Sanathanam

ഭാരതത്തിലുമുണ്ട്‌ വന്‍മതില്‍; ലോകാദ്ഭുതം തന്നെ!

ന്യൂഡെല്‍ഹി: വലിപ്പത്തിന്റെ കാര്യത്തില്‍ ഏറ്റവും വലിയ മതില്‍ ചൈനയിലാണെങ്കിലും തൊട്ടുപിറകെ ഭാരതത്തിലും വന്‍മതിലുണ്ട്. രാജസ്ഥാനിലാണ് കുഭാല്‍ഗഢ് എന്ന ആരുടെയും ശ്രദ്ധപിടിച്ചുപറ്റുന്ന മതിലുള്ളത്. 36 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മതിലിന് കോട്ടകള്‍ക്കു സമാനമായ ഏഴു ഗേറ്റുകളുണ്ട്. നാലര മീറ്ററോളം വരും പലയിടത്തും വീതി. ലോകത്തിന് അധികമറിയാത്ത കുംഭാല്‍ഗഢിനെക്കുറിച്ച് ബി.ബി.സി. ഉള്‍പ്പെടെയുള്ള പ്രധാന മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിരുന്നു.
കുന്നിനു മുകളിലുള്ള തന്റെ കോട്ടയ്ക്കു സംരക്ഷണം നല്‍കുന്നതിനായി 1443ല്‍ പ്രാദേശിക ഭരണാധികാരിയായ റാണ കുംഭയാണു കുംഭാല്‍ഗഢ് നിര്‍മിച്ചത്. മതില്‍ പൂര്‍ത്തിയാക്കിയതിനു പിന്നില്‍ ഹൃദയസ്പര്‍ശിയായ ഒരു കഥയുണ്ട്. അതിങ്ങനെ: വന്‍മതിലിന്റെ ജോലി ആരംഭിച്ച് എത്ര കാലം കഴിഞ്ഞിട്ടും പണി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. പല തവണ ആവര്‍ത്തിച്ചു ശ്രമം നടത്തിയിട്ടും പാതിവഴിക്കെത്തിയതേ ഉള്ളൂ. ആത്മീയ ഉപദേഷ്ടാക്കളോട് ഉപദേശം തേടിയപ്പോള്‍ രാജാവിനു ലഭിച്ച മറുപടി ബലി നടത്തിയാല്‍ മാത്രമേ പണി പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളൂ എന്നായിരുന്നു. ദേശസ്‌നേഹിയായ ഒരാള്‍ മറ്റുള്ളവര്‍ക്കുവേണ്ടി സ്വയം ബലികൊടുത്തു. ആ വ്യക്തിയുടെ ശരീരം വീണിടത്താണു നീളമേറിയ മതിലിന്റെ പ്രധാന കവാടം. വീഴ്ചയുടെ ആഘാതത്തില്‍ ശരീരത്തില്‍നിന്നു വേര്‍പെട്ട തല കാണപ്പെട്ട സ്ഥലത്ത് ഇപ്പോള്‍ ഒരു ക്ഷേത്രമുണ്ട്.
19ാം നൂറ്റാണ്ടില്‍ മതിലിന്റെ വലിപ്പം കൂട്ടിയിരുന്നു. ഇപ്പോള്‍ 360 ക്ഷേത്രങ്ങള്‍ക്കു സംരംക്ഷണവലയം തീര്‍ക്കുന്നുണ്ട് കുംഭാല്‍ഗഢ്.
.

Back to Top