Sanathanam

അയ്യായിരം വര്‍ഷത്തിനിടെ ആര്‍ഷജ്ഞാനം ലോകം കീഴടക്കുന്നത് ഇതു മൂന്നാം തവണ

ആധുനിക ലോകചരിത്രത്തില്‍ ഇതു മൂന്നാം തവണയാണ് ആര്‍ഷജ്ഞാനം ഭാരതത്തിന്റെ അതിരുകള്‍ ഭേദിച്ച് ആഗോളസംസ്‌കൃതിക്കു മേല്‍ കൈമുദ്ര പതിപ്പിക്കുന്നതെന്ന് വേദിക് അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് സ്ഥാപകന്‍ ജെഫ്രി ആംസ്‌ട്രോംങ്. ഭഗവദ്ഗീതയുടെയും ആയുര്‍വേദത്തിന്റെയും യോഗയുടെയും പ്രശസ്ത അധ്യാപകനാണ് അദ്ദേഹം.
ന്യൂസ്ഗ്രാംഡോട്ട്‌കോമിന് അനുവദിച്ച മുഖാമുഖത്തിലാണ് സംസ്‌കൃതത്തെയും ആര്‍ഷജ്ഞാനത്തെയുംകുറിച്ച് അദ്ദേഹം വിശദീകരിച്ചത്.
ആഗോളതലത്തില്‍ സംസ്‌കാരവും ജ്ഞാനവും ഭാഷകളും പ്രചരിക്കുന്നതെങ്ങനെയെന്നതിനെക്കുറിച്ച് നമുക്കറിയില്ലെന്നേ ഉള്ളൂ. മറ്റു സംസ്‌കാരങ്ങള്‍ക്കുമേല്‍ അധിനിവേശം നടത്തിയവരും മൂന്ന് അബ്രഹാമിക് മതങ്ങള്‍ സ്ഥാപിച്ചവരും അവര്‍ എവിടെനിന്നാണ് അറിവും ആചാരങ്ങളും കടംകൊണ്ടതെന്നു വ്യക്തമാക്കാന്‍ തയ്യാറായിട്ടില്ല. പക്ഷേ, നാം മനസ്സിലാക്കേണ്ടത് അയ്യായിരം വര്‍ഷത്തിനിടെ ഇതു മൂന്നാം തവണയാണ് ഒരു വന്‍ പ്രസ്ഥാനമായി യോഗജ്ഞാനം വളരുന്നതെന്നും ലോകത്തെത്തന്നെ പുനര്‍നിര്‍മിക്കുന്നതെന്നുമാണ്. ഇതില്‍ ആദ്യത്തേത് ബാബിലോണിയയില്‍ പേര്‍ഷ്യന്‍ സാമ്രാജ്യം നിലനിന്നിരുന്നപ്പോഴായിരുന്നു്. ബി.സി. 1500-700 കാലഘട്ടത്തിലാണിത്. അക്കാലത്തു ജീവിച്ചിരുന്ന പൈഥഗോറസിനെപ്പോലുള്ള ചിന്തകര്‍ യോഗയും വേദാന്ത തത്ത്വശാസ്ത്രവും പഠിച്ചവരായിരുന്നു. ക്രിസ്തുവിന്റെ കാലത്തും തൊട്ടുമുന്‍പും പിന്‍പുമായിരുന്നു പിന്നീട്. ആ കാലഘട്ടത്തില്‍ ഭാരതത്തില്‍നിന്നു റോമിലേക്കും തിരിച്ചും പ്രതിവര്‍ഷം നൂറ്റന്‍പതോളം കപ്പലുകള്‍ വന്നും പോയും കൊണ്ടിരിക്കുമായിരുന്നുവെന്നതു ചരിത്രവസ്തുതയാണ്. ഇരു സംസ്‌കാരങ്ങളുടെയും ഉല്‍പന്നങ്ങള്‍ പരസ്പരം കൈമാറുന്നതിനായിരുന്നു ഈ കപ്പല്‍യാത്രകള്‍. ഭാഷയുടെയും സംസ്‌കാരത്തിന്റെയും കൊടുക്കല്‍വാങ്ങലുകള്‍ക്കൊപ്പം യോഗ റോമിലെത്താനും ഇതു വഴിവെച്ചു.
