Sanathanam

കാണാന്‍ പോകുന്ന പൂരം!

ഒരൊറ്റ ദിവസം കൊണ്ട് ഇത്രയധികം വിശിഷ്ടമായ ചടങ്ങുകള്‍ ഉള്‍പ്പെട്ടതോ ജനസഹസ്രം ഇത്രത്തോളം നെഞ്ചേറ്റുന്നതോ ആയ മറ്റൊരു പൂരം കേരളത്തിന്റെ ചരിത്രത്തില്‍ വേറെ കാണാന്‍ സാധിച്ചെന്നുവരില്ല. അത്രയ്ക്ക് പേരും പെരുമയുമുണ്ട് തൃശ്ശൂര്‍പൂരത്തിന്. ഗജകേസരികള്‍ അണിനിരക്കുന്നതിലും പൂരത്തിന്റെ കാഴ്ചയിലും കെട്ടുറപ്പിലും നടത്തിപ്പിലും നിയന്ത്രണത്തിലുമെല്ലാമുള്ള മേല്‍ക്കൈയും തൃശ്ശൂര്‍പൂരത്തെ വേറിട്ടതാക്കുകയും ചെയ്യുന്നു. എന്നാല്‍ ഒരു ചോദ്യം ഉയര്‍ത്തിയാണ പൂരം വിടവാങ്ങുന്നത്: പൂരവും സംസ്‌കാരത്തില്‍നിന്ന് അകലുകയാണോ?  അഥവാ, കാഴ്ചയുടെ പുത്തന്‍ രസക്കൂട്ടുകള്‍ സമര്‍പ്പിക്കുന്ന പൂരത്തിനു സമൂഹം തിരികെ നല്‍കുന്നതെന്താണ്?
200 വര്‍ഷത്തെ ചരിത്രവും പാരമ്പര്യവുമുണ്ടെന്നു കരുതുന്ന തൃശ്ശൂര്‍പൂരം എന്നും പ്രായഭേദമന്യ സകലര്‍ക്കും, ദേശദേശാന്തരങ്ങള്‍ക്കും ആവേശമാണ്. ശക്തന്‍ തമ്പുരാന്‍ തുടങ്ങിവെച്ച പൂരപ്പെരുമ ഇന്ന് കടലുകളും കടന്നു വാഴുമ്പോഴും യഥാര്‍ത്ഥ പൂരപ്രേമികള്‍ കുറഞ്ഞുവരികയാണെന്ന സത്യം അംഗീകരിക്കാതെവയ്യ. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശ്ശൂര്‍പൂരം ആഘോഷിക്കപ്പെടുന്നത്. വാദ്യമേളങ്ങളുടെയും വെടിക്കെട്ടിന്റെയും കാഴ്ച്ചക്കുടമാറ്റങ്ങളുടെയും വര്‍ണ്ണഘോഷയാത്രയാണു പൂരം. കാഴ്ചക്കാരെ താളത്തിന്റെ മേളത്തില്‍ അലിയിച്ച, വര്‍ണങ്ങളുടെ മേളനത്തില്‍ അലിയിച്ച ആഹ്‌ളാദപ്പൂരം. വയറുവിശന്നും ദാഹിച്ചും ഉറക്കമിളച്ചും നിന്നു പുരുഷാരം തൃശൂരില്‍ നിറയും. എവിടെയും ചിന്ത പൂരമായിരുന്നു; ചര്‍ച്ചയും പൂരം തന്നെയായിരുന്നു. ഓരോ ഗജവീരനെയും അവര്‍ തൊട്ടറിഞ്ഞു; ഓരോ മേളക്കാരനെയും അവര്‍ കേട്ടറിഞ്ഞു. പക്ഷേ, പഴമക്കാരുടെയും പൂരം അറിഞ്ഞുകാണുന്നവരുടെയും കാലം അവസാനിക്കുകയാണോ പൂരപ്പറമ്പില്‍?
