Sanathanam

നളന്ദ സര്‍വകലാശാല ഉയര്‍ന്നതും തളര്‍ന്നതും

റോമാ സാമ്രാജ്യമെന്നതുപോലെ ഒരു നാള്‍ കൊണ്ടു കെട്ടിപ്പടുക്കപ്പെട്ടതല്ല പാണ്ഡിത്യത്തിന്റെ അക്ഷയഖനിയായിരുന്ന നളന്ദ സര്‍വകലാശാല. നൂറ്റാണ്ടുകള്‍ കൊണ്ടാണു നാൡതുവരെ ലോകത്തില്‍ മറ്റു മാതൃകകളില്ലാത്ത മഹത്തായ വിദ്യാകേന്ദ്രം പ്രാചീനഭാരതത്തില്‍ രൂപപ്പെട്ടത്. വേദങ്ങളില്‍ തുടങ്ങി പ്രപഞ്ചവുമായി ബന്ധപ്പെട്ട എന്തിനെയുംകുറിച്ച് അറിവു ലഭിക്കുന്ന പാഠശാലയായിരുന്നു ഇത്. ഭാരതത്തിനു പുറത്തുനിന്നും വിജ്ഞാനദാഹവുമായി എത്രയോ പേര്‍ നളന്ദയിലെത്തി. ചൈന, ജപ്പാന്‍, മലേഷ്യ, ജാവ, സുമാത്ര, കൊറിയ, നേപ്പാള്‍, ടിബെറ്റ് തുടങ്ങി എത്രയോ വിദേശരാഷ്ട്രങ്ങള്‍്ക്കാണ് ഈ സര്‍വകലാശാല അറിവു പകര്‍ന്നു നല്‍കിയത്. ഇന്നത്തെ ബിഹാര്‍ സംസ്ഥാനത്തിലെ ബഡ്ഗാവ് എന്ന ഗ്രാമത്തിലെ പവാരിക എന്ന മാമ്പഴത്തോട്ടത്തിലാണ് ലോകത്തിന്റെ തന്നെ അറിവിന്റെ കേന്ദ്രമായിത്തീര്‍ന്ന നളന്ദ സര്‍വകലാശാലയുടെ തുടക്കം. അപ്പോള്‍ മുതല്‍ തന്നെ എത്രയോ പ്രമുഖര്‍ ഇവിടെയെത്തി. ഗൗതമബുദ്ധന്‍ യാത്രകള്‍ക്കിടയിലും മറ്റുമായി പല തവണ നളന്ദ സന്ദര്‍ശിച്ചിട്ടുണ്ട്. അശോകചക്രവര്‍ത്തി ഇവിടെ ഒരു വിഹാരം നിര്‍മിച്ചു. ഹര്‍ഷവര്‍ധന്‍ രാജാവായിരിക്കെ പഠനത്തിനായുള്ള ഹാളുകളും അമ്പലങ്ങളും നിര്‍മിച്ചു. നളന്ദയ്ക്കു ചുറ്റുമുള്ള പ്രദേശങ്ങളിലായി ഏറെ വിഹാരങ്ങളുണ്ടായിരുന്നുവെന്നു ചരിത്രം ചൂണ്ടിക്കാട്ടുന്നു. രാജഗൃഹം, വിക്രമശില തുടങ്ങിയ വിഹാരങ്ങളുണ്ടായിരുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന വലിയ ഭൂഭാഗമായിരുന്നു ബിഹാര്‍. നളന്ദ വിഹാരത്തില്‍നിന്നു നളന്ദ സര്‍വകലാശാലയിലേക്കുള്ള വളര്‍ച്ചയ്ക്കു കരുത്തേകിയതു സമ്പന്നമായ പാരമ്പര്യവും സംസ്‌കാരവും തന്നെ. വൈകാതെ, വിദ്യാഭ്യാസത്തിന്റെയും സാംസ്‌കാരികതയുടെയും രാജ്യാന്തര കേന്ദ്രമായി നളന്ദ മാറി. പഠനത്തിലും