; സ്വച്ഛമായ പദധാര, ആത്മാര്‍ത്ഥമായ പ്രകാശനം.'
തുടര്‍ന്ന് ഹരിയേട്ടന്റെ പുസ്തകത്തിലെ, ഉദയംപേരൂര്‍ സുന്നഹദോസിനു ശേഷമുള്ള ശ്രീനാരായണ ധര്‍മ്മ പരിപാലന സംഘം, ശ്രീരാമകൃഷ്ണമിഷന്‍, ഹിന്ദുമഹാമണ്ഡലം മുതലായ ഹിന്ദുനവോത്ഥാന സംരഭ ചരിത്രം വിജയന്‍ സമൃദ്ധമായി ഉദ്ധരിക്കുന്നു എഴുത്തില്‍ വെളിപ്പെടുന്ന 'ആത്മാര്‍ത്ഥത'യെയും 'തീവ്രത'യെയും മാനിച്ചുകൊണ്ടു തന്നെ വിജയന്‍ ഗ്രന്ഥകാരനോട് വിയോജിക്കുന്നു. തുടര്‍ന്ന് ചില ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നു. രാജസ്ഥാനിലെ നാഥ്ദ്വാര ക്ഷേത്രത്തില്‍ ഹരിജനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചപ്പോഴും മീനാക്ഷിപുരത്ത് അവര്‍ക്ക് ചെരിപ്പിട്ടു നടക്കാനുള്ള സ്വാതന്ത്ര്യം നിഷേധിച്ചപ്പോഴും സ്വയംസേവകരെ അവിടെയെങ്ങും കണ്ടില്ലെന്നും അവര്‍ അയ്യായിരം വര്‍ഷം താമസിച്ചുപോയി എന്നും അദ്ദേഹം വിലപിക്കുന്നു.
വിവേകാനന്ദ സ്വാമിയെക്കുറിച്ചും ഇങ്ങനെ പറയാം. അയ്യായിരം വര്‍ഷം വൈകി എത്തിയ സന്ന്യാസി എന്ന്. വിജയന്റെ സന്ദേഹങ്ങള്‍ക്ക് അക്കമിട്ട് പറയാന്‍ ഹിന്ദുത്വ പ്രസ്ഥാനങ്ങള്‍ക്ക് മറുപടിയുണ്ട്. മറുപടി കേള്‍പ്പിക്കാനുള്ള മാധ്യമങ്ങള്‍ മാത്രമാണ് ഇല്ലാതെ പോയത്.
രാജഗോപാലിനോട് പാലക്കാടന്‍ ഊഷ്മളതയേക്കാള്‍ വാത്സല്യമാണ് വിജയന് തോന്നിയിരുന്നതെന്ന് ആദ്യത്തെ ഉദാഹരണം തെളിയിക്കുന്നു. നിര്‍വ്യാജമായ ഈ ഓര്‍മ്മക്കുറിപ്പില്‍ സ്വന്തം രാഷ്ട്രീയ കാഴ്ചപ്പാട് വളവും തിരിവുമില്ലാതെ വിജയന്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ രണ്ടിടങ്ങളില്‍ അദ്ദേഹത്തിന്റെ സന്ദേഹത്തേക്കാള്‍ രാജഗോപാലിന്റെ ആത്മവിശ്വാസമാണ് വിജയിച്ചത്. 'അഖില ഭാരത തലത്തില്‍ ഞങ്ങള്‍ അംഗീകരിക്കപ്പെടും' എന്ന ദൃഢവിശ്വാസം സഫലമായത് കാണാന്‍ വിജയന് കഴിഞ്ഞില്ല. 'തോറ്റുപോകുന്നു' എന്ന് പറയുമ്പോള്‍ രാജഗോപാലിന്റെ മുഖത്ത് നിഴലിച്ചത് സംതൃപ്തിയാണോ എന്ന സംശയത്തിന് മറുപടി പാര്‍ട്ടി ജയിച്ചപ്പോഴും മന്ത്രിയായപ്പോഴും അദ്ദേഹത്തിന്റെ മുഖത്തെ സാമുദ്രികം എപ്രകാരമായിരുന്നു എന്ന് അന്വേഷിക്കലാണ്.
