Sanathanam

അമ്പലങ്ങള്‍ പിടിച്ചടക്കാന്‍ സി.പി.ഐ.(എം) രംഗത്ത്

കണ്ണൂര്‍: നഷ്ടമായിക്കൊണ്ടിരിക്കുന്ന ജനപിന്തുണ തിരിച്ചുപിടിക്കാന്‍ സി.പി.ഐ.(എം) അമ്പലങ്ങളെ ലക്ഷ്യം വെക്കുന്നു. പാര്‍ട്ടിയുടെ പല പരീക്ഷണങ്ങള്‍ക്കും വേദിയായിട്ടുള്ള കണ്ണൂര്‍ തന്നെയാണ് അമ്പലങ്ങള്‍ കയ്യടക്കാനുള്ള ശ്രമത്തിനും വേദിയാക്കിയിരിക്കുന്നത്. വിശ്വാസികളില്‍നിന്നു പണ്ടുമുതല്‍ക്കേ അകല്‍ച്ച പാലിച്ചിരുന്ന പാര്‍ട്ടി നടത്തുന്ന നീക്കത്തെ വിശ്വാസികള്‍ വിശ്വാസത്തിലെടുക്കുമോ എന്ന ആശങ്കയുണ്ടെങ്കിലും പതുക്കെപ്പതുക്കെ അവരെ അടുപ്പിക്കാനാകുമെന്നു കണക്കുകൂട്ടിയാണു പുതിയ നീക്കം. സംഘപരിവാര്‍ സംഘടനകളോ ഭക്തരോ മുന്നോട്ടുനയിക്കുന്ന ക്ഷേത്രങ്ങളുടെ കമ്മിറ്റികളിലും അധികാരസ്ഥാനങ്ങളിലും കയറിപ്പറ്റാന്‍ പലയിടത്തും സി.പി.ഐ.(എം) പ്രവര്‍ത്തകര്‍ സജീവമായിരിക്കുകയാണ്. ജീര്‍ണാവസ്ഥയിലുള്ള അമ്പലങ്ങള്‍ പുനരുദ്ധരിക്കാനും ഉല്‍സവം മുടങ്ങിക്കിടന്നിരുന്ന അമ്പലങ്ങളില്‍ ഉല്‍സവം ആരംഭിക്കാനുമൊക്കെ മാര്‍ക്‌സിസ്റ്റുകാര്‍ മുന്നിലുണ്ട്. ചിലയിടങ്ങളില്‍ ഭക്തരുടെ എതിര്‍പ്പു നേരിടേണ്ടിവരുന്നുണ്ടെങ്കിലും അതു കാര്യമാക്കാതെ മുന്നോട്ടുനീങ്ങാനാണു പാര്‍ട്ടിയുടെ തീരുമാനം. മുതിര്‍ന്ന ബി.ജെ.പി. നേതാവായിരുന്ന ഒ.കെ.വാസു മാസ്റ്ററെ പാര്‍ട്ടിയിലേക്ക് എത്തിക്കുന്നതില്‍ ഉള്‍പ്പെടെ മുന്‍കയ്യെടുത്ത സി.പി.ഐ.(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ നേതൃത്വത്തിലാണ് അമ്പലങ്ങള്‍ പിടിക്കാനുള്ള നീക്കം സജീവമായിരിക്കുന്നത്.
കണ്ണൂര്‍ ജില്ലയിലെ ചുഴലി തിരുമ്പാടി ക്ഷേത്രത്തില്‍ പി.ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കു ചടങ്ങാണ് ഈ ലേഖനത്തോടൊപ്പമുള്ള ചിത്രത്തില്‍. വേദി പങ്കിടുന്നതാകട്ടെ, കോണ്‍ഗ്രസ് നേതാവും ദേവസ്വം ബോര്‍ഡില്‍ ചുമതലയുള്ളതുമായ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവ് കൊയ്യം ജനാര്‍ദനന്‍. ക്ഷേത്രോല്‍സവത്തിനായി വിശ്വാസികളില്‍നിന്നു പിരിച്ച പണത്തിന്റെ ഒരു ഭാഗം പി.ജയരാജന്റെ നേതൃത്വത്തിലുള്ള സാന്ത്വനഫണ്ടിലേക്കു കൈമാറുന്ന ചടങ്ങാണിത്.
മുന്‍കാലങ്ങളില്‍ പല ഘട്ടങ്ങളിലായി സി.പി.ഐ.(എം) ഉയര്‍ത്തിയിട്ടുള്ള 'പ്രായോഗികതാ വാദ'മാണു ക്ഷേത്രങ്ങളിലേക്കുള്ള കടന്നുകയറ്റം. മതവിശ്വാസത്തെ നഖശിഖാന്തം എതിര്‍ത്തിരുന്ന പാര്‍ട്ടി ഒരു കാലത്തു മതാചാരങ്ങളെയെല്ലാം തള്ളിപ്പറഞ്ഞിരുന്നു. എന്നാല്‍, അത്തരം എതിര്‍പ്പുകള്‍ പതുക്കെപ്പതുക്കെ അവസാനിപ്പിച്ചു മതങ്ങളുമായി സമരസപ്പെട്ടുപോകുകയെന്ന നയത്തിലേക്കു മാറുന്നതാണു പിന്നീടു കണ്ടത്. അടുത്ത ഘട്ടമായാണ് ആരാധനാലയങ്ങളിലും ഉല്‍സവങ്ങളിലും സജീവമാകാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നിര്‍ദേശം നല്‍കിയത്. എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങളെയും ലക്ഷ്യമിട്ടെങ്കിലും ന്യൂനപക്ഷവിഭാഗങ്ങളുടെ കാര്യത്തില്‍ പരാജയപ്പെട്ടു. അതോടെ, ഇടപെടല്‍ ഹൈന്ദവക്ഷേത്രങ്ങളില്‍ മാത്രമായി ഒതുങ്ങി.
