Sanathanam

ഘര്‍വാപസി വിവാദത്തിനു പിന്നില്‍ ഗൂഢലക്ഷ്യം: സി.ഐ.ഐസക്

കോഴിക്കോട്: ഭാരതീയതയോട് ആഭിമുഖ്യമുള്ള ഭരണകൂടത്തെ ഇകഴ്ത്തിക്കാണിക്കുകയെന്ന ഗൂഢലക്ഷ്യമാകാം ഘര്‍വാപസി വിവാദത്തിനു പിന്നിലെന്നു ഡോ.സി.ഐ.ഐസക്. മതപരിവര്‍ത്തനത്തിന് ആര്യസമാജത്തിനു ബ്രിട്ടീഷ് സര്‍ക്കാര്‍ തന്നെ അനുമതി നല്‍കിയിട്ടുള്ളതാണ്. കഴിഞ്ഞ കാലഘട്ടങ്ങളില്‍നിന്നു വ്യത്യസ്തമായ സാഹചര്യം ഇപ്പോള്‍ നിലവിലില്ലെന്നിരിക്കെ, ഹിന്ദുമതത്തിലേക്കു നിര്‍ബന്ധിത പരിവര്‍ത്തനം നടത്തുന്നുവെന്ന വിവാദം ഉയര്‍ത്തുന്നതിനു പിന്നില്‍ സ്ഥാപിത താല്‍പര്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയവിചാരകേന്ദ്രം ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാരമ്പര്യത്തെയും ഹിന്ദുത്വത്തെയും കടന്നാക്രമിക്കുകയാണു മഹത്തരമെന്നു കേരളജനതയെ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം തെറ്റിദ്ധരിപ്പിച്ച കാലഘട്ടത്തിലാണു വിചാരകേന്ദ്രം പ്രവര്‍ത്തമാരംഭിക്കുന്നതെന്നും സമൂഹത്തെ യാഥാര്‍ഥ്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ സാധിച്ചെന്നും ഡോ.ഐസക് ചൂണ്ടിക്കാട്ടി.
ലവ് ജിഹാദിനു പിന്നില്‍ തീവ്രവാദസ്വഭാവമുള്ള ഒരു വിഭാഗത്തിന്റെ കാമവെറി മാത്രമാണോ എന്നതു പഠനവിധേയമാക്കേണ്ടതാണെന്നു കെ.പി.രാധാകൃഷ്ണന്‍ പറഞ്ഞു. സ്ത്രീകള്‍ക്കു നേരെയുള്ള അക്രമത്തിനു പിന്നില്‍ മതത്തിന്റെ വളര്‍ച്ചയെന്ന ഗൂഢതന്ത്രമുണ്ട്. സ്ത്രീകളെ സ്വന്തം മതത്തിലേക്കു മാറ്റിയെടുക്കുന്നതും അന്യമതങ്ങളിലെ സ്ത്രീകളെ ഇല്ലായ്മ ചെയ്യുന്നതും മതം വളര്‍ത്താന്‍ സഹായകമാണെന്നതു മതാധിനിവേശ ശക്തികളുടെ ചരിത്രത്തില്‍നിന്നു വ്യക്തമാണ്. കേരളത്തിലെ ഇസ്ലാമിക ചരിത്രം എന്ന പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു കെ.പി.രാധാകൃഷ്ണന്‍.
ഭാരതത്തില്‍ ഏറ്റവുമാദ്യം ഇസ്ലാം മതവിശ്വാസികള്‍ എത്തിച്ചേര്‍ന്ന സ്ഥലങ്ങളിലൊന്നാണു കേരളം. അറബ് രാജാക്കന്‍മാരും കച്ചവടക്കാരും ദക്ഷിണഭാരതവുമായി സ്ഥാപിച്ച വ്യാപാരബന്ധം നിമിത്തം മതംമാറ്റപ്പെട്ടവരാണു കേരളത്തിലെ ആദ്യം മുസ്ലിംകള്‍. മലബാര്‍ ലഹള പോലുള്ള വര്‍ഗീയ കലാപങ്ങളെ സ്വാതന്ത്ര്യസമരമായി ചിത്രീകരിക്കാനും കൂട്ട നിര്‍ബന്ധിത മതംമാറ്റം നടത്തിയ ടിപ്പുവിനെപ്പോലുള്ള അധിനിവേശ ഭരണാധികാരികളെ മഹത്വവല്‍ക്കരിക്കാനുമുള്ള ബോധപൂര്‍വമായ ശ്രമം നടന്നുവരികയാണ്. മതേതരത്വമെന്നാല്‍ ഇസ്ലാം മതത്തെ സംരക്ഷിക്കുക എന്നതാണെന്ന് ആയിത്തീരുന്നതെങ്ങനെയെന്നു പരിശോധിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടനസമ്മേളനത്തില്‍ ഇ.പി.സോമനാഥന്‍ അധ്യക്ഷത വഹിച്ചു.
കേരളത്തിലെ ക്രൈസ്തവ അധിനിവേശത്തിന്റെ ചരിത്രം എന്ന വിഷയം ഡോ.സി.ഐ.ഐസക് അവതരിപ്പിച്ചു.
സമാപനസമ്മേളനം ഡോ.എം.ജി.എസ്.നാരായണന്‍ ഉദ്ഘാടനം ചെയ്തു. ഐ.സി.എച്ച്.ആര്‍. അംഗങ്ങളായി നാമനിര്‍ദേശം ചെയ്യപ്പെട്ട ഡോ.സി.ഐ.ഐസക്, പ്രഫ.പി.ടി.ഹരിദാസ് എന്നിവരെ ആദരിച്ചു. ഡോ.കെ.മാധവന്‍കൂട്ടി അധ്യക്ഷത വഹിച്ചു.
ഇടതുപക്ഷ കാഴ്ചപ്പാടില്‍ മാത്രം ലോകത്തെ കാണുകയെന്ന പരിമിതിയില്‍നിന്നു സ്വാതന്ത്ര്യാനന്തര കേരളത്തെ മുക്തമാക്കിയ പ്രസ്ഥാനമാണു ഭാരതീയവിചാരകേന്ദ്രമെന്നു സ്വാഗതപ്രസംഗത്തില്‍ വിചാരകേന്ദ്രം ജില്ലാ സെക്രട്ടറി ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
.

Back to Top