ഹിന്ദുത്വ ആശയ വിനിമയത്തിന്റെ പരിമിതിയും ദൗര്‍ബല്യവും ചൂണ്ടിക്കാണിക്കാന്‍ വേണ്ടിയാണ് ഇത്രയും നീണ്ട ഒരാമുഖം എഴുതിയത്. വിജയന്‍ എന്ന എഴുത്തുകാരന്‍, മേല്പറഞ്ഞ വാമൊഴി സമ്പര്‍ക്കങ്ങളുടെ അപവാദം ഒഴിച്ചുനിര്‍ത്തിയാല്‍ ഹിന്ദുത്വത്തെ വായിച്ചത് അതിന്റെ പ്രതിയോഗികളുടെ പ്രചാരവേലാമാധ്യമങ്ങളിലൂടെയാണെന്ന വസ്തുത വിസ്തരിക്കേണ്ടതില്ലല്ലോ. ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരും ക്രിസ്ത്യന്‍ മിഷനറിമാരും ചമച്ച രേഖകളുടെ അടിസ്ഥാനത്തില്‍ ഹിന്ദുധര്‍മ്മത്തെ വ്യാഖ്യാനിച്ചവരുടെ ഗതികേടിന് തുല്യം എന്ന് ഇതിനെ വിശേഷിപ്പിക്കാം. വിജയന്റെ മാത്രം അനുഭവമല്ല ഇത്. എഴുത്തിന്റെയും വായനയുടെയും ഗവേഷണത്തിന്റെയും ആശയവിനിമയത്തിന്റെയും ബുദ്ധിപരമായ തലങ്ങളിലേക്ക് ഒരു നടപ്പാലം പണിയാന്‍ ഹിന്ദു ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞില്ല. അതു കേരളത്തില്‍ മാത്രമല്ല, ഭാരതത്തിലുടനീളം. ചരിത്രമോ സാമൂഹ്യശാസ്ത്രമോ സാമ്പത്തികശാസ്ത്രമോ സാഹിത്യമോ പത്രമോ ചലച്ചിത്രമോ എന്തുമാകട്ടെ; ഇടതു ചട്ടവും ചിട്ടയും ഉണ്മ, ഹൈന്ദവം തിന്മ എന്ന അച്ചുകുത്തിയ പ്രചാരവേല ശാസന രൂപമാര്‍ജ്ജിച്ചു. ആശയവിനിമയത്തിന്റെ ശാസ്ത്രീയവും സാങ്കേതികവും കലാപരവുമായ എല്ലാ ഇടങ്ങളും ഇടതുപക്ഷങ്ങളോ സംഘടിത മതങ്ങളോ കയ്യടക്കി. കൊയ്ത്തുപാടത്ത് അവശേഷിച്ച ഉതിര്‍മണി കൊണ്ട് ഹിന്ദു തൃപ്തിപ്പെട്ടു. ഇപ്പോഴും ഇതല്ലേ, അവസ്ഥ? അഹോരാത്രം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നന്ന ചാനലുകളില്‍ നൂറ് നുണനാവുകള്‍ ഒരുമിച്ച് ചിലയ്ക്കുമ്പോള്‍ വാര്‍ത്തയുടെ വാസ്തവം വെളിപ്പെടുത്താന്‍ ദേശീയ പക്ഷത്ത് എത്ര പത്രക്കാരുണ്ടായിരുന്നു. ബിര്‍ള, സനാതന ഹിന്ദു മുതലാളിയാണ്. അദ്ദേഹത്തിന്റെ പത്രം (ഹിന്ദുസ്ഥാന്‍ ടൈംസ്) ഹിന്ദുവിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഒരവസരവും പാഴാക്കാറില്ല എന്നു മാത്രം. അധികാരവും പണവും പദവിയും തീറ്റിപ്പോറ്റുന്ന പത്രങ്ങളും ചാനലുകളും നിഷ്പക്ഷമോ നീതിയുക്തമോ ആയ വാര്‍ത്ത നല്‍കുമെന്ന് ധരിച്ചു പോയവരെക്കുറിച്ച് സഹതപിക്കുകയേ നിവൃത്തിയുള്ളൂ. വീട്ടില്‍ ചോറുള്ളവനേ വിരുന്നു ചോറുള്ളൂ.