അവിശ്വാസത്തിന്റെ ചെങ്കൊടി ഉയര്‍ത്തിപ്പിടിക്കുമ്പോഴും വിശ്വാസികളുടെ ഉല്‍സവങ്ങളുടെ അമരക്കാരായി പലയിടത്തും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ മാറി. പതുക്കെ, മുതിര്‍ന്ന നേതാക്കളും ഈ രംഗത്തു സജീവമായി. പയ്യന്നൂര്‍ എം.എല്‍.എയായിരിക്കെ, പിണറായി വിജയന്‍ ക്ഷേത്രക്കമ്മിറ്റി രക്ഷാധികാരിയായതു മാധ്യമങ്ങള്‍ വാര്‍ത്തയായി പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതിരെ പ്രതികരിക്കാതിരുന്ന സി.പി.ഐ.(എം) നേതൃത്വം ചെയ്തതു കൂടുതല്‍ നേതാക്കളോട് ഈ രംഗത്തു സജീവമാകാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ക്ഷേത്രക്കമ്മിറ്റികളില്‍ കയറിപ്പറ്റാനും കമ്മിറ്റികള്‍ പിടിച്ചെടുക്കാനുമൊക്കെയാണു മുന്‍കാലങ്ങളില്‍ ശ്രമിച്ചതെങ്കില്‍ ഇപ്പോള്‍ നാശോന്‍മുഖമായിക്കിടക്കുന്ന ക്ഷേത്രങ്ങള്‍ ഉദ്ധരിക്കാന്‍കൂടി പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്നോട്ടുവന്നുതുടങ്ങിയിട്ടുണ്ട്. സംഘപരിവാര്‍ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു സമാനമായി കാവിമുണ്ട് ഉടുത്തിരുന്ന പാര്‍ട്ടിസഖാക്കള്‍ ചുവന്ന മുണ്ട് ഉപയോഗിക്കണമെന്നു സി.പി.ഐ.(എം) നേതൃത്വം ഈയിടെ തീരുമാനിച്ചിരുന്നു. അതനുസരിച്ചാണു പ്രവര്‍ത്തകര്‍ പലയിടത്തും ഇപ്പോള്‍ ക്ഷേത്രങ്ങളിലെത്തുന്നത്. ലൂങ്കി ഉടുത്തു പ്രവേശനം നിഷേധിച്ചിട്ടുള്ള പല ക്ഷേത്രങ്ങളിലും കാവി, നീല, കറുപ്പു മുണ്ടുകള്‍ മാത്രമേ അനുവദിക്കൂ. ഇത്തരം സ്ഥലങ്ങളില്‍ സി.പി.ഐ.(എം) പ്രവര്‍ത്തകര്‍ ചുവന്ന മുണ്ടുമായെത്തുന്നതു ഭക്തര്‍ക്കും ക്ഷേത്രബന്ധുക്കള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. സി.പി.ഐ.(എം) പുതുതായി അവതരിപ്പിച്ച ചുവന്ന മുണ്ടിനെ ലുങ്കിയായി മാത്രമേ കാണാന്‍ സാധിക്കൂ എന്ന നിലപാടു വിശ്വാസികള്‍ എടുക്കുന്നതു ചില ക്ഷേത്രങ്ങളില്‍ സംഘട്ടനത്തിനുപോലും കാരണമായിട്ടുണ്ട്.
എന്നാല്‍, തങ്ങള്‍ക്കു മൃഗീയഭൂരിപക്ഷമുള്ള കണ്ണൂരില്‍ എതിര്‍പ്പുകളെ തട്ടിമാറ്റി പാര്‍ട്ടിനയം നടപ്പാക്കാനാണു തീരുമാനമെന്നാണു സൂചന. നേതാക്കള്‍ മിക്കവരും ഹിന്ദുക്കളാണെന്നതിനാലും ഹിന്ദുക്കള്‍ അസംഘടിതരാണെന്നതിനാലും തങ്ങളുടെ അജണ്ട നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ലെന്നു സി.പി.ഐ.(എം) വിശ്വസിക്കുന്നു എന്നുവേണം കരുതാന്‍.

 
.

Back to Top