Sanathanam

ഗോമാതാവ് ഭാരതത്തിന്റേതു മാത്രമായതെങ്ങനെ?

ന്യൂഡെല്‍ഹി: സമൃദ്ധിയെയും ഫലഭൂയിഷ്ഠതയെയും ഗോക്കളെയും സമാനമായി കണ്ട് ആരാധിച്ചിരുന്നു പ്രാചീനലോകം. വന്‍കരകള്‍ക്കു കുറുകെ, സര്‍വജാതിമതസ്ഥരും ഗാമാതാവിനെ നേരിട്ടോ പശുക്കളെ സംരംക്ഷിക്കുന്ന ദേവതകളെയോ ആരാധിച്ചിരുന്നുവെന്നു ചരിത്രം വെളിപ്പെടുത്തുന്നു. സ്വാര്‍ഥതയുടെ അന്ധകാരം ബാധിക്കുകയും പ്രകൃതിയുമായുള്ള ബന്ധം തകരാറിലാകുകയും ചെയ്തതോടെയാണു പാശ്ചാത്യലോകം കന്നുകാലികളെ വെറും വില്‍പനച്ചരക്കും ഭക്ഷ്യവസ്തുവും മാത്രമായി കണ്ടുതുടങ്ങിയത്. പശുക്കളെ മാതൃസ്ഥാനത്തു കാണുന്ന സങ്കല്‍പം, എല്ലാറ്റിനെയും വാണിജ്യദൃഷ്ടിയോടെ കാണുന്ന പാശ്ചാത്യരീതിയില്‍നിന്നു വേറിട്ടുനിന്ന ഭാരതത്തില്‍ മാത്രമായി ചുരുങ്ങിയത് ഇങ്ങനെയാണെന്നും നിരീക്ഷിക്കപ്പെടുന്നു.
സ്വര്‍ഗദേവതയായാണ് ഈജിപ്ഷ്യന്‍ ദേവിയായ ഹാഥര്‍ ആരാധിക്കപ്പെട്ടിരുന്നത്. പ്രപഞ്ചത്തിനു ജന്‍മമേകിയ സൃഷ്ടിയുടെ ദേവതയാണു ഹാഥര്‍. വയറു നിറയെ പാല്‍ ചുരത്തിനല്‍കി കുഞ്ഞു ഫറോവയ്ക്കു ദിവ്യത്വം പകര്‍ന്നുനല്‍കിയതു ഈ ദേവതയാണെന്നാണു വിശ്വാസം. ഹാഥറിന്റെ രൂപം ചിറകുകളുള്ള ഗോവിന്റേതാണ്. രണ്ടു കൊമ്പുകള്‍ക്കിടയില്‍ സൂര്യഭഗവാന്‍ നില്‍ക്കുന്ന രീതിയിലും ഹാഥര്‍ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. സൂര്യദേവനായ രായുമായി ബന്ധപ്പെടുത്തി ആകാശഗംഗയെ പ്രതിനിധാനം ചെയ്യുന്നു ഹാഥര്‍ എന്നും വിശ്വാസമുണ്ട്. ഫലഭൂയിഷ്ഠതയുടെ ദേവതയാണു ഹാഥര്‍. നൈല്‍ നദി നിറഞ്ഞൊഴുകി തീരങ്ങളെ നനവുള്ളതാക്കുന്നത് ഈ ദേവതയുടെ അനുഗ്രഹത്താലാണത്രെ.
മറ്റൊരു കാലഘട്ടത്തില്‍ ബാത്ത എന്ന ഗോദേവതയെ ആരാധിച്ചിരുന്നു. ആത്മാവുമായി ബന്ധപ്പെട്ടുള്ളതാണ് ഈ ദേവതാസങ്കല്‍പം. മരണാനന്തരജീവിതത്തെ നിര്‍ണയിക്കുന്ന ദേവതയാണു ബാത്തയെന്നും വിശ്വസിച്ചുപോന്നിരുന്നു.
അയര്‍ലന്റില്‍ പ്രാചീനകാലത്ത് ഒട്ടേറെ ഗോദൈവങ്ങളുണ്ടായിരുന്നത്രെ. ഇതില്‍ ദില്‍, ദോമന എന്നിവ ഫലഭൂയിഷ്ഠതയുടെ ദേവതകളാണ്. ബോ ഫിന്‍ഡ് എന്ന വെളുത്ത പശുവായി ചിത്രീകരിക്കപ്പെടുന്ന ദേവതയാണ് തരിശുഭൂമിയായ അയര്‍ലന്‍ഡിനെ ഫലഭൂയിഷ്ഠമാക്കി പച്ചപ്പണിയിച്ചതെന്നാണു വിശ്വാസം. പടിഞ്ഞാറന്‍ കടലില്‍നിന്നു സഹോദരീദേവതകളായ ബോ റ്വാഥ്, ബോ ധു എന്നിവരോടൊപ്പമാണ് ബോ ഫിന്‍ഡ് എത്തിയതെന്നാണു വിശ്വാസം. ചുവന്ന പശുവിന്റെ രൂപമാണ് ബോ റ്വാഥിന്. ബോ ധുവിനു കറുത്ത പശുവിന്റെ രൂപവും. മൂന്നു ദേവതകളുടെയും വ്യത്യസ്ത വര്‍ണങ്ങള്‍ സൂചിപ്പിക്കുന്നതു ചന്ദ്രന്റെ വര്‍ണത്തിലുള്ള വ്യതിയാനത്തെയാണത്രെ. മൂന്നു സഹോദരിമാരും അയര്‍ലന്‍ഡിന്റെ ഓരോ ഭാഗങ്ങളിലേക്കു പോകുകയായിരുന്നത്രെ. മധ്യഭാഗത്തെത്തിയ ബോ ഫിന്‍ഡ് രണ്ടു പശുക്കിടാങ്ങളെ പ്രസവിച്ചു- ഒരാണും ഒരു പെണ്ണും. ഇതില്‍ പശു പാല്‍ നല്‍കിയും കാള നിലമുഴുതു നല്‍കിയും ജനങ്ങളെ സഹായിച്ചു. ജോലി പൂര്‍ത്തിയായതോടെ പശുവും കാളയും കടലിലേക്കു തിരികെ പോയെന്നാണു വിശ്വാസം.
