Sanathanam

മഹാബലിയെ ''തല്ലാന്‍'' വടി ചെത്തുമ്പോള്‍

സ്വന്തം ലേഖകന്‍

ആഘോഷങ്ങളെ തകര്‍ക്കുക എന്നതും ഒരു തരം തീവ്രവാദമാണ്. നിഷ്‌കളങ്കമനുഷ്യരുടെ ശരീരങ്ങള്‍ സ്‌ഫോടകവസ്തുക്കളാല്‍ ഛിന്നഭിന്നമാക്കുകയോ വന്‍ കെട്ടിടങ്ങളും താമസസമുച്ചയങ്ങളും ബോംബിട്ടു തകര്‍ക്കുകയോ ചെയ്യുന്നതുപോലെ ഗൗരവേറിയ ആക്രമണമാണ് ആഘോഷങ്ങളെ തകര്‍ക്കാനുള്ള ശ്രമവും. ഓരോ സംസ്‌കൃതിയുടെയും വേരുകള്‍ ആഴ്ന്നിറങ്ങിയിരിക്കുന്നത് ആഘോഷങ്ങൡലും ആചാരങ്ങളിലുമാണ്. ഈ തിരിച്ചറിവു തന്നെയാണ് ആഘോഷങ്ങള്‍ക്കു നേരെ ദുരുദ്ദേശ്യംവെച്ചു പടപ്പുറപ്പാടു നടത്തുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍.
ഓണത്തെ നന്മയുടെ ആഘോഷമായിക്കാണുന്ന മലയാളികള്‍ ഒത്തൊരുമിച്ച് ഓണം ആഘോഷിക്കുന്നു. അത്തപ്പത്തോണം കെങ്കേമമായി കൊണ്ടാടാന്‍ മുന്‍കാലത്തു മുന്നില്‍നിന്നിരുന്നത് ഹൈന്ദവസമുദായാംഗങ്ങളായിരുന്നെങ്കിലും കാലക്രമേണ കേരളത്തിന്റെ ദേശീയോല്‍സവമായിക്കണ്ട് ഓണം ജാതിമതഭേദമന്യേ ആഘോഷിച്ചുതുടങ്ങി.
എന്നാല്‍, കാര്യങ്ങളങ്ങനെ സുഖകരമായി പോകേണ്ടെന്ന ചിന്ത ചില കുബുദ്ധികളുടെ മനസ്സില്‍ പിറന്നുകഴിഞ്ഞോ എന്ന സംശയം ബലപ്പെടുത്തുന്ന സംഭവവികാസങ്ങളാണ് ഈ ഓണക്കാലത്തു നടന്നുവരുന്നത്.  ഏതാനും വര്‍ഷമായി കേട്ടുതുടങ്ങിയ മുരളലുകളെ ഗര്‍ജനമാക്കി മാറ്റിയെടുക്കാനുള്ള ശ്രമം അജ്ഞാതകേന്ദ്രത്തില്‍നിന്ന് ആരംഭിച്ചുകഴിഞ്ഞുവെന്ന ആശങ്കയ്ക്ക് ഇത് വഴിവെക്കുന്നുമുണ്ട്. ഇതിനു പ്രധാന ഉപകരണമാക്കുന്നതാകട്ടെ, നവമാധ്യമങ്ങളെയാണ്.
നന്മയുടെ സന്ദേശം പകരുന്ന, കള്ളപ്പറയും ചെറുനാഴിയുമില്ലാത്ത, കള്ളത്തരങ്ങളില്ലാത്ത, സമത്വസുന്ദരമായ കാലത്തിന്റെ ഓര്‍മകളുണര്‍ത്തുന്ന ഓണമല്ലാതെ, ജാതിമേല്‍ക്കോയ്മയുടെയും വര്‍ണവെറിയുടെയും മറ്റൊരു ഓണമുണ്ടെന്ന ചിന്തയുടെ വിത്തുകള്‍ വിതയ്ക്കുകയാണ് ഇപ്പോഴത്തെ നീക്കങ്ങള്‍ക്കു പിന്നിലെ ലക്ഷ്യമെന്നു വ്യക്തം.
