Yogaveethi

യോഗയുടെ ചരിത്രവഴികളിലൂടെ

യോഗാചാര്യ പി.ഉണ്ണിരാമന്‍
 
ഇന്ന് അറിയപ്പെടുന്ന യോഗ ശാസ്ത്രം പതിനായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് താന്ത്രീയ സംസ്‌കാരത്തില്‍നിന്നു രൂപംകൊണ്ടതാണ്. പുരാവസ്തു ഗവേഷണത്തിലൂടെ ഹിന്ദു സംസ്‌കാരത്തിന്റെ ഭാഗങ്ങളായിരുന്ന ഹാരപ്പ- മോഹന്‍ജോദാരോയില്‍നിന്നു ധാരാളം യോശില്‍പങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞു. അതിലധികവും ശിവപാര്‍വതിമാരുടെ ആസനങ്ങളുടെയും ധ്യാനത്തിന്റെയും ശില്‍പങ്ങളായിരുന്നു. പൗരാണിക കാഴ്ചപ്പാടില്‍ ആദിഗുരു ശിവനും ആദിശിഷ്യ പാര്‍വതിയുമാണ്. യോഗവിദ്യ ആദ്യമായി ശിവന്‍, പാര്‍വതിക്ക് ഉപദേശിച്ചതാണെന്നാണു വിശ്വാസം.
യോഗശാസ്ത്രത്തിന്റെ കാഴ്ചപ്പാടില്‍ ശിവസങ്കല്‍പം ഉയര്‍ന്ന ബോധാവസ്ഥയാണ്. പാര്‍വതി അറിവിന്റെ പാരമ്യതയും. യോഗയിലൂടെ സംഭവിക്കുന്നത് ശിവശക്തി ഐക്യമാണ്. എല്ലാ സൃഷ്ടികളുടെയും കാരണം ഇതാകുന്നു. ഇതുതന്നെ കുണ്ഡലിനി ശക്തി. എല്ലാ ജീവജാലങ്ങളിലും ഈ ശക്തി ഉറങ്ങിക്കിടക്കുന്നു.
മനുഷ്യശരീരത്തില്‍ നട്ടെല്ലിന്റെ താഴെ പെരിണിയം എന്ന സ്ഥാനത്തു മൂലാധാര ചക്രത്തിലാണ് കുണ്ഡലിനി ശക്തിയുടെ സ്ഥാനം. നിരന്തര സാധനകളിലൂടെ, അഭ്യാസത്തിലൂടെ ഈ ശക്തിയെ യഥാക്രമം ഉണര്‍ത്തി ഉയര്‍ത്തി സ്വാധിഷ്ഠാനം (sexual chakra), മണിപൂരം (navel chakra), അനാഹതം (heart chakra), വിശുദ്ധി (throat chakra), ആജ്ഞ (forehead chakra) എന്നീ ചക്രങ്ങളിലൂടെ ശിവസ്ഥാനമായ പരമാത്മാവസ്ഥയില്‍ അഥവാ ബ്രഹ്മാവസ്ഥയായ സഹസ്രാരപത്മത്തില്‍ വിലയം പ്രാപിക്കുന്നു. ഇതാണു യോഗാവസ്ഥ. അതു തന്നെ സമാധി; അതു തന്നെ മോക്ഷവും.
മനുഷ്യന്റെ ആത്യന്തിക ലക്ഷ്യം മോക്ഷമാണല്ലോ. ഒരു നദി ഒഴുകിയൊഴുകി സമുദ്രത്തില്‍ വിലയം പ്രാപിക്കുന്നതുപോലെ ജീവാത്മാവായി യാത്രചെയ്തു പരമാത്മാവില്‍ വിലയം പ്രാപിക്കുന്നു. അതുതന്നെ മോക്ഷം. മോക്ഷപ്രാപ്തിക്കായി ഒട്ടേറെ മാര്‍ഗങ്ങളുണ്ട്. അതില്‍ പ്രധാനമായും നാലു മാര്‍ഗങ്ങള്‍ രാജയോഗം, ജ്ഞാനയോഗം, കര്‍മയോഗം, ഭക്തിയോഗം എന്നിവയാണ്. ഇതില്‍ രാജയോഗത്തെ അഷ്ടാംഗയോഗമെന്നും പറയുന്നു. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണ് അഷ്ട അംഗങ്ങള്‍.
