Rishipatham

ഋഷിമാര്‍, മഹര്‍ഷിമാര്‍

മരണം ജീവിതചക്രത്തിലെ ഒരേടു മാത്രമാണെന്നും മുക്തിപദത്തിലെത്തിച്ചേരുകയാണ് ആത്യന്തികമായി ഒരോ ജീവന്റെയും ലക്ഷ്യം എന്നുമാണ് ഭാരതീയ ആത്മീയദര്‍ശനം ഉയര്‍ത്തിക്കാട്ടുന്നത്. മുക്തി ലഭിക്കുന്നതിനു പരമമായ സത്യത്തെ തിരിച്ചറിയാന്‍ സാധിക്കണമെന്നും വേദശാസ്ത്രം വെളിപ്പെടുത്തുന്നു.
സത്യം കണ്ടെത്തിയവരാണു ഋഷിമാര്‍. മഹാനായ ഋഷി മഹര്‍ഷിയും. തങ്ങള്‍ക്കു ലഭിച്ച അറിവ് പ്രതിഫലേച്ഛ കൂടാതെ സമൂഹത്തിനു പകര്‍ന്നുനല്‍കാന്‍ വെമ്പല്‍കൊള്ളുന്ന മഹാമനീഷികള്‍ കൂടിയാണു മഹര്‍ഷിമാര്‍. തങ്ങള്‍ കണ്ടെത്തിയ പരമമായ സത്യത്തെ ചില ഋഷിമാര്‍ ലോകോപകാരാര്‍ഥം നേരിട്ടുപദേശിച്ചപ്പോള്‍ മറ്റു ചിലര്‍ മന്ത്രങ്ങളിലൂടെയാണ് ഉപദേശിച്ചത്. കാലാകാലമായി സമൂഹം ഇവരെ ആചാര്യന്മാരായി കണ്ട് ആദരിക്കുന്നു. ലോകനന്‍മയ്ക്കുവേണ്ടി 'അല്ലയോ അമൃതത്വത്തിന്റെ സന്താനങ്ങളേ, നിങ്ങള്‍ വരൂ; കേള്‍ക്കൂ' എന്നാണ് ഋഷിമാര്‍ ലോകത്തെ അഭിസംബോധന ചെയ്യുന്നത്. അനുഭവത്തിന്റെയും അറിവിന്റെയും പൂര്‍ണതയില്‍നിന്നാണ് സത്യത്തിന്റെ പ്രഭയിലേക്ക് അവര്‍ ലോകരെ ക്ഷണിക്കുന്നത്.
മഹര്‍ഷിമാരെല്ലാം സന്ന്യാസിമാരാണെന്ന തെറ്റിദ്ധാരണ സമൂഹത്തിലുണ്ട്. ഋഷിമാരില്‍ സന്ന്യാസിമാരുണ്ടായിരുന്നു; ഗൃഹസ്ഥരുമുണ്ടായിരുന്നു. സന്ന്യാസമെന്നതു പുരാതനകാലം മുതല്‍ നിലനിന്നുപോരുന്ന ഒരു ജീവിതപന്ഥാവാണ്. ഋഷിമാരെല്ലാം ഈ പാത തെരഞ്ഞെടുത്തവരായിക്കൊള്ളണമെന്നു നിര്‍ബന്ധമില്ല. വേദമന്ത്രങ്ങള്‍ ദര്‍ശിച്ചവരെക്കൂടാതെ പിന്നീട് ഇവയെ വ്യാഖ്യാനിച്ച മഹര്‍ഷിമാരുമുണ്ട്. കടുകട്ടിയായ വേദം ലളിതമായി വ്യാഖ്യാനിക്കുകയോ വിശദീകരിക്കുകയോ ചെയ്തവരും മഹര്‍ഷിമാര്‍ തന്നെ. ശിക്ഷ തുടങ്ങിയ വേദാംഗങ്ങളും ആയുര്‍വേദം തുടങ്ങിയ ഉപവേദങ്ങളും ഉപദേശിച്ചതും മഹര്‍ഷിമാരാണ്. ഇവയുടെ അംഗപ്രത്യംഗങ്ങളെ ഉപദേശിച്ചതും മറ്റാരുമല്ല.
വിശ്വാമിത്രന്‍, വസിഷ്ഠന്‍, മേധാതിഥി, ഗൗതമന്‍, ശൗനകന്‍, കൗശികന്‍, പിപ്പലാദന്‍, യാജ്ഞവാല്‍ക്യന്‍ തുടങ്ങിയ മഹര്‍ഷിമാരുടെ പേരുകള്‍ വേദത്തിലുണ്ട്. വസിഷ്ഠ മഹര്‍ഷി, നാരദ മഹര്‍ഷി, പാണിനി മഹര്‍ഷി തുടങ്ങിയവരുടെ പേരുകള്‍ ഇപ്പോള്‍ പഠിച്ചുവരുന്ന ശാസ്ത്രവുമായി ബന്ധപ്പെട്ട് ഒരുകാലത്തും മറന്നുപോകാതെ നിലനില്‍ക്കും.
