Yogaveethi

യോഗ ദിനാചരണത്തിനു നേരെ ആക്രമണമുണ്ടാകാമെന്ന്; സുരക്ഷ ശക്തമാക്കി

ന്യൂഡെല്‍ഹി: ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ജൂണ്‍ 21നു നടക്കുന്ന അന്തര്‍ദേശീയ യോഗ ദിനാചരണത്തിന്റെ ഭാഗമായി രാജ്പഥില്‍ നിശ്ചയിച്ചിട്ടുള്ള ചടങ്ങിനു നേരെ ഭീകരര്‍ ആക്രമണശ്രമം നടത്തിയേക്കുമെന്ന് ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ യോഗ പ്രദര്‍ശനം നടക്കാനിരിക്കുന്ന പ്രദേശത്തു സുരക്ഷാസന്നാഹം ശക്തിപ്പെടുത്തി. ആകാശമാര്‍ഗം ആക്രമണം നടക്കാനിടയുണ്ടെന്നാണു മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ പട്ടങ്ങള്‍, ബലൂണുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാം പറത്തുന്നതിനു വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 
രാജ്പഥില്‍ നടക്കുന്ന യോഗ ദിനാചരണച്ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രിമാരും ബാബാ രാംദേവ് ഉള്‍പ്പെടെയുള്ള യോഗ ഗുരുക്കന്‍മാരും പൗരപ്രമുഖരും മുതിര്‍ന്ന ഉദ്യോഗസ്ഥരും സംബന്ധിക്കുന്നുണ്ട്. 50 രാജ്യങ്ങളില്‍നിന്നായി നൂറിലേറെ വിദേശികികളും പങ്കെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ സുരക്ഷാഭീഷണി ഉയര്‍ന്നതു ഗൗരവത്തോടെയാണു പോലീസ് കാണുന്നത്. 
രാജ്പഥിലും സമീപപ്രദേശങ്ങളിലുമായി അയ്യായിരത്തോളം ആയുധധാരികളായ സുരക്ഷാ സൈനികരെ വിന്യസിച്ചിട്ടുണ്ട്. വിവിധ സുരക്ഷാ ഏജന്‍സികള്‍ക്കു ജാഗ്രതപാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. ആകാശത്തിലൂടെയുള്ള ആക്രമണത്തെ തടുക്കാനായി പട്ടങ്ങള്‍, ബലൂണുകള്‍, പറക്കുന്ന മറ്റു വസ്തുക്കള്‍ എന്നിവയ്ക്കു വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ചടങ്ങു പകര്‍ത്താന്‍ ഡ്രോണ്‍ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
 
.

Back to Top