Ulsavam

കൊടുങ്ങല്ലൂര്‍ ഭരണി: ഭക്തിയുടെ വേറിട്ട തലം

എറണാകുളം: കുംഭത്തിലെ ഭരണിക്കാണ് കേരളത്തിലെ 64 ഭദ്രകാളി ക്ഷേത്രങ്ങളുടെ മൂലക്ഷേത്രമെന്നു വിശ്വസിക്കുന്ന കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തിലെ ഉല്‍സവത്തിന്റെ കൊടിയേറ്റം. മീനത്തലെ അശ്വതിനാളില്‍ നടക്കുന്ന കാവുതീണ്ടലാണു ഭരണി ഉല്‍സവത്തിലെ പ്രധാന ചടങ്ങ്. ഇതില്‍ പങ്കെടുക്കാന്‍ തിരുവോണനാള്‍ മുതല്‍ ക്ഷേത്രത്തിലും ക്ഷേത്രനഗരിയിലും ഭക്തര്‍ തമ്പടിച്ചുതുടങ്ങും. കാവുതീണ്ടലിനു മുന്നോടിയായി തൃച്ചന്ദനച്ചാര്‍ത്തെന്ന ശാക്തേയ പൂജ നടത്തും. കോട്ട കോവിലകത്തുനിന്നു വലിയ തമ്പുരാന്‍ പല്ലക്കിലെത്തായണു ശാക്തേയ പൂജയ്ക്ക് അനുമതി നല്‍കുക. പൂജ കഴിഞ്ഞ് വലിയ തമ്പുരാന്‍ പരിവാരസമേതം അടികള്‍മാരുമായി ക്ഷേത്രത്തില്‍ നിന്നു പുറത്തിറങ്ങും. ഈ സമയത്ത്, ആദ്യം കാവു തീണ്ടാന്‍ അവകാശമുള്ള പാലക്കവേലന്‍ പരമ്പരാഗതവേഷത്തില്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലെത്തും. കാളീദാരിക യുദ്ധത്തില്‍ മുറിവേല്‍ക്കുന്ന ദേവിക്കു ചികില്‍സ നല്‍കുന്നതിനാണു വൈദ്യനായ പാലക്കവേലന്‍ എത്തുന്നതെന്നാണ് ഐതിഹ്യം. 
വലിയ തമ്പുരാന്‍ മുദ്രവടികള്‍ അവകാശികള്‍ക്കു കൈമാറുന്നതോടെ കാവുതീണ്ടലിന് തമ്പുരാന്റെ അനുമതി വെളിപ്പെടുത്തിക്കൊണ്ട് ചുവന്ന പട്ടുകുട ഉയരും. അവകാശത്തറകളിലും ക്ഷേത്രപരിസങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന ഭക്തസഹസ്രങ്ങള്‍ ക്ഷേത്രത്തിന്റെ ചെമ്പോലകളില്‍ മുളക്കമ്പുകള്‍ കൊണ്ട അടിച്ച് അമ്മയ്ക്കു ശരണം വിളിച്ചു പ്രദക്ഷിണം വയ്ക്കും. കാവുതീണ്ടലിനു ശേഷം വലിയ തമ്പുരാന്റെ പാദങ്ങളില്‍ നമസ്‌കരിച്ചാണു ഭക്തര്‍ മടങ്ങുക. 
യുദ്ധത്തിന്റെയും മൃഗബലിയുടെയും ചരിത്രമാണു കൊടുങ്ങല്ലൂര്‍ ഭരണിക്കു പിന്നില്‍. കീഴടക്കലില്‍ നിന്നു രക്ഷ നേടിയെടുത്തതിന്റെ വിജയപ്രഖ്യാപനവും അടിച്ചമര്‍ത്തപ്പെട്ട സാഹചര്യത്തില്‍ നിന്നു സടകുടഞ്ഞെഴുന്നേറ്റതിന്റെ ആഹ്‌ളാദ പ്രകടനവുമാണ്  ഈ ആഘോഷത്തിനു പിന്നില്‍. ദേവിക്കു നേരെ അശ്ലീലവാക്കുകള്‍ ചേര്‍ത്തു പാടുന്നതാണു പ്രധാന പ്രത്യേകത. ഒരു നിയന്ത്രണവുമില്ലാതെ ആര്‍ക്കും ദേവിയെ ഈ ദിവസം പൂജിക്കുകയും ചെയ്യാം. ഉറഞ്ഞുതുള്ളുന്ന വെളിച്ചപ്പാടുകള്‍ വാളു കൊണ്ട് സ്വയം മുറിവേല്‍പിക്കുകയും മഞ്ഞള്‍ക്കുറി വാരിയെറിയുകയും ചെയ്യുന്നതു ഭക്തിയെ മറ്റു തലങ്ങളിലേക്ക് ഉയര്‍ത്തുന്നതിന്റെ ദൃഷ്ടാന്തമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കാവുതീണ്ടലിന് ഏഴു ദിവസം മുന്‍പ് കോഴിമൂടല്‍ ചടങ്ങു നടക്കും. ഉല്‍സവം തീരുന്നതിന്റെ തലേന്നു ദേവീവിഗ്രഹത്തില്‍ ചന്ദനപ്പൊടി ചാര്‍ത്തുന്ന വിശേഷാല്‍ ചടങ്ങുമുണ്ട്.
 
.

Back to Top