Sanathanam

രാമായണക്കുളിരില്‍ കര്‍ക്കടകം

കോഴിക്കോട്: നാമറിയാതെ നമ്മെ സ്വാധീനിച്ചുകൊണ്ടിരിക്കുന്ന ഇതിഹാസമാണു രാമായണം. ആര്‍ഷസംസ്‌കൃതിയുടെ ചിഹ്നങ്ങളും ചിന്തകളും സമൂഹത്തില്‍ നിലനിന്നുപോരുന്നതിനു പിന്നില്‍ രാമായണത്തിനുള്ള പങ്ക് അദ്വിതീയമാണ്. കഥയായും കവിതയായും പാഠപുസ്തകമായുമൊക്കെ ആദികാവ്യം സമൂഹത്തിനു മുന്നിലെത്തുന്നു. തിന്‍മയ്ക്കുമേല്‍ നന്‍മയുടെ വിജയമുറപ്പിക്കുന്ന കഥ ഇതള്‍ വിരിയുന്നതിനൊപ്പം ഉപകഥകളിലൂടെയും ഉപദേശവാക്യങ്ങളിലൂടെയുമൊക്കെ ജ്ഞാനദീപവും തെളിയുന്നു.
യുഗങ്ങളകലെ, തമസാനദീതീരത്തു വേടന്റെ അമ്പേറ്റ് ഇണക്കിളികില്‍ ഒരെണ്ണം പിടഞ്ഞുവീണപ്പോഴുണ്ടായ ദുഃഖം, രാമായണം കയ്യിലെടുക്കുമ്പോള്‍ ഇന്നും അതേ തീവ്രതയോടെ ഓരോ മനസ്സിലും പുനര്‍ജനിക്കുന്നു. വിവിധ കാണ്ഡങ്ങളിലൂടെ പൂര്‍ണതയിലേക്കെത്തുന്ന രാമകഥയില്‍ എത്രയോ ഏടുകളാണ് ഓരോരുത്തരുടെയും ജീവിതത്തില്‍ അതേപടി പകര്‍ത്തപ്പെടുന്നത്.
മാനവരാശിയെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ള മഹാകാവ്യമായ രാമായണം പാരായണം ചെയ്യുകയും വ്യാഖ്യാനിച്ചുകേള്‍ക്കുകയും ചെയ്യുന്ന രാമായണമാസത്തിലേക്കു കടക്കുകയാണു കാലം. ഇഴമുറിയാത്ത കര്‍ക്കടകമഴയ്‌ക്കൊപ്പം രാമായണശീലുകള്‍ ഉറക്കെച്ചൊല്ലുമായിരുന്നല്ലോ ഹൈന്ദവഭവനങ്ങളില്‍ മുന്‍കാലത്ത്. തിരക്കിട്ട ജീവിതമെന്ന പാശ്ചാത്യരീതിയിലേക്കു കടന്നുചെന്നുവെങ്കിലും സംസ്‌കാരത്തനിമ ഉയര്‍ത്തിപ്പിടിക്കണമെന്ന് ആഗ്രഹിക്കുന്ന വലിയ വിഭാഗം ജനത ഇപ്പോഴും രാമായണം കൈവിട്ടിട്ടില്ല. ഭാരതത്തിലുടനീളം വിവിധ പരിപാടികളോടെ രാമായണമാസത്തെ വരവേല്‍ക്കാനൊരുങ്ങുകയാണു സംഘടനകളും മാനവക്കൂട്ടായ്മകളും.
കര്‍ക്കടകം ഒന്നിനു കോഴിക്കോട് രാമായണ സ്വാധ്യായ സമിതി മുഴുവന്‍ദിവസ രാമായണ മഹോല്‍സവമാണു സംഘടിപ്പിക്കുന്നത്. പകല്‍ പത്തു മുതല്‍ ആറുവരെ സ്‌നേഹാജ്ഞലി ഹാളിലാണു പരിപാടി. പ്രത്യേക സമ്മേളനത്തില്‍ ഡോ.എം.എന്‍.കാരശ്ശേരി, ഇന്ദിരാ കൃഷ്ണകുമാര്‍, പട്ടയില്‍ പ്രഭാകരന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. രാമായണപ്രഭാഷകരെയും പാരായണപ്രാവീണ്യമുള്ളവരെയും ആദരിക്കും. തുടര്‍ന്ന്, ഭരതാഞ്ജലി മധുസൂദനന്‍ സംവിധാനം ചെയ്ത സമ്പൂര്‍ണ രാമായണ സംഗീത നൃത്ത നാടകാവിഷ്‌കാരം ഉണ്ടായിരിക്കും. പ്രമുഖ കലാകാരന്‍മാര്‍ അരങ്ങിലെത്തും.
ആഘോഷങ്ങള്‍ക്കു മുന്നോടിയായി 12നു രാമായണ കഥാസന്ദര്‍ഭങ്ങളെ ആസ്പദമാക്കിയുള്ള ചിത്രരചനാമല്‍സരം നടക്കും. ജലച്ചായത്തിലാണു മല്‍സരം. തളി പത്മശ്രീ ഹാളില്‍ പത്തര മുതല്‍ ഒരു മണിവരെ നടക്കുന്ന മല്‍സരത്തിനു പ്രവേശന ഫീസില്ല. ഒന്‍പതരയ്ക്കു രജിസ്‌ട്രേഷന്‍ ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കു ഫോണ്‍: 9497349088, 9895265117.
ഡോ.കെ.മാധവന്‍ കുട്ടി, പട്ടയില്‍ പ്രഭാകരന്‍, എ.കെ.ബി.നായര്‍, പി.ബാലകൃഷ്ണന്‍, പി.ആര്‍.നാഥന്‍, പി.പി.ശ്രീധരനുണ്ണി, ഡോ.ഉള്ളൂര്‍ എം.പരമേശ്വരന്‍, കെ.പി.ചന്ദ്രദാസന്‍ എന്നിവര്‍ രക്ഷാധികാരികളും ഡോ.എം.പ്രിയദര്‍ശന്‍ലാല്‍ ചെയര്‍മാനും എം.ബാലകൃഷ്ണന്‍ ജനറല്‍ കണ്‍വീനറും പി.ജിജേന്ദ്രന്‍ ട്രഷററുമായ സംഘാടകസമിതിയാണു പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നത്. വി.യു.ഏറാടി, പി.കെ.സുകുമാരന്‍, എസ്.പ്രഭാകരന്‍ നായര്‍, എ.ടി.വിശ്വനാഥന്‍, കെ.വി.നമ്പൂതിരി, പ്രഫ. പി.സി.കൃഷ്ണവര്‍മരാജ, ഡോ.ആര്യാദേവി എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരും ടി.വി.ഉണ്ണിക്കൃഷ്ണന്‍, ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ കണ്‍വീനര്‍മാരുമാണ്.
.

Back to Top