മധ്യപ്രദേശില്‍ 70 പിഞ്ചുകുഞ്ഞുങ്ങളെ മതംമാറ്റി
May 5 2015
ഭോപ്പാല്‍: നിയമവ്യവസ്ഥയെ വെല്ലുവിളിച്ചു മധ്യപ്രദേശില്‍ പിന്നെയും കുട്ടികളെ മതംമാറ്റിയതായി റിപ്പോര്‍ട്ട്. സാഗര്‍ ജില്ലയില്‍ 70 കുട്ടികളെ ക്രിസ്ത്യാനികളായി മതംമാറ്റി ഒരിടത്തു താമസിപ്പിച്ചിരിക്കുന്നതാണു വിവാദമായിരിക്കുന്നത്. ഒരു പള്ളീലച്ചന്റെ പേരാണ് എല്ലാ കുട്ടികളുടെയും പിതാവിന്റെ പേരായി ചേര്‍ത്തിരിക്കുന്നത്. നിയമങ്ങള്‍ കാറ്റില്‍ പറത്തി ആരംഭിച്ച അനാഥാലയത്തിന്റെ മറവിലാണത്രെ മതംമാറ്റം. ഇന്ത്യ ടിവി ചാനലാണു സംഭവം പുറത്തുകൊണ്ടുവന്നത്.
എട്ടുംപൊട്ടും തിരിയാത്ത പിഞ്ചുബാലന്മാരെയാണു മതംമാറ്റിയിരിക്കുന്നത്. ഹൈന്ദവപശ്ചാത്തലമുള്ളവരാണ് ഇവരെല്ലാം. പഴയ പേരിനു പിറകില്‍ ക്രിസ്ത്യന്‍ പേരുകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. എല്ലാവരുടെയും പിതാവായി ഫാദര്‍ റോഷന് എന്ന പേരാണു രേഖപ്പെടുത്തിയിരിക്കുന്നത്. കുട്ടികളില്‍ ചിലര്‍ ചാനല്ക്യാമറയ്ക്കുമുന്നിലെത്തി തങ്ങള്‍ മതംമാറ്റപ്പെട്ടുവെന്നു പറയുന്നുമുണ്ട്.
ഫാദര്‍ റോഷന്റെ നേതൃത്വത്തിലായിരുന്നത്രെ കുട്ടികളെ മതംമാറ്റിയത്. എന്നാല്‍ ഇപ്പോള്‍ ഫാദര്‍ റോഷന് സ്ഥലത്തില്ല. പകരക്കാരനായി എത്തിയ വ്യക്തിയാകട്ടെ തനിക്കൊന്നുമറിയില്ലെന്നാണു പ്രതികരിക്കുന്നത്.
അനാഥബാലന്മാരെയാണു മതംമാറ്റിയതെന്നാണ് ആരോപണം. എന്നാല്‍, അനാഥക്കുട്ടികളെ വളര്‍ത്തുന്നവര്‍ക്ക് അവരുടെ പേരോ മതമോ മാറ്റാന്‍ അവകാശമില്ലെന്നു ചാനല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായാണു സൂചന.