Sanathanam

ഒരു ചുവടുകൂടി; അദ്വൈതാശ്രമം ''സത്സംഗം'' മാസിക വായനക്കാരിലേക്ക്

കോഴിക്കോട്: അധിനിവേശ ശക്തികള്‍ പലപ്പോഴും ഭാരതീയതയുടെ കടയ്ക്കല്‍ കത്തിവെക്കാന്‍ ശ്രമിച്ചു. ആധുനിക കാലഘട്ടത്തിലും അതു തുടരുകയാണ്; വര്‍ധിതവീര്യത്തോടെ- ഒളിഞ്ഞും തെളിഞ്ഞും. തെരഞ്ഞെടുപ്പുവിജയം മാത്രം മുന്നില്‍കണ്ടു മുന്നേറുന്ന രാഷ്ട്രീയപ്പാര്‍ട്ടികളും പലപ്പോഴും ഭാരതീയതയെ കുത്തിനോവിക്കുന്നു. സ്വന്തമെന്ന് അഭിമാനിക്കാവുന്ന ഏറ്റവും മഹത്തായ ആര്‍ഷസംസ്‌കൃതിയെ ഇകഴ്ത്താനുള്ള വൈദേശികശ്രമം എത്രയോ മനസ്സുകളെയാണു കണ്ണീരണിയിച്ചത്. 
ദു:ഖം ഖനീഭവിച്ച മനസ്സുകള്‍ക്കു മുന്നില്‍ രണ്ടു ദശാബ്ദങ്ങള്‍ക്കപ്പുറം വിടര്‍ന്ന ജ്യോതിയാണു കൊളത്തൂര്‍ അദ്വൈതാശ്രമം. പരിഷ്‌കൃതസമൂഹമെന്ന മേലങ്കി സ്വയമെടുത്തണിഞ്ഞവര്‍, ക്ഷേത്രാചാരങ്ങള്‍ അനുഷ്ഠിക്കുന്നവരെയും ചന്ദനക്കുറിണിഞ്ഞവരെയും തീണ്ടാപ്പാടകലെ നിര്‍ത്തിയപ്പോള്‍ 'എഴുന്നേല്‍ക്കൂ സോദരാ' എന്ന ശബ്ദമുയര്‍ന്നത് ഇവിടെ നിന്നാണ്. നമ്മെ നാമാക്കിയ, നാം അതിരറ്റു സ്‌നേഹിച്ച, മഹത്വമാര്‍ന്ന ധര്‍മത്തെ രാഷ്ട്രീയവും മതവും ജാതിയുമൊക്കെ കാര്‍ന്നുതിന്നാനെത്തിയപ്പോള്‍ തടുത്തതും ഈ കൈകളാണ്. വേദ- വേദാന്തജ്ഞാനം പകര്‍ന്നുനല്‍കുന്നതിനൊപ്പം സനാതനധര്‍മസംരക്ഷണത്തിനായുള്ള യജ്ഞംകൂടി ഏറ്റെടുത്തിട്ടുണ്ട്, മഹത്തായ ഈ കേന്ദ്രം. 
അടുത്ത ചുവടായി, ഭാരതീയ ശാസ്ത്രങ്ങളെക്കുറിച്ചും സനാതനധര്‍മത്തെക്കുറിച്ചുമുള്ള അറിവു പകര്‍ന്നു നല്‍കുന്നതിനായുള്ള ഒരു തുടര്‍പദ്ധതിക്കു തുടക്കമിടുകയാണ് അദ്വൈതാശ്രമം സത്സംഗം എന്ന മാസികയിലൂടെ. പൂജനീയ ചിദാനന്ദ പുരി സ്വാമികള്‍ മുഖ്യപത്രാധിപരായുള്ള പ്രസിദ്ധീകരണം നല്ല വ്യക്തിയുടെയും അതുവഴി നല്ല സമൂഹത്തിന്റെയും സൃഷ്ടിക്ക് ഉതകുംവിധമാണ് ആസൂത്രണം ചെയ്യുന്നത്. സനാതനധര്‍മത്തില്‍ ഊന്നി എങ്ങനെ നിത്യജീവിതം കെട്ടിപ്പടുക്കണമെന്നതു മുതല്‍ പ്രത്യേക ആനുകാലിക വിഷയങ്ങള്‍ വരെ ഉള്‍പ്പെടുന്നതായിരിക്കും ഉള്ളടക്കം. 
സനാതനധര്‍മത്തിന്റെ പ്രസക്തിയും യുക്തിയും, വേദ- വൈദികശാസ്ത്രങ്ങള്‍, ആധ്യാത്മികതയുടെ പ്രസക്തി തുടങ്ങി ഇന്ന് ഓരോ വ്യക്തിയുടെയും മനസ്സിലുയരുന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടി കൂടിയായിരിക്കും അദ്വൈതാശ്രമം സത്സംഗം. വിദഗ്ധര്‍ തയ്യാറാക്കുന്ന ബാലപംക്തി, ശിശുപംക്തി, വ്യക്തിത്വവികസന പംക്തി എന്നിവയും എല്ലാ ലക്കത്തിലും ഉണ്ടായിരിക്കും. 
