ആവേശത്തിന്റെ അലകളുമായി ആറന്മുള വള്ളംകളി
May 30 2015
ചെങ്ങന്നൂര്‍: ആറന്മുള ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യത്തിന്റെ അടിസ്ഥാനത്തിലാണ് ആറന്മുള വള്ളംകളി നടത്തിപ്പോരുന്നത്. ചിങ്ങത്തിലെ ഉത്രട്ടാതിക്കാണു വള്ളംകളി നടക്കുക.
മഹദ്കര്മമായി കരുതി ഒരു ഭക്തനെ ഒരു ദിവസം എന്ന ക്രമത്തില്‍ ഊട്ടുന്നതു ശീലമാക്കിയ ബ്രാഹ്മണന്റെ അടുക്കല്‍ ഒരു നാള് ഭക്തന്റെ വേഷത്തില്‍ ശ്രീകൃഷ്ണനെത്തിയെന്നും ആനന്ദതുന്ദിലനായ ബ്രാഹ്മണന് അമ്പലത്തിലെ തിരുവോണസദ്യ നടത്താനുള്ള സാധനങ്ങള്‍ താന്‍ നല്‍കാമെന്നു ശ്രീകൃഷ്ണന് ഉറപ്പു നല്‍കിയെന്നുമാണു കഥ. തുടര്‍ന്നു സദ്യക്കുള്ള സാധനങ്ങളുമായി ബ്രാഹ്മണന്റെ തിരുവോണച്ചെലവുതോണി പുറപ്പെട്ടു. എന്നാല്‍ വഴിയില്‍ അടുത്ത ഗ്രാമക്കാര്‍ തോണി തടഞ്ഞു. ഈ സമയത്തു ബ്രാഹ്മണന്റെ നാട്ടുകാര്‍ ചുണ്ടന്വള്ളങ്ങളിലെത്തി രക്ഷിച്ചത്രെ.
തുടര്‍ന്നാണു ഭഗവാന്റെ തിരുവോണത്തോണിക്കൊപ്പം (പൊന്നു കെട്ടിയ ചുണ്ടന്വള്ളമെന്നു സങ്കല്പം) മറ്റു വള്ളങ്ങളും അണിനിരക്കുന്ന വള്ളംകളി നടത്തിത്തടുങ്ങിയത്. പണ്ടുകാലത്ത് പടിഞ്ഞാറു ചെന്നിത്തല മുതല്‍ കിഴക്കു റാന്നി വരെയുള്ള കരകളില്‍നിന്നായി 48 വള്ളങ്ങള്‍ (പള്ളിയോടങ്ങള്‍) പങ്കെടുക്കുമായിരുന്നു. എന്നാലിപ്പോള്‍ 26 പള്ളിയോടങ്ങളാണുണ്ടാകുക. 103 അടിയോളമായിരിക്കും ഒരു പള്ളിയോടത്തിന്റെ നീളം. അമരത്തു നാലു പേരും തുഴക്കരായി നൂറു പേരും പാടാന്‍ 25 പേരുമാണു പൊതുവേ വള്ളങ്ങളില്‍ ഉണ്ടാകുക.
വള്ളങ്ങള്‍ അണിനിരക്കുന്ന ഘോഷയാത്രയില്‍ ശ്രീകൃഷ്ണ വിഗ്രഹം അലങ്കരിച്ചു കൊണ്ടുപോകും. കൗതുകമാര്‍ന്ന രീതിയില്‍ വേഷമണിഞ്ഞ കുട്ടികളും കലാരൂപങ്ങളുമുണ്ടാവും. വള്ളംകളിയുടെ തുടക്കമായി വള്ളങ്ങള്‍ ക്ഷേത്രത്തിനു സമീപം സംഗമിച്ചു ജോടികളായി ഒരുമിച്ചു നീങ്ങും. ഉച്ചയ്ക്കു ശേഷമാണു വള്ളംകളി.