Ulsavam

ആറാട്ടുപുഴ പൂരം: ഏറ്റവും ചരിത്രമുള്ള പൂരം
 

തൃശൂര്‍ ആയിരത്തി നാനൂറിലധികം വര്‍ഷം മുന്‍പേ ആറാട്ടുപുഴ പൂരം നടന്നുവരുന്നുണ്ടെന്നാണു ചരിത്രം. പിന്നീടു തുടങ്ങിയ തൃശൂര്‍ പൂരത്തിനു ചെറുപൂരവുമായെത്തിയിരുന്ന ക്ഷേത്രങ്ങളെല്ലാം തന്നെ മുന്‍കാലങ്ങളില്‍ ആറാട്ടുപുഴ പൂരത്തിനെത്തിയിരുന്നു. 
മീനത്തിലെ ഉത്രം അര്‍ധരാത്രിക്കുള്ള ദിവസം ഉത്രംപാട്ട് അടിസ്ഥാനമാക്കി കീഴ്‌പോട്ടു കണക്കാക്കിയാണ് ആറാട്ടുപുഴ പൂരത്തിനു കൊടിയേറ്റുന്നത്. മുപ്പത്തിമുക്കോടി ദേവകളുടെയും യക്ഷകിന്നര ഗന്ധര്‍വാദികളുടെയും ആത്മീയ സാന്നിധ്യമുള്ള ആറാട്ടുപുഴ പൂരം ഭക്തരും ദൈവങ്ങളും താദാത്മ്യം പ്രാപിക്കുന്ന ദേവമേളയായി അറിയപ്പെടുന്നു. നെടുമ്പാശേരിക്കടുത്തുള്ള ആവണംകോട്, വേങ്ങൂര്‍, മാണിക്യമംഗലം, ചെങ്ങല്, എടാട്ട്, ഏഴിപ്രം തുടങ്ങിയ ദുര്‍ഗാക്ഷേത്രങ്ങളില്‍ നിന്നു കിലോമീറ്ററുകള്‍ നടന്നു ദേവിമാര്‍ ആറാട്ടുപുഴ പൂരത്തിനെത്തിയിരുന്നുവെന്നാണ് ഐതിഹ്യം.  
പെരുവനം ക്ഷേത്രത്തില്‍ ഇരട്ടയപ്പന് 28 ദിവസത്തെ ഉല്‍സവമുണ്ടായിരുന്നതായാണു കരുതുന്നത്. പിന്നീടെപ്പഴോ ഇതു നടക്കാതായി. തുടര്‍ന്നു ഗ്രാമവാസികള്‍ ഒത്തുചേര്‍ന്ന് പെരുവനം ഉല്‍സവത്തിന്റെ പ്രധാന ദിവസമായ പൂയ്യം നാഴില്‍ പെരുവനം ഉല്‍സവവും ആറാട്ടു ദിവസം ആറാട്ടുപുഴ പുരവും നടത്താന്‍ തീരുമാനിക്കുകയായിരുന്നത്രെ. പൂരംനാള്‍ രാത്രിയില്‍ ആറാട്ടുപുഴ മന്ദാരം കടവില്‍ ഗംഗാദേവിയുടെ സാന്നിധ്യമുണ്ടാകുമെന്നാണു വിശ്വാസം. ഈ വേളയില്‍ ആറാടുന്നതു വിശേഷമാണെന്നാണു വിശ്വാസം. 
ആറാട്ടപുഴ പൂരപ്പാടത്തു ദേവിമാരെ ഇറക്കിയെഴുന്നള്ളിക്കുന്നതിന് എടാട്ടുതറ, ആവണംകോട്ടുതറ തുടങ്ങിയ പ്രത്യേക അവകാശസ്ഥാനങ്ങള്‍ ഉണ്ടായിരുന്നത്രെ. എന്നാല്‍ കാലഗതിയില്‍ ഈ എഴുന്നള്ളിപ്പുകള്‍ അന്യംനിന്നുപോയി. പിന്നീട് തിരുനായത്തോട് ശിവനാരായണ ക്ഷേത്രത്തില്‍ ഒരുമിച്ചു ചേര്‍ന്ന് ആറു ക്ഷേത്രങ്ങള്‍ ചേര്‍ന്നു പൂരം നടത്താന്‍ തീരുമാനമെടുത്തു. ഈ ഇറക്കി എഴുന്നള്ളപ്പിനു പെരുവനം പൂരവുമായി ഏറെ സമാനതകളുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
 
.

Back to Top