മോദി പാരമ്പര്യവും പരിഷ്കാരവും തിരിച്ചറിയുന്ന നേതാവ്: ഒബാമ
April 16 2015
ന്യൂയോര്‍ക്ക്: പൗരാണികതയും പുതുമയും നിലനിര്‍ത്തുന്ന ഭാരതമെന്ന പോലെ, പ്രാചീനതയെയും ആധുനികതയെയും കൂട്ടിയിണക്കുന്ന നേതാവാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് യു.എസ്.പ്രസിഡന്റ് ബറാക് ഒബാമ. പട്ടിണിയില്‍നിന്നു പ്രധാനമന്ത്രിപദത്തിലേക്കുള്ള അദ്ദേഹത്തിന്രെ വളര്‍ച്ച അഭിവൃദ്ധിയിലേക്കു കുതിക്കാനുള്ള ഭാരതത്തിന്റ സാധ്യതകളുടെ പ്രതിഫലനമാണെന്നും ഒബാമ. ടൈം മാസികയില്‍ മോദിയെക്കുറിച്ചെഴുതിയ ലേഖനത്തിലാണ് ബറാക് ഒബാമ മുക്തകണ്ഠം പ്രശംസിച്ചിരിക്കുന്നത്. ഭാരതസന്ദര്ശനത്തിനെത്തിയപ്പോള് ഉള്‍പ്പെടെ, കേന്ദ്രസര്‍ക്കാരിനെ ഒബാമ വിമര്‍ശിച്ചതായി നേരത്തേ പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ഒബാമയുടെ ലേഖനത്തിന്റെ പ്രസക്തി വര്‍ധിക്കുന്നു.
കുടുംബത്തിന്റെ പട്ടിണി മാറ്റാനായി ചായക്കാരനാകേണ്ടിവന്ന ബാല്യമാണു മോദിയുടേത്. എന്നാല്‍, ഇപ്പോള്‍ അദ്ദേഹം ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ നായകനാണ്- ലേഖനത്തില്‍ വിശദീകരിക്കുന്നു. ദാരിദ്ര്യത്തിന്റെ കയ്പറിഞ്ഞ മോദി ശ്രമിക്കുന്നതു ഭാരതജനതയെ പട്ടിണിയില്‍നിന്നു കൈപിടിച്ചുയര്‍ത്താനാണ്. വിദ്യാഭ്യാസത്തിനും സ്ത്രീശാക്തീകരണത്തിനും അദ്ദേഹം വളരെയധികം പരിഗണന നല്കുന്നു. ഭാരതത്തെ സാമ്പത്തികശക്തിയാക്കാനും മോദി ശ്രമിക്കുന്നുണ്ട്.
പുരാതന കാലത്തെയും ആധുനക കാലത്തെയും കൂട്ടിയിണക്കാന്‍ പ്രധാനമന്ത്രിക്കു സാധിക്കുന്നു. യോഗയുടെ വക്താവായി തുടരുമ്പോഴും സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍ അദ്ദേഹം ഫലപ്രദമായി ഉപയോഗിക്കുന്നുവെന്നും ഒബാമ ചൂണ്ടിക്കാട്ടുന്നു.
ലോകത്തില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തികളായി ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെ ടൈം മാസിക തെരഞ്ഞെടുത്ത നൂറു പേരില്‍ ഒരാളായിരുന്നു മോദി. ഇതിനു തൊട്ടുപിറകെയാണ് യു.എസ്. പ്രസിഡന്റിന്റെ ലേഖനം പ്രസിദ്ധീകരിക്കുന്നതെന്ന സവിശേഷതയുമുണ്ട്.