Ulsavam

ഭക്തസഹസ്രങ്ങളും നൃത്തംവെക്കുന്ന തൃച്ചംബരം ഉല്‍സവം

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലാണു പഴക്കമേറെ ചെന്ന തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം. ആചാരപ്പഴമയുള്ളതാണു ചടങ്ങുകളെല്ലാം. കുംഭം- മീനത്തിലാണ് ഉല്‍സവം. തൃച്ചംബരത്തുനിന്ന് അല്‍പം മാറിയുള്ള മഴൂര്‍ ബലരാമക്ഷേത്രവുമായിക്കൂടി ബന്ധപ്പെട്ടാണ് ഉല്‍സവം നടക്കുക. തൃച്ചംബരം ക്ഷേത്രത്തിലെ കൃഷ്ണനും മഴൂര്‍ ക്ഷേത്രത്തിലെ ബലരാമനും ചേര്‍ന്നുള്ള ലീലകളാണു രണ്ടാഴ്ച നീളുന്ന ഉല്‍സവത്തില്‍ ഏറ്റവും ആകര്‍ഷണീയമായിട്ടുള്ളത്. സവിശേഷമായ തിടമ്പുനൃത്തവും ഉണ്ടിവിടെ. ഉല്‍സവത്തിനു തുടക്കമാകുതോടെ മഴുരപ്പന്റെ(ബലരാമന്‍) വിഗ്രഹം എഴുന്നള്ളിച്ച് തൃച്ചംബരം ക്ഷേത്രത്തിലെത്തിക്കും. പിന്നീടുള്ള ദിവസങ്ങളില്‍ പൂക്കോത്ത് നടയിലാണ് കൃഷ്ണവിഗ്രഹവും ബലരാമ വിഗ്രഹവും ഒന്നിച്ചുള്ള തിടമ്പുനൃത്തം. രാത്രി വൈകി നടക്കുന്ന നൃത്തത്തിനു മുന്‍പു ഗൗരവമേറിയ സാംസ്‌കാരിക സദസ്സുകളും പ്രശസ്ത കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും പതിവാണ്. സമീപ പ്രദേശങ്ങളില്‍നിന്നും അന്യനാടുകളില്‍നിന്നുമായി വന്‍ ജനാവലി കാണികളായെത്തും. കുംഭം 22നു തുടങ്ങുന്ന ഉല്‍സവത്തിനു സമാപനം കുറിക്കുന്ന മീനം ആറിനാണു പ്രശസ്തമായ കൂടിപ്പിരിയല്‍. ഉച്ചകഴിയുതോടെ നൃത്തച്ചുവടുകളുമായി കൃഷ്ണനും ബലരാമനും പൂക്കോത്തുനടയില്‍ എത്തും. കൗതുകമേറിയ രംഗങ്ങളാണു പിന്നീട്. ഒരുമിച്ചു കളിച്ചുനടക്കുന്നതിനിടെ ഇരുവരും കൂട്ടംപിരിഞ്ഞോടും. ബലരാമന്‍ മഴൂര്‍ ക്ഷേത്രം ലക്ഷ്യംവച്ചും ശ്രീകൃഷ്ണന്‍ തൃച്ചംബരം അമ്പലം ലക്ഷ്യംവച്ചും ഓടുന്നുവെന്നാണു വിശ്വാസം. ഇരുദിശകൡലേക്കായി കുറേ ഓടിയകന്ന ശേഷം ഇരുവരും വീണ്ടും തിരികെയെത്തി ഒരുമിച്ചു നൃത്തം തുടരും. ഇപ്രകാരം അകന്നും അടുത്തും ഏറെനേരം കളിച്ചശേഷം സന്ധ്യയോടെയാണു പിരിയുക. നൃത്തക്കാര്‍ക്കും വാദ്യക്കാര്‍ക്കുമൊപ്പം ഭക്തജനങ്ങളും ഓട്ടത്തില്‍ പങ്കെടുക്കുന്നതും കാഴ്ചയ്ക്കു കൗതുകകരമായ ഒന്നാണ്.
.

Back to Top