പശുക്കളുടെയും ആരോഗ്യത്തിന്റെയും മൂര്‍ത്തിയായ അനുവാണു മറ്റൊരു ദേവത. മരണവുമായും മറ്റും ബന്ധപ്പെട്ടുള്ളതാണ് ഈ ദേവതയെക്കുറിച്ചുള്ള വിശ്വാസങ്ങള്‍. പക്ഷേ, ഇത്തരം ദേവതകളെക്കുറിച്ച് അയര്‍ലന്റുകാര്‍ക്കു പോലും ഇപ്പോള്‍ വ്യക്തമായ അറിവില്ല.
പല പ്രാചീന യൂറോപ്യന്‍ ഗോതങ്ങളുടെയും ദേവതയാണ് ബ്രിജിറ്റ്. സംസ്‌കൃതപദമായ 'ബൃഹതി'യില്‍നിന്നാണ് ബ്രിജിറ്റ് എന്ന പേരു തന്നെ ഉണ്ടായതെന്ന് ഒരു വാദമുണ്ട്. പുനര്‍ജന്‍മത്തിന്റെയും സമൃദ്ധിയുടെയും സംരക്ഷണത്തിന്റെയും ദേവതയാണിത്. ഫിയ, ഫിമീന്‍ എന്നീ രണ്ടു കാളകള്‍ ബ്രിജിറ്റ് ദേവതയുടെ സന്തതസഹചാരികളായിരുന്നു.
ബ്രൈഡ് എന്നുകൂടി പേരുണ്ടായിരുന്ന ബ്രിജിറ്റ് ക്രൈസ്തവമതം പ്രചരിച്ചുതുടങ്ങിയതോടെ വിശുദ്ധയായി അറിയപ്പെട്ടുതുടങ്ങി. ഈ വിശുദ്ധയെ പ്രസവിച്ച അവസരത്തില്‍ അമ്മയുടെ കയ്യില്‍ പാല്‍പാത്രമുണ്ടായിരുന്നെന്നും അതില്‍ കുഞ്ഞിനെ കുളിപ്പിച്ചിരുന്നുവെന്നും കഥയുണ്ട്. മറ്റു ഭക്ഷണങ്ങള്‍ കഴിക്കാന്‍ മടിച്ചിരുന്ന കുഞ്ഞിനു ചുവന്ന ചെവികളുള്ള വെളുത്ത പശുവിന്റെ പാലായിരുന്നുവത്രെ നല്‍കിയിരുന്നത്. വിശുദ്ധയായിത്തീര്‍ന്നതോടെ ഇവര്‍ക്കൊപ്പം ആവശ്യമായത്ര പാല്‍ നല്‍കുന്ന പശു എപ്പോഴുമുണ്ടായിരുന്നത്രെ. അവര്‍ മഠാധിപതി സ്ഥാനത്തെത്തിയതോടെ മഠത്തിനു പാലില്‍നിന്നും വെണ്ണയില്‍നിന്നുമുള്ള വരുമാനം അദ്ഭുതകരമാം വര്‍ധിച്ചിരുന്നുവെന്നും കഥയുണ്ട്. വിശുദ്ധയുടെ അന്ത്യത്തോടെ മഠത്തില്‍നിന്ന് അവരുടെ തലയോട്ടി പടയാളികള്‍ മോഷ്ടിച്ചെന്നും ഇതു പോര്‍ച്ചുഗലില്‍ എത്തിച്ചുവെന്നും എല്ലാ വര്‍ഷവും നടക്കുന്ന ഒരു ആഘോഷത്തിന് ഇതുമായി ബന്ധമുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇണക്കിവളര്‍ത്തിയിരുന്ന കന്നുകാലികളാണു മാനവസംസ്‌കൃതിയുടെ അടിത്തറയെന്നു സ്പഷ്ടമാക്കുന്ന തെളിവുകള്‍ ചരിത്രത്തില്‍ എത്രയോ ഉണ്ട്. പ്രകൃതിയുമായുള്ള ബന്ധം മനുഷ്യന് എത്രത്തോളം നഷ്ടപ്പെട്ടു എന്നതിന്റെ തെളിവാണു പശുക്കളെ ഇറച്ചിക്കായി കൊല്ലുന്നതില്‍ തെറ്റു കാണുന്നില്ല എന്നത്.   
ഗോമാതാവ് എന്ന സങ്കല്‍പം സാമൂഹ്യമാറ്റങ്ങള്‍ക്കിടെ ആധുനിക പാശ്ചാത്യലോകത്ത് ഒട്ടും ഇല്ലാതായിക്കഴിഞ്ഞു. മറ്റെല്ലാറ്റിനെയുമെന്നപോലെ കന്നുകാലികളെയും എങ്ങനെ ചൂഷണം ചെയ്യാമെന്ന ചിന്തയാണു നിലനില്‍ക്കുന്നത്.
.

Back to Top