ഇത്തരത്തില്‍ കൈമാറ്റം നടന്നിട്ടുണ്ടെന്നുള്ളതിന് ഏറ്റവും വലിയ തെളിവാണ് ഫിനീഷ്യന്‍, അരമായിക്, ഗ്രീക്ക്, ലാറ്റിന്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ യൂറോപ്യന്‍ ഭാഷകളുടെയും അവസാനമായി ഇംഗ്ലീഷിന്റെയും മാതാവ് സംസ്‌കൃതമാണെന്നത്. ഇംഗ്ലീഷ് ഭാഷയെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെങ്കില്‍ ഓരോ വാക്കിന്റെയും പിറകില്‍ സംസ്‌കൃതം വാക്കുകള്‍ ഒളിഞ്ഞിരിക്കുന്നുവെന്നു കാണാന്‍ സാധിക്കും. വേരുകള്‍ ഒന്നുതന്നെയാണെന്നും പരസ്പരബന്ധത്തില്‍ അധിഷ്ഠിതമായിരുന്നു മാനവപുരോഗതിയെന്നും തിരിച്ചറിയാന്‍ പുരാതനകാലത്തെക്കുറിച്ചുള്ള നടത്തുന്ന പഠനങ്ങളെന്നപോലെ സഹായകമാണ് സംസ്‌കൃതഭാഷയും. സംസ്‌കൃതം എല്ലാവരുടെയും ഭാഷയാണെന്നും അതിനു പുനരുജ്ജീവനം നല്‍കുന്നതു പ്രകാശമാനമായ ഭാവി കെട്ടിപ്പടുക്കാന്‍ സഹായകമാകുമെന്നും ജെഫ്രി ആംസ്‌ട്രോംങ് പ്രത്യാശ പ്രകടിപ്പിച്ചു.
യേശുക്രിസ്തു തിരോധാനം ചെയ്തുവെന്നു വിശ്വസിക്കപ്പെടുന്ന സ്ഥലത്തിനു തൊട്ടടുത്തുണ്ടായിരുന്ന അലക്‌സാന്‍ഡ്രിയ സര്‍വകലാശാല അക്കാലത്തെ ആഗോള സംസ്‌കാരത്തിന്റെ കേന്ദ്രമായിരുന്നു. യോഗജ്ഞാനത്തെ കേന്ദ്രീകരിച്ചാണ് മൂന്ന് അബ്രഹാമിക് മതങ്ങളും രൂപവല്‍ക്കരിക്കപ്പെട്ടതെന്നതിനുള്ള കൃത്യമായ തെളിവാണിത്. മതം എന്നാല്‍ റെ-ലിഗെയര്‍ (re-ligare) അഥവാ, നിയമങ്ങളാല്‍ ബന്ധിക്കപ്പെട്ടതെന്നാണ്. മൂന്ന് അബ്രഹാമിക് മതങ്ങള്‍ക്കു മാത്രമേ ഈ നിര്‍വചനപ്രകാരം മതങ്ങള്‍ എന്ന സ്ഥാനത്തിന് അര്‍ഹതയുള്ളൂ. ബുദ്ധിസം ഉള്‍പ്പെടുന്ന വൈദികസംസ്‌കാരം അറിയപ്പെടുന്നത് ധര്‍മസംസ്‌കാരം എന്നാണ്. കേവലം ഒരു ഗ്രന്ഥത്താല്‍ നിര്‍ണയിക്കപ്പെടുന്നതല്ല ഇതിന്റെ രീതികള്‍. ശ്രീബുദ്ധന്‍ വൈദികസംസ്‌കാരത്തിന്റെ പരിഷ്‌കര്‍ത്താവായിരുന്നു. അല്ലാതെ മതസ്ഥാപകനല്ല. അതുതന്നെയാണ് ജൈനധര്‍മത്തിന്റെയും മഹാവീരന്റെയും സ്ഥിതിയും. അബ്രഹാമിക് മതക്കാരെ ഒരു ഗ്രന്ഥത്തിനു വിധേയരായി ജീവിക്കുന്നവര്‍ എന്നു വിവക്ഷിക്കാമെങ്കില്‍ വേദപാരമ്പര്യം പിന്‍പറ്റുന്നവരെ ഒരു ഗ്രന്ഥശാലയ്ക്കു വിധേയരായിക്കഴിയുന്നവരെന്നു വിലയിരുത്തേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
.

Back to Top