പാണിനി മഹര്‍ഷി രചിച്ച സംസ്‌കൃത വ്യാകരണഗ്രന്ഥമായ അഷ്ടാധ്യായിയില്‍ ഏറെ വിദ്വാന്‍മാരെക്കുറിച്ചു പരാമര്‍ശിക്കുന്നുണ്ട്. ഗ്രന്ഥകാരനു മുന്‍പ് വ്യാകരണശാസ്ത്ര പണ്ഡിതന്‍മാര്‍ ജീവിച്ചിരുന്നുവെന്ന് ഇതില്‍നിന്നു വ്യക്തമാകുന്നു. ആപിശലി, സ്‌ഫോടായനകന്‍, ശാകടായനന്‍, കാശകൃശ്‌നന്‍, ശാകല്യന്‍ എന്നിങ്ങനെ വന്നുവന്നാണു പാണിനിയിലെത്തുന്നത്. പാണിനിക്കു ശേഷം വരുന്ന പേരുകളാണ് കാത്യായന്റേതും പതഞ്ജലിയുടേതുമൊക്കെ. ബോധായനന്‍, ആപസ്തംബന്‍, അശ്വലായനന്‍, ഗോഭിലന്‍, പാരസ്‌കരന്‍, ഗൗതമന്‍ തുടങ്ങിയ ഋഷിമാര്‍ കല്പശാസ്ത്രവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചവരാണ്. ഉപവേദങ്ങളിലേക്കെത്തുമ്പോള്‍ ചരകന്‍, സുശ്രുതന്‍, ഭേളന്‍, ബൃഹസ്പതി, ഭരദ്വാജന്‍ തുടങ്ങി, മഹര്‍ഷിമാരുടെ പരമ്പര പിന്നെയും കാണാം. തുടര്‍ന്ന്, ഇതിഹാസപുരാണകാലഘട്ടത്തിലെത്തുമ്പോഴേക്കും വാല്‍മീകി മഹര്‍ഷി, വ്യാസമഹര്‍ഷി, പരാശരമഹര്‍ഷി തുടങ്ങിയ മഹര്‍ഷിമാരെക്കുറിച്ച് അറിയാന്‍ സാധിക്കുന്നു.
ലഭ്യമായ പേരുകള്‍ വച്ച് മഹര്‍ഷിമാര്‍ ഇത്രപേര്‍ മാത്രമേ ഉള്ളൂവെന്നോ ഋഷിപരമ്പര അവസാനിച്ചുവെന്നോ കരുതാന്‍ സാധിക്കില്ല. വരാഹമിഹിരനെ പോലുള്ളവരുടെ കൃതികളില്‍നിന്ന് അവര്‍ക്കു മുന്‍പു ജീവിച്ചിരുന്ന മഹര്‍ഷിമാരെക്കുറിച്ചുള്ള സൂചനകള്‍ ലഭിക്കും (ഉദാ: രുദ്രന്‍, വിഷ്ണു). എന്നാല്‍ അവര്‍ ആരായിരുന്നുവെന്നോ അവരുടെ സംഭാവനകള്‍ എന്തൊക്കെയെന്നോ ഉള്ള അറിവു ലഭിക്കില്ല.
ഋഷിപരമ്പര അന്തമില്ലാത്തതാണ്. അവസാനത്തെ മഹര്‍ഷി എന്ന ആശയത്തിനു പ്രസക്തിയില്ല. ധൈഷണികമായ ഉയര്‍ച്ചയും സത്യാന്വേഷണത്വരയും മനുഷ്യനില്‍ എന്നും നിലനില്‍ക്കും. സത്യാന്വേഷണത്തിനുള്ള മനസ്സ് ഉള്ളിടത്തോളംകാലം മഹര്‍ഷിമാരും മഹാപുരുഷന്‍മാരും ഉണ്ടാകുകയും ചെയ്യും.

അവലംബം: ശ്രീമത് ചിദാനന്ദ പുരി സ്വാമികള്‍ രചിച്ച 'സനാതനധര്‍മ പരിചയം' എന്ന ഗ്രന്ഥം.
.

Back to Top