Yogaveethi

ലോകം പരവതാനി വിരിച്ച യോഗ ദിനം

ന്യൂഡെല്‍ഹി: ആരോഗ്യത്തിന്റെയും ആനന്ദത്തിന്റെയും പ്രതീകമായി പ്രാചീനഭാരതം ഋഷിവര്യനായ പതഞ്ജലിയിലൂടെ തുടക്കമിട്ട യോഗയ്ക്കു ലോകം പരവതാനി വിരിച്ചു. ആധുനിക ലോകത്തിന്റെ സംഘര്‍ഷത്തിനും ജീവിതശൈലീരോഗങ്ങള്‍ക്കും മാത്രമല്ല, ലോകസമാധാനത്തിനുമായാണു പരിഷ്‌കൃതസമൂഹം യോഗയിലേക്കു തിരിയുന്നത്. മാസങ്ങള്‍ക്കു മുന്‍പു പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യരാഷ്ട്രസഭയില്‍ കൊളുത്തിയ തിരിയാണു മാനവസമൂഹത്തിന് അനുഗ്രഹമായിത്തീര്‍ന്നത്. യോഗയെന്ന അദ്ഭുതത്തെ മറ്റു രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ തുറന്നിടുകവഴി എല്ലായിടത്തെയും ജനങ്ങളുമായി ഹൃദയംകൊണ്ടും മനസ്സുകൊണ്ടും കൂടുതല്‍ അടുക്കാന്‍ സാധിച്ചുവെന്ന് രാവിലെ തലസ്ഥാനനഗരിയിലെ രാജവീഥിയായ രാജ്പഥില്‍ ജനസഹസ്രങ്ങള്‍ക്കൊപ്പം യോഗാസന പ്രദര്‍ശനത്തില്‍ പങ്കെടുത്ത നരേന്ദ്ര മോദി പറഞ്ഞു. 37,000 പേരെയാണു പ്രതീക്ഷിച്ചതെങ്കില്‍ അതിലേറെപ്പേര്‍ പങ്കെടുത്തതായി കണക്കാക്കപ്പെടുന്ന ന്യൂഡെല്‍ഹിയിലെ യോഗ പ്രദര്‍ശം ലോക റെക്കോഡുകള്‍ രേഖപ്പെടുത്തുന്ന ഗിന്നസ് ബുക്കില്‍ ഇടം നേടുകയും ചെയ്തു.
ഭാരതത്തില്‍ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളില്‍ മാത്രമല്ല നഗരങ്ങളിലും ഗ്രാമങ്ങളിലുമൊക്കെ യോഗ പ്രദര്‍ശനവും അനുബന്ധ പരിപാടികളും അരങ്ങേറി. രാവിലെ ആറു മണിക്ക് ആരംഭിച്ച പരിപാടികള്‍ പലയിടത്തും വൈകുന്നേരംവരെ നീണ്ടു. ജാതിമതഭേദമന്യേ, ജനതയുടെ ആഘോഷമായി യോഗ ദിനം മാറി.
കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ വിവിധ വിദേശ രാഷ്ട്രങ്ങൡലായി 192 കേന്ദ്രങ്ങളില്‍ ജനക്കൂട്ടം യോഗ ചെയ്തു. ചരിത്രമുറങ്ങുന്ന ബ്രിട്ടനിലെ തേംസ് നദിക്കരയിലും പാരീസിലെ ഈഫല്‍ ടവറിനു കീഴിലും നൂറുകണക്കിനു പേര്‍ കൂട്ടമായെത്തി യോഗ ചെയ്യാന്‍ വിരിയിട്ടു. വാഷിംങ്ടണിലെ നാഷണല്‍ മാളിന്റെ മുറ്റത്തും ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറിലും സിഡ്‌നിയിലെ ഓപ്പറ ഹൗസിനു മുന്നിലും നടന്ന യോഗ പ്രദര്‍ശനം പങ്കാളിത്തംകൊണ്ടും കാഴ്ചക്കാരുടെ ബാഹുല്യംകൊണ്ടും ശ്രദ്ധയാകര്‍ഷിച്ചു. യോഗ അനിസ്ലാമികമാണെന്ന ബാലിശമായ വാദത്തെ മുസ്ലിം ലോകം തള്ളിക്കളഞ്ഞുവെന്നതിനു തെളിവാണ് 47 ഇസ്ലാമിക രാഷ്ടങ്ങളില്‍ യോഗ ദിനം സാഘോഷം കൊണ്ടാടിയെന്നത്.  