ആവേശമായിരുന്നു പൂരം ഒരു കാലത്തെങ്കില്‍ ഇപ്പോഴെന്തു പൂരം എന്ന ചോദ്യം ജരാനര ബാധിച്ച പല മുഖങ്ങളിലും വായിച്ചെടുക്കാം. ഒരു വികാരം എന്നതിനപ്പുറം തൃശ്ശൂര്‍പൂരം ഒരു വിചാരംകൂടിയായി കരുതപ്പെട്ടിരുന്ന കാലം കടന്നുപോയോ? പൂരത്തിനെന്ന പേരില്‍ പേരില്‍ തൃശ്ശൂരിലെത്തുന്ന പതിനായിരങ്ങളില്‍ എത്ര പേര്‍ പൂരം മനസ്സറിഞ്ഞു കാണുന്നുണ്ടെന്നറിയാന്‍ നഗരത്തിലൊന്നു കണ്ണോടിച്ചാല്‍ മതി. പൂരത്തിന് അകമ്പടി രണ്ടു കൂട്ടരാണെന്നു പറയാം: പൂരത്തെ അതിന്റെ അര്‍ത്ഥതലങ്ങള്‍ അറിഞ്ഞ് സ്‌നേഹിച്ച് എല്ലാറ്റിനും സാക്ഷികളായി വടക്കുന്നാഥന് മുന്നില്‍ ഉപചാരം ചൊല്ലി പിരിയുംവരെ നീളുന്ന ആവേശത്തിമിര്‍പ്പിനൊടുവില്‍ ഒരിറ്റു കണ്ണീര്‍ ബാക്കിവെച്ച് അടുത്ത പൂരവും പുല്‍കാന്‍ എനിക്കു കഴിയണേ എന്ന പ്രാര്‍ഥനയുമായി നഗരം വിടുന്നവര്‍, പിന്നെ എന്തും ആഘോഷലഹരിയാക്കി സിരകളില്‍ പടര്‍ത്തി തിരക്കിലമര്‍ന്ന് എവിടെയോ സ്വയം നഷ്ടപ്പെടുന്ന മറ്റൊരു കൂട്ടര്‍. ഇവര്‍ക്കിടയിലാണു പൂരം.
വെടിക്കെട്ടും പകല്‍പ്പൂരവും കഴിഞ്ഞ് ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ ലോകോത്തരമായ ഒരു സാംസ്‌കാരികോല്‍സവത്തിനുകൂടിയാണു സമാപനമാകുക. ഒരു ദേശത്തിന്റെ സംസ്‌ക്കാരം എന്നതിനപ്പുറം പൂരത്തിനായി മനസ്സും ശരീരവും അര്‍പ്പിച്ച്, കത്തുന്ന മേടച്ചൂടില്‍ കൊട്ടിക്കയറുന്ന മേളവിദ്വാന്‍മാര്‍ക്ക് മുന്നില്‍ താളമറിഞ്ഞു കൈത്തലങ്ങളുയര്‍ത്തി പൂരം ഉള്‍ക്കൊള്ളുന്ന സമൂഹം ഇന്നുമുണ്ട്. എന്നാല്‍ അവരുടെ എണ്ണം ഗണ്യമായി താഴുകയാണ്. പൂരമെന്തെന്നറിയാതെ പൂരപ്പറമ്പിലെത്തുന്നവര്‍ ആഘോഷത്തിനു ബാധ്യതയായിത്തീരുകയല്ലേ?