ചിന്തകളിലും ആശയപ്രകാശനത്തിലും കര്‍മത്തിലും അളവില്ലാത്ത സ്വാതന്ത്ര്യത്തിന്റെ പര്യായമായി പണ്ഡിതര്‍ ഈ ഉന്നതവിദ്യാകേന്ദ്രത്തെ വളര്‍ത്തി. പ്രാചീന ഭാരതത്തില്‍ നിലനിന്നിരുന്ന തക്ഷശില, ഉജ്ജയിനി, വല്ലഭി, വിക്രമശില, അമരാവതി തുടങ്ങിയ സര്‍വകലാശാലകളിലെന്നപോലെ വിദ്യാര്‍ഥികള്‍ക്കു താമസിച്ചുപഠിക്കാനുള്ള സൗകര്യമുണ്ടായിരുന്നു നളന്ദയില്‍. ലോകോത്തര വിദ്യാകേന്ദ്രമെന്ന നിലയില്‍ പല സവിശേഷതകളുണ്ടായിരുന്നു നളന്ദ സര്‍വകലാശാലയ്ക്ക്. പ്രാചീനകാലത്തു തന്നെ പ്രവേശനപ്പരീക്ഷ നടപ്പാക്കിയിരുന്ന കേന്ദ്രമായിരുന്നു ഇത്. പ്രവേശനം തേടിയെത്തുന്നവരെ പ്രവേശനകവാടത്തില്‍ തന്നെ മുഖാമുഖം നടത്തിയ ശേഷമാണ് അകത്തേക്കു പ്രവേശിപ്പിച്ചിരുന്നത്. കാവല്‍ക്കാരായി നിന്നിരുന്നതു പണ്ഡിതന്‍മാരായിരുന്നു. ഏതു വിഷയത്തില്‍ അറിവു നേടാനാണോ വരുന്നത് അത്തരം വിദ്യാര്‍ഥികളെ അതാതു വിഷയത്തില്‍ പ്രാവിണ്യമുള്ളവരായിരുന്നു മുഖാമുഖം നടത്തി തെരഞ്ഞെടുത്തിരുന്നത്. പ്രവേശന കവാടത്തില്‍ വിദ്യാര്‍ഥികള്‍ നേരിടേണ്ടിവന്നിരുന്നതു പലപ്പോഴും കടുപ്പമേറിയ ചോദ്യങ്ങളായിരുന്നു. പണ്ഡിതന്‍മാര്‍ പോലും പ്രവേശനപ്പരീക്ഷയില്‍ പലപ്പോഴും പരാജയപ്പെട്ടു. പത്തു പണ്ഡിതര്‍ പ്രവേശനം തേടിയെത്തിയാല്‍ അതില്‍ ഏഴും എട്ടും പേര്‍ വരെ പരാജയപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. പ്രവേശനം ലഭിക്കുന്നതുവരെ വീണ്ടും വീണ്ടും നളന്ദയുടെ വാതില്‍ക്കല്‍ അറിവുള്ളവര്‍ വീണ്ടുമെത്തിക്കൊണ്ടിരുന്നു. അറിവു മാത്രമായിരുന്നു പ്രവേശനത്തിനു മാനദണ്ഡം. ഏതാനും ഗ്രാമങ്ങളില്‍നിന്നുള്ള നികുതിവരുമാനം നളന്ദ സര്‍വകലാശാലയ്ക്കു കൈമാറുകവഴി രാജാക്കന്‍മാര്‍ തന്നെയാണു ക്‌ളാസുകളുടെയും ഹോസ്റ്റലുകളുടെയും അമ്പളങ്ങളുടെയുമൊക്കെ നടത്തിപ്പിനുള്ള പണം നല്‍കിയിരുന്നത്. എന്നാല്‍, രാജകുടുംബത്തില്‍ പെട്ടവര്‍ക്കു പോലും വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതില്‍ ഒരു അധികാരവുമുണ്ടായിരുന്നില്ല. വിജ്ഞാനദാഹിയായിരുന്ന ചൈനീസ് സഞ്ചാരി ഹ്യയാന്‍ സാങ് വിദ്യാര്‍ഥിയും അധ്യാപകനുമായി 17 വര്‍ഷം നളന്ദയിലുണ്ടായിരുന്നു. ലോകത്തിന്റെ നാനാഭാഗങ്ങില്‍നിന്നു പണ്ഡിതര്‍ സംശയനിവാരണത്തിനായി നളന്ദയിലെത്തിയിരുന്നുവെന്നു ഹ്യുയാന്‍ സാങ് രേഖപ്പെടുത്തിയിട്ടുണ്ട്. ഭാരതത്തിന്റെ അറിവിന്റെ ആഴമുള്‍ക്കൊണ്ടവരും പാരമ്പര്യവും സംസ്‌കാരവും ഉയര്‍ത്തിപ്പിടിക്കുന്നവരുമായിരുന്നു സര്‍വകലാശാലയുടെ കാവല്‍ക്കാരായി നിന്നിരുന്നത്. മതം, തത്വചിന്ത, നിയമം, ജീവിതം തുടങ്ങിയ വിഷയങ്ങളില്‍ ആരുമായും ചര്‍ച്ച നടത്താന്‍ കെല്‍പുള്ളവരായിരുന്നു അവരൊക്കെ. നളന്ദയില്‍ പഠിക്കുന്നതു വലിയ അംഗീകാരമായാണ് അക്കാലത്തു ലോകം വിലയിരുത്തിയിരുന്നത്. വൈദ്യശാസ്ത്രമുള്‍പ്പെടെ ശാസ്ത്രശാഖകളെല്ലാം പഠിപ്പിച്ചിരുന്നു. വേദങ്ങളും ഉപനിഷത്തുക്കളും പാണിനീയവും ഉച്ചാരണശാസ്ത്രവും അസ്ത്രവിദ്യയും യോഗയുമൊക്കെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ജയസേനനില്‍നിന്നാണു താന്‍ യോഗവിദ്യ പഠിച്ചതെന്നു ഹ്യൂയാന്‍ സാങ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒറീസയില്‍ നടക്കുന്ന സംവാദത്തിലേക്ക് ചക്രവര്‍ത്തിയായ ഹര്‍ഷന്‍ ആവശ്യപ്പെട്ടപ്രകാരം സര്‍വകലാശാലയുടെ അധിപനായ ശിലഭദ്രന്‍ അയച്ച് നാലു പണ്ഡിതരില്‍ ഒരാള്‍ ഹ്യുയാന്‍ സാങ്ങായിരുന്നു. സംസ്‌കൃതജ്ഞാനം നളന്ദയിലെ പഠനത്തിന് അനിവാര്യമായിരുന്നു. ക്‌ളാസുകളും ചര്‍ച്ചകളുമായിരുന്നു പഠനത്തിന്റെ രീതി. രാത്രിയോളം നീളുന്നതായിരുന്നു പലപ്പോഴും ക്‌ളാസുകള്‍. സംവാദങ്ങള്‍ തളര്‍ത്തിയിരുന്നില്ലെന്നു മാത്രമല്ല, അതായിരുന്നു നളന്ദ സര്‍വകലാശാലയിലെ പണ്ഡിതര്‍ക്ക് ഊര്‍ജം പകര്‍ന്നിരുന്നത്. ഗുരുശിഷ്യബന്ധത്തിന്റെ മഹനീയ മാതൃകയായിരുന്നു