''ജനം'' ഉണര്‍ന്നു, ജനമനസ്സിലേക്ക്!
April 20 2015
എറണാകുളം: ധര്മത്തില് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സത്യസന്ധമായ മാധ്യമങ്ങളാണ് ആവശ്യമെന്ന് ജീവനകലയുടെ ആചാര്യന് ശ്രീ ശ്രീ രവിശങ്കര്‍. ജനം ടിവിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വാര്‍ത്തകള്‍ ശരിയാംവണ്ണമല്ലാതെ കൈകാര്യംചെയ്യുന്ന പ്രവണത ദൃശ്യമാധ്യമരംഗത്തു വര്‍ധിച്ചുവരികയാണ്. ടെലിവിഷന്‍ ജേണലിസത്തെ പുതിയ ദിശയിലേക്കു നയിക്കാന്‍ ജനം ടിവിക്കു സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നിലവിളക്കു കൊളുത്തിയാണ് ശ്രീ ശ്രീ രവിശങ്കര്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. കേന്ദ്ര വാര്‍ത്താവിതരണ- പ്രക്ഷേപണ സഹമന്ത്രി രാജ്യവര്‍ധന്‍ സിംങ് റാത്തോഡ് ചാനല്‍ ഐഡി ഉദ്ഘാടനം ചെയ്തു.
പ്രമുഖ വ്യക്തിത്വങ്ങളും പ്രൗഢമായ സദസ്സും ഉദ്ഘാടനച്ചടങ്ങിനെത്തിയിരുന്നു. ആര്.എസ്.എസ്. ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി, ബി.ജെ.പി. ജനറല്‍ സെക്രട്ടറി റാം മാധവ്, പൂര്‍ണാനന്ദ പുരി സ്വാമികള്‍, ചാനല്‍ ചെയര്‍മാന്‍കൂടിയായ സംവിധായകന് പ്രിയദര്ശന്, മാനേജിംങ് ഡയറക്ടര്‍ വിശ്വരൂപന്, സി.ഒ.ഒ. രാജേഷ് പിള്ള, ഡയറക്ടര്‍ യു.എസ്.കൃഷ്ണകുമാര്‍, വ്യവസായി ബി.ആര്.ഷെട്ടി, എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, ബി.ജെ.പി. നേതാവ് ഒ.രാജഗോപാല്‍, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്, ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.
മെഗാസ്റ്റാറുകളുടെ സാന്നിധ്യം ചടങ്ങിന് അഴകു കൂട്ടി. മമ്മൂട്ടിയുടെ ആമുഖത്തോടെ മോഹന്‍ലാല്‍ സംസ്കൃത വാര്‍ത്തകള്‍ വായിച്ചതു അഭ്യുദയകാംക്ഷികളില്‍ ആഹ്ളാദമുണര്ത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, മാതാ അമൃതാനന്ദമയി, കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന് എന്നിവരുടെ റെക്കോഡ് ചെയ്ത വീഡിയോ ആശംസാ സന്ദേശം ഉദ്ഘാടനച്ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.