ചരിത്രത്തില്‍ തൂങ്ങൂക എന്നൊരു തന്ത്രമുണ്ട്. കേരളത്തില്‍ ഇത് ഉപയോഗപ്പെടുത്താറ് ഇടതുപക്ഷമാണ്. ശീതീകരിക്കപ്പെട്ട മുറികളില്‍ തണുത്തുറഞ്ഞുകിടക്കുന്ന പ്രത്യയശാസ്ത്രങ്ങള്‍ വേണ്ടാച്ചരക്കായി കരുതുന്ന പുത്തന്‍കൂറ്റ് രാഷ്ട്രീവും തെരഞ്ഞെടുപ്പുകാലമാകുമ്പോള്‍ അധ്വാനവര്‍ഗത്തിന്റെ രണസ്മാരകങ്ങള്‍ തേടിപ്പോകുന്നത് ചരിത്രം വില്‍ക്കാന്‍ പറ്റുന്ന ഒന്നാണെന്നതു കൊണ്ടു മാത്രമാണെന്ന് ആര്‍ക്കും മനസ്സിലാകും.
വേണമെങ്കില്‍ ചരിത്രം വളച്ചൊടിച്ചും രാഷ്ട്രീയം വളര്‍ത്തുമെന്നുള്ള കാലഘട്ടമാണിതെന്നതിനാല്‍ ഓണത്തെക്കുറിച്ചുള്ള 'നവചിന്തകള്‍' ലളിതവും നിഷ്‌കളങ്കവുമെന്ന ഗണത്തില്‍ പെടുത്താവുന്നതല്ല. മഹാബലിയുമായി ബന്ധപ്പെട്ടുള്ളതാണ് ഓണത്തിന്റെ കഥ. മാവേലിയുടെ സമത്വസുന്ദരലോകത്തെ ഓര്‍ക്കാനുള്ള ആഘോഷം മാത്രമല്ല, കാര്‍ഷികോല്‍സവവും നാം ആശിക്കുന്ന നന്മയുടെ കാലത്തിന്റെ വരവിനെക്കുറിച്ചുള്ള സ്വപ്‌നവുമൊക്കെയാണ് ഓണം. പുഷ്പങ്ങളുടെ ഉല്‍സവംകൂടിയല്ലേ ഓണം? ഒരു രാജാവിനെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തുന്നതില്‍ പുഷ്പത്തിനെന്താണു സ്ഥാനമെന്ന ചോദ്യം ഒരാള്‍ ഉയര്‍ത്തിയാല്‍ അത് ആ വ്യക്തിയുടെ തോന്നല്‍ മാത്രമാണെന്ന വഴിക്കു വിടുകയാണോ അതോ അതിനു മറുപടി നല്‍കാന്‍ പൊതുസമൂഹം ബൗദ്ധികമായി യത്‌നിക്കുകയാണോ വേണ്ടത്? അവഗണിക്കപ്പെടേണ്ടുന്ന, ഒറ്റതിരിഞ്ഞുള്ള ശബ്ദങ്ങള്‍ എവിടെയും ഉയരാം. എന്നാല്‍, ഒന്നിലേറെപ്പേര്‍ ഒരു വിഷയത്തില്‍ ഒരേ നിലപാടു കൈക്കൊള്ളുന്നപക്ഷം അതിനെ ഗൗരവത്തോടെ സമീപിക്കാതെവയ്യ. ഇന്നത്തെ ചര്‍ച്ചകളാണല്ലോ നാളത്തെ തീരുമാനങ്ങളിലേക്കെത്തുക.  