യു.എസില്‍ പലയിടത്തും നടന്ന യോഗ ദിനാഘോഷത്തില്‍ ആവേശപൂര്‍വമാണു ജനങ്ങള്‍ പങ്കെടുത്തത്. വൈറ്റ് ഹൗസിനു സമീപം നാഷണല്‍ മാളിലെ സില്‍വിയന്‍ തിയറ്റര്‍ സ്റ്റേജില്‍ യോഗ ഡേ 2015 എന്ന ഹാഷ് ടാഗ് അച്ചടിച്ച ടീ ഷര്‍ട്ട് ധരിച്ചാണു മിക്കവരും പ്രദര്‍ശനത്തിനെത്തിയത്. ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറിലാകട്ടെ, എല്ലാവരും ചുവന്ന പായ വിരിച്ചു യോഗ ചെയ്തതു കൌതുകമായി.
ബ്രിട്ടനില്‍ മുപ്പതിലേറെ സ്ഥലങ്ങളില്‍ യോഗ പ്രദര്‍ശനമുണ്ടായി. പ്രധാന പരിപാടി ലണ്ടനില്‍ തേംസ് നദിക്കരയിലായിരുന്നു. ദീപം തെളിയിച്ച ശേഷം വ്യായാമമുറകളും പ്രഭാഷണവും നടന്നു. പ്രാചീന പാഗന്‍ മതാരാധനാ കേന്ദ്രമായ സാലിസ്ബറിയിലെ സ്റ്റോണ്‍ഹെഞ്ചില്‍ പ്രത്യേക യോഗ ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
ചരിത്രവിസ്മയമായ പാരീസിലെ ഈഫല്‍ ടവറിനു കീഴെ ശുഭ്രവസ്ത്രധാരികളായ നൂറകണക്കിനു പേര്‍ മഞ്ഞപ്പായ വിരിച്ചു യോഗാഭ്യാസം നടത്തി. ഏപ്രിലില്‍ ഫ്രഞ്ച് പ്രസിഡന്റ് ഹോളാന്റെയ്‌ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി ബോട്ടില്‍ സഞ്ചരിച്ചിരുന്ന സിയെന്‍ നദിയില്‍ ബോട്ടുകളിലും യോഗ പ്രദര്‍ശനം നടന്നു. ഇന്ത്യന്‍ എംബസിയും ശ്രീ ശ്രീ രവിശങ്കര്‍ ഫൗണ്ടേഷനും ചേര്‍ന്നാണ് ഫ്രാന്‍സില്‍ യോഗ ദിന പരിപാടികള്‍ ആസൂത്രണം ചെയ്തത്.