പതഞ്ജലി മഹര്‍ഷിയാണ് വേദാനുസാരിയായ യോഗശാസ്ത്രം ക്രോഡീകരിച്ച് പതഞ്ജല യോഗസൂത്രം എന്ന പേരില്‍ ലിഖിത രൂപത്തിലാക്കിയത്. 196 സൂത്രങ്ങളാണതില്‍. 'യോഗശ്ചിത്തവൃത്തി നിരോധഃ' എന്നാണു രണ്ടാമത്തെ സൂത്രത്തില്‍ പതഞ്ജലി മഹര്‍ഷി പറഞ്ഞിരിക്കുന്നത്. ചിത്തവൃത്തി ഏതെല്ലാം, അവ എങ്ങനെ നിരോധിക്കാം, നിരോധിച്ചാലുള്ള ഗുണങ്ങള്‍, മോക്ഷാവസ്ഥ ഇവയാണു പിന്നീടുള്ള സൂത്രങ്ങളില്‍ സൂചിപ്പിക്കുന്നത്. ശരീരം, മനസ്സ്, ആത്മാവ് ഇവയുടെ ഉയര്‍ച്ച ലക്ഷ്യംവെച്ചാണ് പതഞ്ജലി മഹര്‍ഷി രാജയോഗം ഉപദേശിച്ചത്.
രാജയോഗ പരിശീലനത്തില്‍ മനസ്സിനെ ഏകാഗ്രമാക്കാന്‍ പ്രയാസമുള്ളവര്‍ക്കു ശരീര ചലനങ്ങള്‍ക്കു പ്രാധാന്യം കൊടുക്കുന്ന ഹഠയോഗം ആദ്യം പരിശീലിക്കുന്നതാണ് ഉത്തമം.  ശരീരമനോനിയന്ത്രണം സാധ്യമാക്കാനുള്ള മാര്‍ഗമാണ് ഹഠയോഗം. രാജയോഗത്തിന്റെ ആദ്യഭാഗം എന്നു ഹഠയോഗത്തെ പറയാം. രാജയോഗത്തിലെത്താനുള്ള കോണിപ്പടിയായാണു ഹഠയോഗത്തെ കാണേണ്ടത്.
ഹഠയോഗത്തെ പ്രതിപാദിക്കുന്ന പ്രധാന ഗ്രന്ഥങ്ങള്‍ 'ഹഠപ്രദീപിക', 'ഘേരണ്ടസംഹിത', 'ശിവസംഹിത' എന്നിവയാണ്.
ഹഠപ്രദീപികയുടെ ആദ്യത്തെ ശ്ലോകം തന്നെ
'ശ്രീ ആദിനാഥായ നമോസ്തു തസ്‌മൈ
യേനോപദിഷ്ഠാ ഹഠയോഗ വിദ്യാ
വിഭ്രാജതേ പ്രോന്നത രാജയോഗ-
മാരോഢുമിച്ഛോരധിരോഹിണീവ.'
അത്യുന്നതമായ രാജയോഗത്തിലെത്തിച്ചേരുന്നതിനുള്ള ശ്രേഷ്ഠമായ ചവിട്ടുപടികളായി കരുതപ്പെടുന്ന ഹഠയോഗവിദ്യയെ ഉപദേശിച്ച ശ്രീ ആദിനാഥനെ (ശ്രീ ശിവനെ) ഞാന്‍ നമസ്‌കരിക്കുന്നു.
ഹഠയോഗത്തില്‍ തന്നെ പറയുന്നു:
ഭ്രാന്ത്യാ ബഹുമത ദ്വാന്തേ
രാജയോഗമജാനതാം
ഹഠപ്രദീപികാം ധത്തേ
സ്വാത്മരാമ കൃപാകരഃ
രാജയോഗത്തെപ്പറ്റി ശരിയായ അറിവില്ലാതെ ഇരുട്ടില്‍ തപ്പിത്തടയുന്നവര്‍ക്കായി കൃപാലുവായ 'സ്വാത്മരാമന്‍' എന്ന യോഗി ഹഠവിദ്യ എന്ന ദീപത്തെ പ്രദാനം ചെയ്യുന്നു. ഹഠപ്രദീപികയില്‍ സ്വാത്മരാമന്‍ അഞ്ചു മുതല്‍ ഒമ്പതു വരെ ശ്ലോകങ്ങളില്‍ ചിരഞ്ജീവികളായ 33 സിദ്ധയോഗികളെപ്പറ്റി സൂചിപ്പിക്കുന്നു. ഈ ശാസ്ത്രം താപത്രയങ്ങളില്‍ ദുഃഖിക്കുന്നവര്‍ക്കുള്ളതാണ്. യോഗികള്‍ക്കുള്ളതാണ്. പലവിധത്തിലുള്ള യോഗങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ ആമയെപ്പോലെ ഹഠയോഗം താങ്ങിനിര്‍ത്തുന്നു.
ശരീരത്തിന്റെയും മനസ്സിന്റെയും സംയോഗമാണു ഹഠയോഗം സാധ്യമാക്കുന്നത്; സൂര്യചന്ദ്രസംയോഗം. ഹഠയോഗപരിശീലനം വഴി സൂര്യ നാഡിയും ചന്ദ്ര നാഡിയും സന്തുലിതാവസ്ഥയിലെത്തുന്നു.
.

Back to Top