ഗജകേസരികള്‍തന്നെ അണിനിരക്കുന്ന പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ മേളങ്ങള്‍ക്ക് എന്നും ആരാധകരുണ്ട്. തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തിലേക്ക് കൊണ്ടുപോകുന്ന പുറപ്പാട് എഴുന്നള്ളത്ത്, പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെയുള്ള മഠത്തില്‍ വരവ്, പാറമേക്കാവ് ക്ഷേത്രത്തിന്റെ പൂരപ്പുറപ്പാട്, ചെമ്പട മേളം, ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, പാറമേക്കാവ് തിരുവമ്പാടി വിഭാഗങ്ങളുടെ പരസ്പരമുള്ള കൂടിക്കാഴ്ച, വര്‍ണ്ണാഭമായ കുടമാറ്റം, രാത്രിയിലെ പഞ്ചവാദ്യം, പുലര്‍ച്ചെയുള്ള പ്രധാന വെടിക്കെട്ട്, പകല്‍പ്പൂരം, ശേഷമുള്ള പകല്‍ വെടിക്കെട്ട്, ഉപചാരം ചൊല്ലിപ്പിരിയല്‍ എന്നീ പ്രധാന ചടങ്ങുകള്‍ പൂരത്തോടനുബന്ധിച്ച് നടക്കുമ്പോള്‍ അതിനെ അറിഞ്ഞാസ്വദിക്കുന്നവര്‍ എത്ര പേരുണ്ടെന്ന ചോദ്യം പക്ഷേ, പ്രസക്തമാണ്. ഇലഞ്ഞിത്തറ മേളം, മഠത്തില്‍ വരവ് പോലുള്ള സുപ്രധാന ചടങ്ങുകള്‍ കാണാന്‍ പലരും എത്തുന്നതു കേട്ടുകേള്‍വി കൊണ്ടാണ്.
കാഴ്ചകള്‍ കാണുക, ക്യാമറയില്‍ പകര്‍ത്തുക എന്നതിനപ്പുറം പ്രത്യേകിച്ചൊന്നും ഇന്നത്തെ പൂരപ്രേക്ഷകരില്‍ പലരും ആഗ്രഹിക്കുന്നില്ലെന്നു തോന്നിപ്പോകും. കൂട്ടമായെത്തുന്ന യുവാക്കള്‍ പൂരത്തിന്റെ തിരക്കുകളയൊണ് ഇഷ്ടപ്പെടുന്നത്. തിരക്കുകളില്‍ വെറുതേ നടന്ന് പൂരമാഘോഷിക്കുന്ന ഒരു വലിയ വിഭാഗം. അടിച്ചുപൊളിക്കാന്‍ ഒരിടവും കുറേ സെല്‍ഫികളും എന്നതിനപ്പുറമല്ല പൂരം ഇക്കൂട്ടര്‍ക്ക്.
പൂരത്തിന്റെ സമാപനം ഏറ്റവും പ്രധാനപ്പെട്ടതും വ്യത്യസ്തവുമായ ചടങ്ങാണ്. തിരുവമ്പാടി, പാറമേക്കാവ് ദേവിമാര്‍ ആനപ്പുറത്തെഴുന്നള്ളി വടക്കുന്നാഥന് മുന്നില്‍ രണ്ടു ഭാഗത്തുനിന്നായി വന്ന് ഇനി അടുത്ത വര്‍ഷം പൂരത്തിനു കാണാമെന്ന സന്ദേശം നല്‍കുന്നുവെന്നാണ് ഐതിഹ്യം. കണ്ടുനില്‍ക്കുന്നവരെ കണ്ണീരണിയിക്കുന്ന ചടങ്ങില്‍ തിടമ്പേറ്റിയ ഗജരാജന്‍മാരുടെ കണ്ണുകള്‍ വരെ ഈറനണിഞ്ഞ ചരിത്രമുണ്ടത്രെ. പൂരത്തിന്റെ സമാപനം തുടക്കം പോലെ തന്നെ പ്രാധാന്യമുള്ളതാണെങ്കിലും അവസാനത്തെ അത്യപൂര്‍വ്വ കാഴ്ചയ്ക്കു കാണികള്‍ നില്‍ക്കാറില്ല. പൂരവും അതിന്റെ സവിശേഷതകളും അറിയാത്ത ഒരു വലിയ സമൂഹമായിരിക്കുമോ വരുംകാലങ്ങളില്‍ പൂരംകൂടുക?
.

Back to Top