നളന്ദയിലുണ്ടായിരുന്നത്. ഗുരുവിനു ശിഷ്യനുമേല്‍ സമ്പൂര്‍ണ നിയന്ത്രണം അനുവദിച്ചിരുന്നെങ്കിലും പാഠ്യവിഷയങ്ങളില്‍ വിയോജിക്കാനും സംവാദം നടത്താനും സ്വാതന്ത്ര്യമുണ്ടായിരുന്നു. വിദ്യാര്‍ഥികളില്‍നിന്നു ക്‌ളാസുകള്‍ക്കു ഫീസ് ചുമത്തിയിരുന്നില്ല. ഭക്ഷണവും താമസസൗകര്യവും സൗജന്യമായിരുന്നു. വിദ്യാര്‍ഥികളെ ശിക്ഷിച്ചിരുന്നില്ല. വിദ്യാര്‍ഥികളുടെ പോരായ്മകള്‍ക്ക് അധ്യാപകര്‍ സ്വയം ശിക്ഷിക്കുകയായിരുന്നു പതിവ്. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തിനു സമാനം ഹൃദയബന്ധമുണ്ടായിരുന്നു അധ്യാപകരും വിദ്യാര്‍ഥികളും തമ്മില്‍. തന്റെ വിദ്യാര്‍ഥി തന്നെക്കാള്‍ പാണ്ഡിത്യമുള്ളവനായിത്തീരുന്നതായിരുന്നു അധ്യാപകരെ ഏറ്റവും സന്തോഷിപ്പിച്ച കാര്യം. നൂറ്റാണ്ടുകളോളം ലോകജനതയുടെ വിജ്ഞാനദാഹം തീര്‍ത്ത നളന്ദയെന്ന അഗ്നിനാളം ഊതിക്കെടുത്തുകയെന്നത് അധിനിവേശശക്തികള്‍ ഒരു പ്രധാന ലക്ഷ്യമായിരുന്നു. നൂറ്റാണ്ടുകള്‍ കൊണ്ട് എത്രയോ പണ്ഡിതര്‍ വളര്‍ത്തിയെടുത്തു ലോകത്തിനായി കരുതിവെച്ച അറിവിന്റെ അക്ഷയഖനി തച്ചുടയ്ക്കാന്‍ അക്രമിപ്പടയാളികള്‍ക്കു നിമിഷങ്ങള്‍ മാത്രമേ വേണ്ടിവന്നുള്ളൂ. നളന്ദയിലെ ലോകപ്രശസ്തമായ രത്‌നബോധിനിയെന്ന വായനശാലയെങ്കിലും നശിപ്പിക്കാതെ ബാക്കിനിര്‍ത്തണമെന്നാവശ്യപ്പെട്ടു ചില സന്യാസിമാര്‍ അധിനിവേശക്കാരുടെ കാല്‍ക്കല്‍ വീണത്രെ. എന്നാല്‍ അവരെക്കൂടി വായനശാലയിലെ പുസ്തകങ്ങള്‍പ്പെം അഗ്നിക്കിരയാക്കുയാണത്രെ ഉണ്ടായത്. ബാക്കിയുള്ളവര്‍ ഓടിരക്ഷപ്പെടാന്‍ നിര്‍ബന്ധിതരാകുക കൂടി ചെയ്തതോടെ ലോകം കണ്ട ഏറ്റവും മഹത്തായ വിദ്യാകേന്ദ്രം എന്നെന്നേക്കുമായി നശിച്ചു. നളന്ദ സര്‍വകലാശാല അപ്രത്യക്ഷമായത് ഭാരതത്തിന്റെ പാണ്ഡിത്യസാഗരത്തെ എത്രയോ തളര്‍ത്തി. അറിവിനു പകരം ശൂന്യതയിലേക്കു കണ്ണയക്കേണ്ടിവന്നപ്പോള്‍ ജിജ്ഞാസ നിറഞ്ഞ മനസ്സുകള്‍ നിരാശയില്‍ മുങ്ങി.
.

Back to Top