Sanathanam

വീടു നിലനിര്‍ത്താന്‍ മുസ്ലിം ആകണമെന്ന്; യു.പിയില്‍ 800 പേര്‍ മതംമാറി

ലഖ്‌നൗ: വീടും കിടപ്പാടവും നഷ്ടപ്പെടാതിരിക്കണമെങ്കില്‍ ഇസ്ലാം മതം സ്വീകരിക്കണമെന്ന സമ്മര്‍ദത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ റാംപൂരില്‍ പിന്നോക്കവിഭാഗമായ വാല്‍മീകി സമൂദായത്തില്‍ പെട്ട 800 പേര്‍ മതം മാറാന്‍ നിര്‍ബന്ധിതരായി. ഇസ്ലാം മതം സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം വീടും പുരയിടവും ഏറ്റെടുത്ത് ഷോപ്പിംങ് മാള്‍ നിര്‍മിക്കുമെന്നും ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്നു മതം മാറിയവര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. യു.പി. ഭരിക്കുന്ന സമാജ്‌വാദി പാര്‍ട്ടിയുടെ പ്രധാന നേതാക്കളിലൊരാളായ അസംഖാനാണ് റാംപൂരിലെ ലോക്‌സഭാംഗം. 
അസംഖാന്റെ നേതൃത്വത്തിലാണ് വാല്‍മീകി സമൂദായക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന തോപ്ഖാന പ്രദേശത്തു ഷോപ്പിംങ് മാള്‍ തയ്യാറാക്കാനുള്ള പദ്ധതി തയ്യാറാക്കിയതെന്നാണു റിപ്പോര്‍ട്ട്. വാല്‍മീകി സമൂദായക്കാരുടെ വീടുകള്‍ പൊളിച്ചുനീക്കി ഷോപ്പിംങ് മാള്‍ പണിയുന്നതു വൈകുന്നു എന്നാരോപിച്ച് കഴിഞ്ഞ ദിവസം സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തിയിരുന്നു. അസംഖാന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. തലമുതിര്‍ന്ന മന്ത്രിയും കലക്ടര്‍, പോലീസ് സൂപ്രണ്ട് എന്നിവരും ചേര്‍ന്ന് എത്രയും പെട്ടെന്ന് വീടുകള്‍ പൊളിച്ചുനീക്കാമെന്ന് ഉറപ്പു നല്‍കിയപ്പോള്‍ മാത്രമാണ് അസംഖാനും സഹപ്രവര്‍ത്തകരും പ്രതിഷേധറാലി അവസാനിപ്പിച്ചത്. 
50 വര്‍ഷം മുന്‍പ് തദ്ദേശ സ്വയംഭരണ സ്ഥാപനം ശുചീകരണത്തൊഴിലാളികള്‍ക്ക് അനുവദിച്ച സ്ഥലത്തെ കുഞ്ഞുവീടുകളാണ് ബലംപ്രയോഗിച്ച് ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നത്. സമ്മര്‍ദം വര്‍ധിച്ചതോടെ ഇസ്ലാം മതം സ്വീകരിക്കുക മാത്രമായിരുന്നു വാല്‍മീകി സമുദായക്കാര്‍ക്കു മുന്നിലുള്ള പോംവഴിയെന്നു നാട്ടുകാര്‍ പറയുന്നു. 
മതം മാറുകവഴി മാത്രമേ വീടുകള്‍ സംരക്ഷിക്കാനാകൂ എന്ന് ഒരു ഉദ്യോഗസ്ഥന്‍ അടുത്ത ദിവസം വെളിവാക്കിയിരുന്നുവെന്ന് വാല്‍മീകി സമൂദായത്തില്‍ പെട്ടവര്‍ വ്യക്തമാക്കി. തൊട്ടടുത്തു ന്യൂനപക്ഷസമുദായക്കാര്‍ താമസിക്കുന്ന സ്ഥലം ഏറ്റെടുക്കേണ്ടെന്നു ഭരണകൂടം തീരുമാനിച്ചുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. 
മതംമാറ്റത്തിനു കാര്‍മികത്വം വഹിക്കാന്‍ എത്താമെന്ന് അംറോഹയില്‍നിന്നുള്ള ഇസ്ലാമിക പുരോഹിതന്‍ ഏറ്റിരുന്നത്രെ. എന്നാല്‍ ശക്തമായ സുരക്ഷാസന്നാഹം ഒരുക്കിയിരുന്നതിനാല്‍ പുരോഹിതന്‍ എത്തിയില്ല. തുടര്‍ന്നു വാല്‍മീകി സമുദായാംഗങ്ങള്‍ സ്വയം തൊപ്പി തലയിലണിഞ്ഞ് ഇസ്ലാം മതം സ്വീകരിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.
 
.

Back to Top