നവമാധ്യമങ്ങളില്‍ പിറക്കുന്ന ചര്‍ച്ചകള്‍ പലതും വെറും 'ഷെയറു'കളാണ്. മറ്റൊരാളുടെ ഉല്‍പന്നം ഇതാ നിങ്ങള്‍ക്കു മുന്നില്‍ സമര്‍പ്പിക്കുന്നു, യുക്തിയനുസരിച്ച് കൊള്ളുകയോ തള്ളുകയോ ചെയ്യുക എന്ന സന്ദേശത്തോടെ കൈമാറപ്പെടുന്നവ. പക്ഷേ, ഒരാളില്‍നിന്നു പത്താളുകളിലേക്കും അവിടെനിന്നു നൂറു പേരിലേക്കും കൈമാറപ്പെടുന്ന ഒരു മായികരീതി നവമാധ്യമങ്ങള്‍ക്കുണ്ടെന്നതിനാല്‍ പ്രചരണം തീപടരുംവേഗത്തിലാണ്. ഷെയര്‍ ചെയ്തു ലഭിക്കുന്ന പോസ്റ്റുകളും മറ്റും പൂര്‍ണമായി വായിക്കുക എന്നത് ആരെ സംബന്ധിച്ചും പ്രാവര്‍ത്തികമല്ലാത്ത സ്ഥിതി സംജാതമായിക്കഴിഞ്ഞുവെന്നതും വസ്തുതയാണ്. എങ്കിലും, ഓരോരുത്തരും തനിക്കു മുന്നില്‍ വന്നുപെടുന്ന പോസ്റ്റുകളും വീഡിയോകളുമൊക്കെ എന്തിനെക്കുറിച്ചാണെന്നും ഉള്ളടക്കമെന്താണെന്നും ഓടിച്ചുനോക്കിയേ ഷെയര്‍ ചെയ്യൂ എന്നുറപ്പാണ്.
ഓണത്തെക്കുറിച്ചു സഹോദരന്‍ അയ്യപ്പന്‍ എഴുതിയ കവിതയിലെ പ്രചരിക്കാതെ പോയ വരികളിതാ എന്നുയര്‍ത്തിക്കാട്ടിയാണ് മഹാബലിയെ 'തല്ലാനും' അതുവഴി ഓണത്തെ തള്ളാനുമുള്ള പ്രചാരണം നടക്കുന്നത്. പ്രഥമദൃഷ്ട്യാ നിര്‍ദോഷമെന്നു തോന്നുംവിധമാണു കവിത കൂടുതല്‍ പേരിലേക്കെത്തിക്കുന്നത്. 'സഹോദരന്‍ അയ്യപ്പന്റെ കവിത സെന്‍സര്‍ ചെയ്താണല്ലോ നാമൊക്കെ കേട്ടിട്ടുള്ളത്; അതുകൊണ്ട് ഇതു പരമാവധി ഷെയര്‍ ചെയ്യൂ' എന്ന മേല്‍ക്കുറിപ്പോടെയാണു 'കവിതാ പ്രചരണപദ്ധതി' പുരോഗമിക്കുന്നത്.
എന്നാല്‍, ഈ വിധം പ്രചരിക്കുന്നത് സഹോദരന്‍ അയ്യപ്പന്റെ കവിതയല്ലെന്നും സ്ഥാപിത താല്‍പര്യങ്ങളോടെ ചില വരികള്‍ തിരുകിക്കയറ്റിയാണു പ്രചരിപ്പിക്കുന്നതെന്നും സാഹിത്യമറിയുന്ന ചിലര്‍ തെളിവുസഹിതം അവതരിപ്പിച്ചിട്ടുണ്ട്. അപ്പോഴും വൈറലായി പ്രചരിപ്പിക്കപ്പെടുന്നത് തെറ്റെന്നു ചൂണ്ടിക്കാണിക്കപ്പെട്ട കവിതാരൂപം തന്നെയാണ്. ഇവിടെയാണ്, ദുഷ്ടലാക്കോടെയുള്ള പ്രവര്‍ത്തനം ന്യായമായും സംശയിക്കപ്പെടുന്നത്.  