ഭാരതത്തിന്റെ അയല്‍രാജ്യമായ ചൈനയ്ക്ക് യോഗയുടെ സന്ദേശം പുതുമയുള്ളതല്ല. നേരത്തേ തന്നെ നല്ല പ്രചാരമുണ്ട് യോഗയ്ക്ക്. എത്രയോ പേര്‍ നിത്യമായി യോഗ അഭ്യസിക്കുന്നുണ്ട്. ഐക്യരാഷ്ട്രസഭയില്‍ യോഗ ദിനത്തിന് അനുകൂലമായി ചൈന വോട്ട് ചെയ്തിരുന്നു. ബീജിങ്ങിലുള്ള ഇന്ത്യന്‍ എംബസിയും ഷാംഗ്ഹായ്, ഗ്വാങ്‌സു, ഹോങ്കോംങ് എന്നിവിടങ്ങളിലുള്ള കോണ്‍സുലേറ്റുകളും ചേര്‍ന്നാണു യോഗ ദിന പരിപാടികള്‍ ആസൂത്രണം ചെയ്തത്. ബീജിങ്ങില്‍ മാത്രം 16 പരിപാടികള്‍ നടന്നു. 14 നഗരങ്ങളില്‍ പ്രദര്‍ശനം നടന്നു. പീക്കിംങ് സര്‍വകലാശാലയില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ ചൈനീസ് സര്‍ക്കാരിന്റെ പ്രതിനിധികളും ഇന്ത്യന്‍ അംബാസഡര്‍ അശോക് കെ.കാന്തയും പങ്കെടുത്തു.
ഓസ്‌ട്രേലിയയില്‍ ആയിരക്കണക്കിനു പേര്‍ യോഗാഭ്യാസത്തിനെത്തി. യോഗയുടെ അന്തര്‍ദേശീയ പ്രസക്തിയെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട് ഉയര്‍ത്തിക്കാട്ടി. ആഗോളതലത്തില്‍ സമൂഹത്തിനു മികച്ച ആരോഗ്യം പ്രദാനം ചെയ്യാന്‍ യോഗയ്ക്കു സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മെല്‍ബണില്‍ സൂര്യനമസ്‌കാരത്തോടെയാണ് ആസനങ്ങള്‍ തുടങ്ങിയത്. സിഡ്‌നിയിലും കാന്‍ബെറയിലുമുള്‍പ്പെടെ പല സ്ഥലങ്ങളില്‍ ജനം യോഗ ദിനത്തെ വരവേറ്റു.
സിംഗപ്പൂരില്‍ 50 കേന്ദ്രങ്ങളിലാണു പരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്. നാലായിരത്തിലേറെ പേര്‍ പങ്കെടുത്തതായാണു കണക്ക്. പരിപാടികള്‍ രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതായിരുന്നു. സിംഗപ്പൂര്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ മന്ത്രിയായ ഗ്രേസ് ഫുയും ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിജയ് ഠാക്കൂര്‍ സിങ്ങും നേതൃത്വ നല്‍കി.
നേപ്പാളില്‍ നടന്ന യോഗ പ്രദര്‍ശനത്തില്‍ ബോളിവുഡ് താരം മനീഷ കൊയ്‌രാള ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കാളികളായി. കനത്ത മഴയെ വെല്ലുവിളിച്ചുനടന്ന പ്രദര്‍ശനപരിപാടിയില്‍ ഭാഗമാകാന്‍ എണ്ണൂറിലേറെ പേരെത്തി. 30 മിനുട്ട് ആസനങ്ങള്‍, പ്രാണായാമം, അഞ്ചു മിനുട്ട് ധ്യാനം എന്നിവ ഉള്‍പ്പെടുത്തിയുള്ളതായിരുന്നു പ്രദര്‍ശനം. നേപ്പാള്‍ ഉപരാഷ്ട്രപതി പരമാനന്ദ ഝാ ഉള്‍പ്പെടെയുള്ളവര്‍ നേതൃത്വം നല്‍കി. തായ്‌ലാന്റില്‍ ബാങ്കോക്കിലും ചിയാംങ്‌മെയിലും ഫുക്കേതിലും പട്ടായയിലും യോഗ ദിനം ആഘോഷിച്ചു. ജപ്പാന്റെ വിവിധ ഭാഗങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നുവെന്ന് ഇന്ത്യന്‍ അംബാസഡര്‍ ദീപ വാധ്വാ വ്യക്തമാക്കി.
.

Back to Top