Sanathanam

ചിന്‍മയാനന്ദ സ്വാമികളുടെ ജന്‍മശതാബ്ദി ആഘോഷം ഇന്നു മുതല്‍

എറണാകുളം: ചിന്‍മയാനന്ദ സ്വാമികളുടെ ജന്‍മശതാബ്ദി ആഘോഷങ്ങള്‍ക്ക് ഇന്നു തുടക്കമാവും. എറണാകുളത്തപ്പന്‍ മൈതാനത്ത് വൈകിട്ട് ആറിന് മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുള്‍ കലാം ആഘോഷപരിപാടി ഉദ്ഘാടനം ചെയ്യും. 'വീടില്ലാത്തവര്‍ക്കു വീട്' പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. ഒരു വര്‍ഷം നീളുന്ന ആഘോഷത്തിന്റെ തുടക്കമായി മൂന്നു ദിവസത്തെ പരിപാടികളാണു നടക്കുക. രാവിലെ ലക്ഷ്മീനാരായണപൂജയോടെയാണു ചടങ്ങുകള്‍ ആരംഭിക്കുക. 
യതിപൂജ, ആചാര്യസംഗമം, ഗീതാപാരായണം തുടങ്ങിയ പരിപാടികള്‍ നടക്കും. വിവിധ സമ്മേളനങ്ങളില്‍  ശിവഗിരി മഠം പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ, പേജാവര്‍ മഠത്തിലെ സ്വാമി വിശ്വേശ്വരതീര്‍ഥ, സ്വാമി മിത്രാനന്ദ, ഒ.രാജഗോപാല്‍, ഡി.ജി.പി. അലക്‌സാണ്ടര്‍ ജേക്കബ്, വി.എച്ച്.പി. അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി ചമ്പത് റായി തുടങ്ങിയവര്‍ പങ്കെടുക്കും. 
മോഹിനിയാട്ടം, ഡോക്യുമെന്ററി പ്രദര്‍ശനം, സംഗീതസന്ധ്യ തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. 
സമാപനസമ്മേളനത്തില്‍ ചിന്‍മയ മിഷന്‍ അധ്യക്ഷന്‍ തേജോമയാനന്ദ സ്വാമികള്‍ ജന്‍മശതാബ്ദി ആഘോഷങ്ങള്‍ക്കു തുടക്കംകുറിച്ചുകൊണ്ടു ചിന്‍മയജ്യോതി തെളിയിക്കും. ചിന്‍മയസന്ദേശ രഥയാത്രയ്ക്കും ചടങ്ങില്‍ തുടക്കമാകും. ഭാരതം മുഴുന്‍ പര്യടനം നടത്തി രഥയാത്ര എറണാകുളത്തു തിരിച്ചെത്തും. 
ഒരു ലക്ഷം ചതുരശ്ര അടി വലിപ്പമുള്ള പന്തലിലാണു പരിപാടികള്‍ നടക്കുകയെന്നു ചിന്‍മയ മിഷന്‍ കേരള ഘടകം തലവന്‍ വിവിക്താനന്ദ സരസ്വതി സ്വാമികള്‍ അറിയിച്ചു. ചിന്‍മയാനന്ദ സ്വാമികളുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള പ്രദര്‍ശനവും ചിന്‍മയ ജീവന്‍ദര്‍ശന്‍ പുസ്തകപ്രദര്‍ശനവും നടക്കും. 
ജന്‍മശതാബ്ദി ആഘോഷ സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ ആര്‍.സുരേഷ് മോഹന്‍, കെ.കെ.രാജന്‍ എന്നിവരും പരിപാടികള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
 
.

Back to Top