പ്രചരിപ്പിക്കപ്പെടുന്ന കവിത സഹോദരന്‍ അയ്യപ്പന്‍ രചിച്ചതു തന്നെയാണെന്നു വന്നാലും ഓണത്തെക്കുറിച്ചുള്ള ഐതിഹ്യത്തിനെതിരെയുള്ള വാദങ്ങള്‍ക്കുള്ള പ്രസക്തിയില്ലെന്നതാണു ശ്രദ്ധേയമായ മറ്റൊരു സംഗതി. ഓണപ്പാട്ടുകളെല്ലാം ഓണത്തിന്റെ ചരിത്രാംശം ഉള്‍ക്കൊള്ളുന്നവയായിരിക്കാം. പക്ഷേ, അവയൊക്കെ ചരിത്രത്തിന്റെ നേര്‍വിവരണമായി കാണാനൊക്കുമോ? പാട്ടിലൂടെയല്ലല്ലോ മനുഷ്യന്‍ ചരിത്രമെഴുതാറ്.
പ്രസക്തമായ ഒരു മറുചോദ്യംകൂടിയുണ്ട്: കേവലം ഒരു ഓണപ്പാട്ടിന്റെ വരികളും അര്‍ഥവും വെച്ചു വേണമോ വര്‍ഷങ്ങളായി ലോകത്താകമാനം മലയാളികള്‍ ആഘോഷിക്കുന്ന സമൃദ്ധിയുടെ ഉല്‍സവത്തെ വിലയിരുത്താന്‍?
ഗായകന്‍ കെ.ജെ.യേശുദാസിനായി യൂസഫലി കേച്ചേരി രചിച്ച വരികള്‍:
ദൂരെയാണു കേരളം പോയ് വരാമോ പ്രേമദൂതുമായ് തെന്നലേ പോയ് വരാമോ
അവിടെയെല്ലാ മുറ്റത്തും പൂക്കളം കാണാം, എന്റെയങ്കണത്തില്‍ മാത്രം കണ്ണുനീര്‍ക്കണം കാണാം.
മാബലിയെ വരവേല്‍ക്കും നാടു കാണാം, പ്രാണപ്രിയയെന്നെ കാത്തിരിക്കും വീടുകാണാം
വീടുപോറ്റാന്‍ നാടുവിട്ട നാഥനെയോര്‍ക്കെ, കണ്ണീര്‍വീണ പൂങ്കവിളുമായെന്‍ കാന്തയെ കാണാം
ഓണനാളില്‍ ഉണ്ണികള്‍ തന്‍ പൂവിളി കേള്‍ക്കാം, എന്റെ ഓമനക്കിടാവില്‍നിന്നൊരു ഉള്‍വിളി കേള്‍ക്കാം
അചഛന്‍ വേണം ഓണമുണ്ണാന്‍ എന്നവന്‍ ചൊല്‍കേ, ചാരെയശ്രുനീര്‍ വിളമ്പുമെന്റെ നാഥയെ കാണാം.

ഈ പാട്ട് ചൂണ്ടിക്കാട്ടി, ഉള്‍വിളിയുണ്ടായവര്‍ക്കു മാത്രമുള്ളതാണ് ഓണമെന്നോ അച്ഛനെ നഷ്ടപ്പെട്ടവര്‍ക്കുള്ളതാണ് ഓണമെന്നോ വാദിച്ച് ആരെങ്കിലും രംഗത്തെത്തിയാലോ?

ഓണത്തെക്കുറിച്ചുള്ള 'കളിത്തോഴി' എന്ന കവിത മഹാകവി ജി ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്:
കേവലം നരച്ചോരു ലോകമായിപ്പോയെന്റെ
ജീവനു ചുറ്റും- തിരുവോണമേ, തിമിര്‍ത്താലും!
എന്തിനെന്‍ വ്യഥയുടെ കഥ ഞാന്‍ പരത്തുന്ന-
തെന്തിനിച്ചിരിയിലെന്‍ കണ്ണുനീരൊലിക്കുന്നു?
.

Back to Top