Sanathanam

സനാതനധര്‍മ്മത്തിന്റെ ആഗോളമൂല്യം തിരിച്ചറിയണം: പി.വത്സല

കോഴിക്കോട്: സനാതനധര്‍മ്മത്തിന്റെ ആഗോളമൂല്യം തിരിച്ചറിയുകയാണ് ഭാരതീയര്‍ക്കുണ്ടാവേണ്ടതെന്ന് എഴുത്തുകാരി പി.വത്സല പറഞ്ഞു. കാലിക്കറ്റ് സര്‍വ്വകലാശാല സനാതനധര്‍മ്മ പീഠം പ്രസിദ്ധീകരിക്കുന്ന സ്വാമി ചിദാനന്ദപുരിയുടെ സനാതനധര്‍മ്മപരിചയം എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ശ്രീശങ്കരന്റെയും അദ്വൈതര്‍ശനത്തിന്റെയും നാടാണിത്. യഥാര്‍ത്ഥ മനുഷ്യന്‍എന്താണെന്ന് ഭാരതീയ ദര്‍ശനം മുന്നോട്ടുവെച്ചു. വിദേശികള്‍ ആശ്ചര്യപൂര്‍വ്വം ഉറ്റുനോക്കുന്ന കുടുംബ വ്യവസ്ഥയുടെ അടിസ്ഥാനം ഈ ധര്‍മ്മമാണ്. എന്നാല്‍ പിന്നീടുണ്ടായ ധര്‍മ്മവിചാരത്തിന്റെ ചോര്‍ച്ചയ്ക്ക് വിദേശ ആക്രമണം മാത്രമല്ല കാരണം. മതപരമായ സങ്കുചിതവീക്ഷണങ്ങളും മതവൈരവും വളര്‍ന്നു. ഇതിനെ രാഷ്ട്രീയ പാര്‍ട്ടികള്‍ ചൂഷണം ചെയ്യുകയാണ്. കിരാതമൂല്യങ്ങളും അരാജകത്വവും വളരുന്ന വര്‍ത്തമാനകാലത്തിന് സനാതനധര്‍മ്മമാണ് വഴികാട്ടാന്‍ കഴിയുക. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ കൂട്ടക്കുരുതികള്‍ക്ക് ശാന്തിയുടെ ഉത്തരം നല്‍കാന്‍ ഭാരതത്തിന് കഴിയും. അവര്‍ പറഞ്ഞു. സര്‍വ്വകലാശാല സെമിനാര്‍ കോംപ്ലക്‌സില്‍ നടന്ന ചടങ്ങില്‍ പ്രൊഫ. പി.കുമാരന്‍കുട്ടി പുസ്തകം ഏറ്റുവാങ്ങി. ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ.എം.അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. വിശ്വമാനവികതയുടെ നാരായ വേരാണ് സനാതനധര്‍മ്മമെന്നും, അമ്മമാരിലൂടെ മക്കളിലേക്കും, മക്കളിലൂടെ സമൂഹത്തിലേക്കും പ്രവഹിക്കേണ്ട ആത്മചൈതന്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഡോ.സി.രാജേന്ദ്രന്‍ ഗ്രന്ഥ പരിചയം നടത്തി. സ്വാമി അധ്യാത്മാനന്ദ സരസ്വതി, ഡോ.എന്‍.ആര്‍.മധു, കെ.ആര്‍.ഭാസ്‌കരന്‍ പിള്ള, ഡോ.പ്രിയദര്‍ശന്‍ ലാല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. രജിസ്ട്രാര്‍ ഡോ.ടി.എ.അബ്ദുല്‍ മജീദ്, എന്‍.സി.പരമേശ്വരന്‍ നായര്‍, ടി.ജനാര്‍ദ്ദനന്‍, ഉള്ളൂര്‍ എം.പരമേശ്വരന്‍, സ്വാമി പരമാനന്ദപുരി, എം.നാരായണന്‍, ഗീത കോമളരാജ് തുടങ്ങിയവര്‍ സംബന്ധിച്ചു. സി.ശേഖരന്‍ സ്വാഗതവും കെ.ശ്രീധരന്‍ നായര്‍ നന്ദിയും പറഞ്ഞു. സ്വാമി ചിദാനന്ദപുരി ഗ്രന്ഥ രചനാനുഭവങ്ങള്‍ പങ്കുവെച്ചു. സനാതനധര്‍മ്മപീഠത്തിന്റെ വിസിറ്റിംഗ് പ്രൊഫസര്‍ സ്വാമി ചിദാനന്ദപുരി ചെയറിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രഭാഷണങ്ങളാണ് ഗ്രന്ഥരൂപത്തിലാക്കിയത്.
 
.

Back to Top