Sanathanam

ഭാരതത്തില്‍ മിഷനറിമാര്‍ നടത്തുന്നതു മതപരിവര്‍ത്തനമോ ബലപ്രയോഗമോ?

വര്‍ത്തമാനകാല ഭാരതത്തെ വിലയിരുത്തി പ്രമുഖ പാശ്ചാത്യ എഴുത്തുകാരന്‍ ഫിലിപ് ഗോള്‍ഡ്‌ബെര്‍ഗ് രചിച്ച ലേഖനം.

നിങ്ങള്‍ ദരിദ്രമായ ഒരു ഗ്രാമീണ കുടുംബത്തിലെ ഗൃഹനാഥയാ(നാ)ണെന്നു ധരിക്കുക. നിങ്ങളുടെ കുഞ്ഞിനു പെട്ടെന്നൊരു അസുഖം വന്നു എന്നിരിക്കട്ടെ. നിങ്ങള്‍ ഉടനെ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുന്നു. രോഗം ചികില്‍സിച്ചു ഭേദമാക്കാവുന്നതാണെന്നു ഡോക്ടര്‍മാര്‍ പറയുന്നതോടെ നിങ്ങള്‍ക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നുന്നു. പക്ഷേ, അതിനു വേണ്ടിവരുന്ന ചെലവ് നിങ്ങള്‍ക്കു താങ്ങാവുന്നതല്ല എന്നു പറഞ്ഞാല്‍ പോരാ, നിങ്ങള്‍ക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണ്. അപ്പോള്‍ അനുകമ്പയോടെ ആശുപത്രി ജീവനക്കാരി രക്ഷകയെപ്പോലെ പറയുന്നു, കുഞ്ഞിന്റെ രോഗം നയാപ്പൈസ ചെലവില്ലാതെ ചികില്‍സിച്ചുമാറ്റാമെന്ന്. അതിനു നിങ്ങള്‍ ഒന്നേ ചെയ്യേണ്ടതുള്ളൂ: നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള നിങ്ങളുടെ സംസ്‌കാരത്തെ കൈവെടിയാന്‍ തയ്യാറാകണം. ഒരു വിദേശ മതത്തിലേക്കു മാറണം.
ഇത്തരം വാഗ്ദാനങ്ങള്‍ ഭാരതത്തിലെ ദുരിതമനുഭവിക്കുന്ന ഗ്രാമീണര്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും ലഭിച്ചുകൊണ്ടേയിരിക്കുകയാണ്.
ഞാന്‍ സന്ദര്‍ശിച്ച 18 ഭാരതീയ നഗരങ്ങളിലെയും പ്രധാന ചര്‍ച്ചാവിഷയങ്ങളിലൊന്ന് ചില മിഷനറിമാരുടെ തന്ത്രപരമായ പ്രവര്‍ത്തനങ്ങളാണ്.
മിഷനറിമാരെല്ലാം അങ്ങനെയാണെന്നല്ല. ഒന്നുമില്ലാത്തവരെ സേവിക്കണമെന്ന മഹദ്‌വചനമുള്‍ക്കൊണ്ട് പാവങ്ങളുടെയും നിരക്ഷരരുടെയും നന്‍മയ്ക്കായി യത്‌നിക്കുന്നവരെയല്ല ഇവിടെ പരാമര്‍ശിക്കുന്നത്. ആത്മാര്‍ഥമായ സേവനമനസ്‌കതയുള്ള മിഷനറിമാരെ ഭാരതം നൂറ്റാണ്ടുകള്‍ മുന്‍പു മുതല്‍ തന്നെ സ്വാഗതം ചെയ്തുവരുന്നു. അവര്‍ ചെയ്യുന്ന നല്ല കാര്യങ്ങളോടുള്ള കടപ്പാടുണ്ടെന്ന് എന്നോടു സംസാരിച്ച ഹിന്ദുക്കളെല്ലാം സൂചിപ്പിച്ചത് ഓര്‍ക്കുകയും ചെയ്യുന്നു. അമ്പരപ്പുണ്ടാക്കുന്നതും ദേഷ്യം ജനിപ്പിക്കുന്നതുമായ സംഗതി, കമ്മീഷന്‍ മോഹിച്ചു വീടുവീടാന്തരം കയറി വില്‍പന വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന സെയില്‍സ്മാനെപ്പോലെ, സ്വന്തം മതത്തില്‍ ആളെക്കൂട്ടാന്‍ ശ്രമിക്കുന്ന പുതുതലമുറ മതാന്ധന്‍മാരുടെ ഇടപെടലുകളാണ്. അമേരിക്കയിലെ ചില യാഥാസ്ഥിതികരാണ് ഇക്കൂട്ടര്‍ക്കു പണം നല്‍കുന്നത്. കര്‍ത്താവിന്റെ സേവകരെന്നല്ല, ചില്ലറവില്‍പനക്കാരെന്നാണ് അവരെ കാണുമ്പോള്‍ എനിക്കുണ്ടാകുന്ന തോന്നല്‍.