'സത്സംഗ'ത്തിന്റെ പ്രകാശനം ഏപ്രില്‍ 23ന് അഞ്ചരയ്ക്കു കോഴിക്കോട്് ജയ ഓഡിറ്റോറിയത്തില്‍ നടക്കും. കോഴിക്കോട് ശാരദാമഠത്തിലെ പൂജനീയ പ്രവ്രാജികാ മാതൃകാപ്രാണാ മാതാജി ദീപപ്രോജ്ജ്വലനം നിര്‍വഹിക്കുന്നതോടെ ചടങ്ങിനു തുടക്കമാവും. തുടര്‍ന്നു പ്രാര്‍ഥന. 'സത്സംഗം' പത്രാധിപര്‍ എന്‍.കെ.പത്മപ്രഭ അതിഥികളെയും അഭ്യുദയകാംക്ഷികളെയും സ്വാഗതം ചെയ്യും. ഡോ.കെ.മാധവന്‍ കുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പൂജനീയ ചിദാനന്ദ പുരി സ്വാമികള്‍ ആമുഖ ഭാഷണം നടത്തും. കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍.പ്രശാന്ത് ഉദ്ഘാടനം നിര്‍വഹിക്കും. പ്രഫ.ഡോ.പ്രിയദര്‍ശന്‍ലാലിനു കൈമാറി എഴുത്തുകാരി പി.വല്‍സലയാണു പ്രകാശനം നിര്‍വഹിക്കുക. 'സത്സംഗം' മാനേജിംങ് എഡിറ്റര്‍ പൂജനീയ സ്വാമിനി ശിവാനന്ദ പുരി മാസിക പരിചയപ്പെടുത്തും. പൂജനീയ അധ്യാത്മാനന്ദ സരസ്വതി സ്വാമികള്‍ (സംബോധ് ഫൗണ്ടേഷന്‍, കേരളം), പൂജനീയ ബ്രഹ്മസ്വരൂപാനന്ദ സ്വാമികള്‍ (ഗുരുനാരായണാശ്രമം, അമരിപ്പാടം, കൊടുങ്ങല്ലൂര്‍), പൂജനീയ വിനിശ്ചലാനന്ദ സ്വാമികള്‍ (ശ്രീരാമകൃഷ്ണാശ്രമം, കോഴിക്കോട്) എന്നിവര്‍ അനുഗ്രഹഭാഷണം നിര്‍വഹിക്കും. ആര്‍.എസ്.എസ്. പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, സാഹിത്യകാരന്‍ പി.ആര്‍.നാഥന്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തും. എം.കെ.രജീന്ദ്രനാഥ് നന്ദി പറയും. 
ആര്‍ട്ട് പേപ്പറില്‍ ബഹുവര്‍ണത്തില്‍ 72 പേജുകളാണുണ്ടാവുക. 92 പേജുകള്‍ ഉള്ളതായിരിക്കും ഉദ്ഘാടനപ്പതിപ്പ്. ഒറ്റപ്രതി വില 40 രൂപയും വാര്‍ഷിക വരിസംഖ്യ 450 രൂപയുമായിരിക്കും. വരിസംഖ്യ ആശ്രമം ഓഫീസില്‍ നേരിട്ട് അടയ്ക്കുകയോ എം.ഒ. ആയോ ബാങ്ക് ട്രാന്‍സ്ഫര്‍ ആയോ (അക്കൗണ്ട് നമ്പര്‍: 37676589560, SBI Mavoor Road Branch, IFS Code: SBIN0070561)  അയയ്ക്കുകയോ ചെയ്യാം. ബാങ്ക് ട്രാന്‍സ്ഫര്‍ വഴി പണം അയയ്ക്കുന്നവര്‍ പണമടച്ചതിന്റെ ട്രാന്‍സാക്ക്ഷന്‍ വിശദാംശങ്ങളും വിലാസവും ഫോണ്‍ നമ്പറും ഇ-മെയ്ല്‍ (sathmagazine@gmail.com)  ചെയ്യണം.
 
.

Back to Top