Sanathanam

ഹിന്ദുരാഷ്ട്രമല്ല; നേപ്പാള്‍ മതേതര രാഷ്ട്രം

കാഠ്മണ്ഡു: നേപ്പാളിനെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന നിര്‍ദേശം ഭരണഘടനാ സഭ തള്ളി. ഭൂരിപക്ഷം പൗരന്‍മാരും ഹിന്ദുക്കളാണെങ്കിലും രാജ്യം മതേതര രാഷ്ട്രമായി തുടരും. ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കേണ്ടതില്ലെന്ന തീരുമാനം പുറത്തുവന്നതോടെ പ്രതിഷേധം വ്യാപകമായി. ചിലയിടങ്ങളില്‍ അക്രമസംഭവങ്ങളും അരങ്ങേറുന്നുണ്ട്.
ഹൈന്ദവനിലപാടുമായി നിലകൊള്ളുന്ന നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് നേപ്പാളിനെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. നേരത്തേ ഹിന്ദുരാഷ്ട്രമായിരുന്ന നേപ്പാള്‍, 2007ലാണു മതേതര രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടത്. രാജഭരണം അവസാനിപ്പിക്കാനുള്ള സമരം വിജയിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്.
എന്നാല്‍, ഹിന്ദുരാഷ്ട്രമായിത്തന്നെ നേപ്പാളിനെ നിലനിര്‍ത്തണമെന്ന ആവശ്യം വീണ്ടും ഉയര്‍ന്നുവന്നു. തുടര്‍ന്ന്, ഈ വര്‍ഷം ജൂലൈയില്‍ ഇക്കാര്യത്തില്‍ പൊതു അഭിപ്രായം തേടി. ഭൂരിഭാഗം പൗരന്‍മാരും ആവശ്യപ്പെട്ടത് ഹിന്ദുരാഷ്ടമെന്നോ മതസ്വാതന്ത്ര്യമുള്ള രാഷ്ട്രമെന്നോ നേപ്പാളിനെ നിര്‍വചിക്കണമെന്നായിരുന്നു. മതേതരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയര്‍ന്നതേയില്ല. അടുത്ത ഘട്ടമെന്ന നിലയിലാണ് ഭരണഘടനാ സഭയുടെ തീരുമാനത്തിനു വിട്ടത്.
ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കേണ്ടതില്ലെന്ന തീരുമാനം പുറത്തുവന്നത് അസ്വസ്ഥതകള്‍ക്കു കാരണമായിട്ടുണ്ട്. തലസ്ഥാനത്തിനടുത്ത് ന്യൂ ബനേശ്വറില്‍ പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഏറ്റുമുട്ടി. ഭരണഘടനാസഭയുടെ ആസ്ഥാനത്തിനു ചുറ്റുമുള്ള നിരോധിതമേഖലയിലേക്കു പ്രതിഷേധക്കാര്‍ ഇരമ്പിയടുത്തതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ തടയുകയായിരുന്നു. തുടര്‍ന്നാണു സംഘര്‍ഷമുണ്ടായത്. ഐക്യരാഷ്ട്രസഭയുടേതുള്‍പ്പെടെ ചില വാഹനങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായി.
.

Back to Top