ദാരിദ്ര്യം അനുഭവിക്കുന്നവരെയും വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്തവരെയും ലക്ഷ്യമിട്ട് അവര്‍ നടത്തുന്ന പ്രവര്‍ത്തനത്തെ താരതമ്യം ചെയ്യാന്‍ തോന്നുന്നത് ഓണ്‍ലൈന്‍ സ്‌റ്റോറായ ആമസോണില്‍നിന്നു പുസ്തകം വരുത്തുന്നതിനോടാണ്. മതംമാറാന്‍ തയ്യാറാകുന്നവര്‍ക്കു പ്രതിഫലമായി താല്‍ക്കാലിക ജോലികള്‍ തരപ്പെടുത്തിക്കൊടുക്കുന്നുണ്ടെന്നും പിന്നീട് ഹിന്ദുമതത്തിലേക്കു തിരികെ ചെല്ലാന്‍ ശ്രമിക്കുന്നപക്ഷം അവരെ ഭീഷണിപ്പെടുത്തുന്നുവെന്നും എനിക്കറിയാന്‍ സാധിച്ചു. ഹിന്ദുമതത്തിലേക്കു തിരികെ പോയാല്‍ ജോലി നഷ്ടപ്പെടുമെന്നു മാത്രമല്ല, നിത്യനാശം ഉറപ്പാണെന്നുകൂടി പറഞ്ഞാണു ഭീഷണിപ്പെടുത്തുന്നത്. ക്രിസ്തുമതത്തില്‍ ചേര്‍ന്നവര്‍ വിഗ്രഹാരാധകരില്‍നിന്നു വിട്ടുനില്‍ക്കണമെന്നു കര്‍ശന നിര്‍ദേശം നല്‍കിയതോടെ മതംമാറിയവര്‍ ഒറ്റപ്പെടുകയും എത്രയോ കുടുംബങ്ങള്‍ ഛിന്നഭിന്നമാകുകയും ചെയ്തു.
സ്വാമിമാര്‍ക്കു സമൂഹം നല്‍കിവരുന്ന ബഹുമാനം കിട്ടണമെന്നു മോഹിച്ച് മിഷനറിമാര്‍ കാവി വസ്ത്രമണിയുന്നതായി അറിയാന്‍ സാധിച്ചു. ഹൈന്ദവ ദേവന്‍മാരെല്ലാം യേശുക്രിസ്തുവിന്റെ രൂപത്തെ അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തപ്പെട്ടതാണെന്നാണു തെറ്റിദ്ധരിപ്പിക്കാവുന്ന ഗ്രാമീണര്‍ക്കിടയില്‍ മിഷനറിമാര്‍ പ്രചരിപ്പിക്കുന്നത്. ഭാരതത്തിലെ മഹാമുനിമാരെല്ലാം ക്രിസ്ത്യാനികളായിരുന്നുവെന്നും പ്രചരിപ്പിക്കുന്നു. പരമശിവന്റെ നെറ്റിയിലുള്ള മൂന്നു വരകളോടുകൂടിയ ഭസ്മലേപനം പരിശുദ്ധാത്മാവിനെ പ്രതിനിധാനം ചെയ്യുന്നുവെന്നും അവര്‍ പറഞ്ഞുനടക്കുന്നു.
ഞങ്ങളെ ഇരുട്ടില്‍നിന്നു വെളിച്ചത്തിലേക്കു നയിക്കൂ എന്ന ഉപനിഷദ്പ്രാര്‍ഥന യഥാര്‍ഥത്തില്‍ രക്ഷ യാചിച്ചു യേശുവിനോടു നടത്തിയ പ്രാര്‍ഥനയാണെന്നാണു മിഷനറിമാര്‍ പ്രചരിപ്പിക്കുന്നത്.
നിങ്ങള്‍ക്കു രോഗം ബാധിച്ചോ? ഒരു ഗൃഹനാഥന്റെ വരുമാനം നിലയ്ക്കുകയും കുടുംബത്തെ പോറ്റാന്‍ അയാള്‍ ബുദ്ധിമുട്ടുകയും ചെയ്യുന്ന അവസ്ഥാവിശേഷമുണ്ടായോ? ഒരുകൂട്ടം യുവാക്കള്‍ യാത്രചെയ്യുന്ന ബസ് അപകടസാധ്യതയേറിയ, കുന്നുകള്‍ താണ്ടിയുള്ള റോഡില്‍ കയറ്റത്തില്‍വച്ച് നിന്നുപോയോ? ഇത്തരം ഘട്ടങ്ങളിലൊക്കെ ക്രിസ്ത്യന്‍ മിഷനറിമാര്‍ ഇടപെടും. അവര്‍ നിര്‍ദേശിക്കും: ഹിന്ദു ദൈവങ്ങളെ പ്രാര്‍ഥിക്കുക. ഒന്നും സംഭവിക്കുന്നില്ല, അല്ലേ? ഇനി ക്രിസ്തുവിനെ പ്രാര്‍ഥിക്കൂ. എന്താണു സംഭവിക്കുന്നതെന്നു നോക്കൂ! രോഗിക്കു മരുന്നു ലഭിക്കുന്നു, കുടുംബനാഥനു പെട്ടെന്നു തന്നെ ജോലി ലഭിക്കുന്നു; അയാള്‍ക്കു കുടുംബത്തെ പോറ്റാന്‍ പണം ലഭിക്കുന്നു, മലഞ്ചെരിവില്‍ അപകടാവസ്ഥയില്‍ ഓട്ടം നിലച്ച ബസിന്റെ യന്ത്രം പ്രവര്‍ത്തിച്ചുതുടങ്ങുന്നു. യേശുവിനെ പ്രാര്‍ഥിക്കുമ്പോള്‍ ഇത്തരം അദ്ഭുതങ്ങള്‍ സംഭവിക്കുന്നു. പരിവര്‍ത്തനം എന്തൊക്കെ ഗുണങ്ങള്‍ വരുത്തുന്നുവെന്നു കാണുക!
