Ulsavam

തിരുവണ്ണൂര്‍ ശൂരസംഹാര മഹോല്‍സവം ഉണര്‍ത്തുന്നതു ഗതകാലസ്മൃതി

കോഴിക്കോട് തിരുവണ്ണൂര്‍ സുബ്രഹ്മണ്യക്ഷേത്രത്തിലെ ശൂരസംഹാര മഹോല്‍സവം വ്യത്യസ്തതകൊണ്ടു വിശ്വാസികളും അല്ലാത്തവരും ഉള്‍പ്പെടുന്ന വലിയ വിഭാഗം ജനങ്ങളെ ആകര്‍ഷിക്കുന്നു. തിന്‍മയ്ക്കു മെലെ നന്‍മയുടെ ജയാഘോഷമാണു ശൂരസംഹാര ഉല്‍സവമെന്നാണു വിശ്വാസം. ആല്‍ത്തറയ്ക്കടുത്തു നടക്കുന്ന പ്രതീകാത്മക യുദ്ധത്തിനു ശേഷമാണു ശൂരസംഹാരം അരങ്ങേറുക. ദേവാസുരത്തിന്റെ തനിയാവര്‍ത്തനമായാണ് ഇതു വീക്ഷിക്കപ്പെടുന്നത്.
അസുര രാജാവായ ശൂരപത്മന്‍ ത്രിമൂര്‍ത്തികളില്‍നിന്നു നേടിയ വരങ്ങളുടെ ബലത്തില്‍ ദേവലോകവും അസുരലോകവും കയ്യടക്കി. അസുരന്‍മാരുടെ ദുര്‍ഭരണത്തില്‍ പൊറുതിമുട്ടിയ ദേവന്‍മാര്‍ ശിവനോടു പരാതി പറഞ്ഞു. തുടര്‍ന്ന് അസുര നിഗ്രഹത്തിനാണത്രെ ശിവതനയനായി സുബ്രഹ്മണ്യന്റെ ജനനം. അവതാരോദ്ദേശ്യ പൂര്‍ത്തീകരണത്തിന്റെ ഭാഗമായി സുബ്രഹ്മണ്യന്‍, രണ്ട് അസുരന്‍മാരെയും വധിച്ചുവെന്നും ഐതിഹ്യം പറയുന്നു. താരകാസുരനെയും ശൂരപത്മാസനനെയുമാണു സുബ്രഹ്മണ്യന്‍, ഗണപതിയുടെയും സേനാനായകനായ വീരബാഹുവിന്റെയും സഹായത്തോടെ വധിച്ചത്.
സുബ്രഹ്മണ്യന്റെയും ഗണപതിയുടെയും തേരുകളും താരകാസുരന്‍, ശൂരപത്മന്‍, വീരബാഹു എന്നിവരുടെ കോലങ്ങളേന്തിയ കൈവണ്ടികളും ആല്‍ത്തറയ്ക്കു വലംവയ്ക്കുന്നതോടെയാണു യുദ്ധം തുടങ്ങുക. നൂറുകണക്കിനു ഭക്തരും വാദ്യക്കാരും അകമ്പടിയായി ഓടി യുദ്ധക്കാരെ പ്രോല്‍സാഹിപ്പിക്കും.
.

Back to Top