നന്ദി പറയേണ്ടതു സേവന സംസ്കാരത്തോടെന്നു പ്രധാനമന്ത്രി
April 27 2015
ന്യൂഡെല്‍ഹി: ഭൂകമ്പം പിടിച്ചുകുലുക്കിയ നേപ്പാളിന്റെ കണ്ണീരൊപ്പാന്‍ മുന്‍കയ്യെടുത്തതിനു പ്രധാനമന്ത്രി നരേന്ദ്രമോദിക്കു ലഭിക്കുന്നത് എത്രയോ അഭിനന്ദനങ്ങള്‍. മാധ്യമങ്ങളിലും പൊതുവേദികളിലും മാത്രമല്ല, സോഷ്യല്‍ മീഡിയയിലും മോദിക്കു നന്ദിപ്രവാഹമാണ്. എന്നാല്‍ ഇവയ്ക്കൊക്കെ അദ്ദേഹം നല്കുന്ന മറുപടിയാകട്ടെ, നന്ദി പറയേണ്ടത് എനിക്കല്ല; സേവാ പരമോ ധര്‍മ എന്നു പഠിപ്പിക്കുന്ന നമ്മുടെ വിലപ്പെട്ട സംസ്കാരത്തിനാണെന്നാണ്.
താങ്ക്യൂ പി.എം. എന്ന പേരില്‍ സന്ദേശമയക്കുന്നവര്‍ എത്രയോ ആണ്. അവര്‍ക്കൊക്കെ ട്വിറ്ററിലൂടെ നല്കിയ മറുപടിയിലാണു മോദി സംസ്കാരത്തിന്റെ മഹിമയാണു സേവനസന്നദ്ധതയുടെ പിന്നിലെന്നു ചൂണ്ടിക്കാട്ടിയത്.
ഒന്നിലേറെ ട്വീറ്റുകള്‍ ഇതുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രിയുടേതായി വന്നിട്ടുണ്ട്. ആര്‍ക്കെങ്കിലും നന്ദിപറയണമെന്നു താല്പര്യമുണ്ടെങ്കില് പറയേണ്ടത് ഭാരതത്തിലെ 125 കോടി ജനങ്ങളോടാണ്. കാരണം, നേപ്പാളിന്റെ വേദന സ്വന്തം വേദനായി കണ്ടു സഹായം നല്‍കിയത് അവരാണ് എന്നാണു മറ്റൊരു ട്വീറ്റ്.
നേപ്പാളില്‍ നടത്തിക്കൊണ്ടിരിക്കുന്ന രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസപ്രവര്‍ത്തനത്തിനും ദേശീയദുരന്തനിവാരണ സേനയ്ക്കും ഡോക്ടര്‍മാര്‍ക്കും സന്നദ്ധസേവകര്‍ക്കും പ്രധാനമന്ത്രി ട്വിറ്ററിലൂടെ നന്ദി പറഞ്ഞു. പണമായും മരുന്നായും മറ്റു വിഭവങ്ങളായും നേപ്പാളിനുള്ള സഹായം സമാഹരിക്കുന്ന യുവാക്കള്‍ക്കും നന്ദി രേഖപ്പെടുത്തി. ഇത്തരം പ്രതിസന്ധിഘട്ടങ്ങളില്‍ മെച്ചപ്പെട്ട കേന്ദ്ര-സംസ്ഥാന ബന്ധം വളരെ പ്രധാനപ്പെട്ടതാണെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, കേന്ദ്രവുമായി നല്ല ബന്ധം പുലര്‍ത്തുന്നതിനു സംസ്ഥാന സര്‍ക്കാരുകളോടും നന്ദി അറിയിച്ചു.