ഹിന്ദു ദൈവങ്ങളെ പ്രാര്‍ഥിക്കുന്നതുകൊണ്ടാണു ദുരന്തങ്ങള്‍ സംഭവിക്കുന്നതെന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്നും ഞാന്‍ കേട്ടു. ചെകുത്താന്റെ പ്രതീകങ്ങളാണു വിഗ്രഹങ്ങളെന്നാണു പഠിപ്പിക്കുന്നത്. ഗ്രാമീണരെ പരിവര്‍ത്തനത്തിലേക്കു നയിക്കുന്ന ഗ്രാമത്തലവന്‍മാര്‍ക്കു പണവും പാരിതോഷികങ്ങളും നല്‍കുന്നു. കിലോമീറ്ററുകളോളം കുടിവെള്ളം തലച്ചുമടായി കൊണ്ടുപോകേണ്ടിവരുന്ന സ്ത്രീകള്‍ക്ക്, മതംമാറിയാല്‍ തൊട്ടടുത്തുള്ള പള്ളിക്കിണറ്റില്‍നിന്നു വെള്ളമെടുക്കാമെന്ന വാഗ്ദാനം നല്‍കുന്നു. നിത്യേന വെള്ളം ചുമക്കേണ്ടിവരുന്നതില്‍നിന്നു രക്ഷപ്പെടാന്‍ നല്‍കേണ്ടിവരുന്ന വിലയെന്താണ്? സംശയമില്ല; മതംമാറ്റം തന്നെ.
ഇത്തരം സംഭവങ്ങള്‍ വ്യാപകമാണോ അതോ ഒറ്റപ്പെട്ടതാണോ എന്നെനിക്കറിയില്ല. പക്ഷേ, ഇതൊട്ടും ആദരണീയമായ ഒന്നല്ല എന്നു വ്യക്തം. ഇതു നിര്‍ബന്ധിത മതപരിവര്‍ത്തനമാണ്; ആത്മീയമായ മാനസാന്തരത്തെത്തുടര്‍ന്നു സ്വയം തീരുമാനിച്ചുണ്ടാകുന്ന മതംമാറ്റമല്ല. ഇതു ബലപ്രയോഗമാണ്; ആശയസംവേദനത്തിലൂടെ സംഭവിക്കുന്ന സ്വാഭാവികപ്രക്രിയയല്ല. അക്രൈസ്തവനെന്ന നിലയില്‍ ഞാന്‍ പറയട്ടെ, ഇത് അവതാരപുരുഷനായല്ലെങ്കിലും ഞാന്‍ കണ്ട ഓരോ ഹിന്ദുവും വിശുദ്ധവ്യക്തിത്വത്തിനുടമയായി കാണുന്ന യേശുക്രിസ്തുവിനോടു കാട്ടുന്ന അനാദരമാണ്. തന്റെ പേരില്‍ നടക്കുന്ന ആത്മവഞ്ചന അദ്ദേഹത്തെ എത്രത്തോളം കുപിതനാക്കുന്നുണ്ടാവുമെന്നു ചിന്തിച്ചുപോകുകയാണ്.
ആക്രമണോല്‍സുകരായ തങ്ങളുടെ സഹോദരങ്ങള്‍ ഭാരതത്തില്‍ കാട്ടിക്കൂട്ടുന്ന കാര്യങ്ങള്‍ അമേരിക്കയിലെ മിക്ക ക്രിസ്ത്യാനികളെയും അദ്ഭുതപ്പെടുത്തുമെന്നു ഞാന്‍ ഭാരതീയരോടു പറഞ്ഞു.
ക്രിസ്തീയ സഹോദരന്‍മാരേ, സഹോദരികളേ, എന്താണു നിങ്ങള്‍ കരുതുന്നത്? ആത്മാക്കള്‍ക്കായി വിലകുറഞ്ഞ ഒരു പ്രാപഞ്ചികയുദ്ധം നടക്കുന്നുണ്ടോ? ് സംസ്‌കാരമുള്ളവര്‍ പരസ്പരം പാലിക്കേണ്ടതായ ചില നിയന്ത്രണങ്ങളുണ്ടോ? എന്താണു യേശു പറയുന്നത്?
.

Back to Top