ശശികല ടീച്ചര്‍ക്കു വീസ നിഷേധിച്ചിട്ടില്ല: ഹിന്ദു ഐക്യവേദി
May 4 2015
ലണ്ടന്‍: ഹിന്ദു ഐക്യവേദി ക്രോയിഡനില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഹിന്ദുമതപരിഷത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചര്‍ക്കും പ്രഭാഷകന്‍ ഡോ.എന്‍.ഗോപാലകൃഷ്ണനും ബ്രിട്ടന് വീസ നിഷേധിച്ചുവെന്ന വാര്‍ത്ത ശരിയല്ലെന്നു സംഘാടകര്‍. വീസ നേരത്തേ അനുവദിച്ചതാണെന്നും അടിസ്ഥാനരഹിതമായ പരാതികളാണു പ്രശ്നം സൃഷ്ടിച്ചതെന്നും ഐക്യവേദി നേതൃത്വം വ്യക്തമാക്കി. മാറ്റിവെച്ച സമ്മേളനം ഇരുവരുടെയും സാന്നിധ്യത്തില്‍ വൈകാതെ നടത്തുമെന്നും അറിയിച്ചു. ഹിന്ദുമതപരിഷത്തിന് അനുമതി ലഭിക്കുകയും ശശികല ടീച്ചര്‍ക്കും ഡോ. ഗോപാലകൃഷണനുമുള്ള വീസ അനുവദിക്കുകയും ചെയ്തതാണ്. എന്നാല്‍ വേദിയായി നിശ്ചയിച്ചിരുന്ന സ്കൂളിന്റെ ഭരണാധികാരികളെ ചിലര്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ക്രിസ്ത്യാനി-ഇസ്ലാം വിരുദ്ധ ചടങ്ങാണു സംഘടിപ്പിക്കുകയെന്നാണ് അവരെ ധരിപ്പിച്ചത്. ഇതാണു പ്രശ്നങ്ങള്‍ക്കു വഴിവെച്ചത്. തുടര്‍ന്നു ശശികല ടീച്ചറോടും ഡോ. ഗോപാലകൃഷ്ണനോടും ചെന്നൈയിലുള്ള ബ്രിട്ടീഷ് എംബസിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. പരാതിയെക്കുറിച്ച് അന്വേഷിച്ചു വിവരം നല്‍കാമെന്ന് അറിയിച്ചെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങള്‍ ബ്രിട്ടനില്‍ അവധിയായതിനാല്‍ അന്വേഷണം വൈകി. ഇതാണു യാത്രാനുമതി ലഭിക്കാത്തതിനു കാരണം. ശശികല ടീച്ചറെയും ഡോ. ഗോപാലകൃഷ്ണനെയും പങ്കെടുപ്പിച്ചു സമ്മേളനം നടത്തിയാല്‍ മതിയെന്നു ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ തീരുമാനിച്ചത് ഈ സാഹചര്യത്തിലാണ്. അടുത്ത ദിവസങ്ങളില്‍ തന്നെ സമ്മേളനം നടത്താന്‍ സാധിക്കുമെന്നാണു പ്രതീക്ഷയെന്നും ഭാരവാഹികള്‍ അറിയിച്ചു.
.