ശരിയാണ്, ഹിന്ദു ദേശീയവാദികള്‍ ശ്രമിക്കാതിരുന്നിട്ടില്ല. 1948ലാണ് ഭാരതത്തിലെ പ്രധാന ഭാഷകളെ കൂട്ടിയിണക്കിക്കൊണ്ട്  'ഹിന്ദുസ്ഥാന്‍ സമാചാര്‍' എന്ന ന്യൂസ് ഏജന്‍സി ആരംഭിക്കുന്നത്. ദീര്‍ഘവീക്ഷണത്തോടെയുള്ള ആ കാല്‍വെപ്പ് പക്ഷേ, പച്ചപിടിച്ചില്ല. അടിയന്തിരാവസ്ഥയില്‍ ഇന്ദിരാഗാന്ധി അതിനെ 'സമാചാറി'ല്‍ ലയിപ്പിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം അത് പഴയ പേരില്‍ പുനര്‍ജനിച്ചു. ഇപ്പോഴും അരങ്ങിലുണ്ടു താനും. 67 വര്‍ഷത്തിനു ശേഷം 'ഹിന്ദുസ്ഥാന്‍ ഗ്രോത്ത് റേറ്റ്' എത്രയുണ്ട് എന്ന് ചോദിക്കരുത്. വാര്‍ത്താമാധ്യമത്തിന്റെ ആധാരശില മുന്തിയ പത്രപ്രവര്‍ത്തകരോ ലേഖകരോ പരസ്യ ക്കമ്പനിക്കാരോ ഏജന്റുമാരോ അല്ല. വാര്‍ത്ത ശ്വസിക്കുന്ന വായനക്കാരാണ്. നമ്മുടെ മാധ്യമങ്ങളില നെല്ലും പതിരും ചതിക്കുഴിയും സ്ഥാപിത താല്പര്യവും മനസ്സിലാക്കാന്‍ കഴിയുന്ന, വരികളേക്കാള്‍ വരികള്‍ക്കിടയില്‍ കണ്ണ് പതിപ്പിക്കുന്ന പാകംവന്ന വായനക്കാരനാണ് പത്രത്തിന്റെ  'പരമാത്മാവ്'. വരിസംഖ്യാ വ്യായാമം മാധ്യമ വിദ്യാഭ്യാസംകൊണ്ട് സിദ്ധിക്കുന്ന സംസ്‌കാരത്തിന് പകരം നില്‍ക്കില്ല. ഹിന്ദു ദേശീയതയുടെ മാധ്യമബലം നിര്‍ജ്ജീവമായതു തിരിച്ചറിഞ്ഞും മുഖ്യധാരാ മാധ്യമങ്ങള്‍ ഹിന്ദുത്വത്തെ വായില്‍ തുണി തിരുകി തൂണില്‍ കെട്ടി അടിക്കുന്നതു കണ്ട് സഹികെട്ടുമാവണം ആയിരക്കണക്കിന് 'ഒറ്റയാന്‍' ഹിന്ദുക്കള്‍ സോഷ്യല്‍ മീഡിയയിലേക്ക് ചേക്കേറിയിരിക്കുന്നത്. അവരെ പേടിച്ച് മാത്രമേ സോഷ്യല്‍ മീഡിയയില്‍ ഇന്ന് ആര്‍ക്കും വഴിനടക്കാന്‍ കഴിയുകയുള്ളൂ.
കാലാളും കവചിത വാഹനങ്ങളും മാത്രമല്ല ഒരു സൈന്യത്തിന്റെ വിജയത്തെ നിര്‍ണ്ണയിക്കുന്നത്. കമ്മ്യൂണിക്കേഷന്‍ വിംങ് നിര്‍ജ്ജീവമായാല്‍ മറ്റെല്ലാം പ്രവര്‍ത്തനരഹിതമാവും. ഹിന്ദുക്കളുടെ ആശയവിനിമയശാഖ (ഹിന്ദുത്വമല്ല) അയ്യായിരം വര്‍ഷം വൈകി ഓടിക്കൊണ്ടിരിക്കുന്നു എന്ന പരിഹാസം ഒഴിവാക്കാനുള്ള അവസരമാണിത്.
.

Back to Top