യു.എന്‍. സ്ഥിരാംഗത്വം ഔദാര്യമല്ല; അവകാശമെന്നു പ്രധാനമന്ത്രി
April 12 2015
പാരീസ്: ശ്രീബുദ്ധന്റെയും മഹാത്മാഗാന്ധിയുടെയും നാടായ ഭാരതത്തിനു ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി സ്ഥിരാംഗത്വം അവകാശപ്പെട്ടതാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതം ഒരിക്കലും മറ്റു രാജ്യങ്ങള്‍ കീഴ്പ്പെടുത്താന്‍ യുദ്ധം നടത്തിയിട്ടില്ല. എന്നും സമാധാനത്തിനുവേണ്ടിയാണു നിലകൊണ്ടിട്ടുള്ളത്.
ലോകത്തോടു പറയാനുള്ളത് ഇതാണ്: 'ഭാരതം മറ്റു രാഷ്ട്രങ്ങളെപ്പോലെയല്ല. മറ്റുള്ളവര്‍ക്കുവേണ്ടി ത്യാഗമനുഷ്ഠിച്ച പാരമ്പര്യമാണു ഭാരതീയന്റേത്. ഐക്യരാഷ്ട്രസഭയുടെ സമാധാനസേനയക്ക് ഏറ്റവും കൂടുതല്‍ പിന്തുണ നല്കുന്ന രാജ്യവും മറ്റൊന്നല്ല.'
ഒന്നാം ലോകമഹായുദ്ധത്തിന്റെ ശതാബ്ദിവര്‍ഷമാണിത്. ഭാരതത്തിനു ഗുണമോ ദോഷമോ വരുത്താത്ത യുദ്ധമായിരുന്നിട്ടും 14 ലക്ഷം സൈനികരെയാണ് ഒന്നാം ലോകയുദ്ധത്തിനായി വിട്ടുനല്‍കിയത്. അതില്‍ 75,000 പേര്‍ക്കു ജീവന് നഷ്ടപ്പെടുകയും ചെയ്തു.
ഐക്യരാഷ്ട്രസഭയില്‍ തീര്‍ത്തും അര്‍ഹമായതേ ചോദിക്കുന്നുള്ളൂ. അഭ്യര്‍ഥനയുടെ കാലം കഴിഞ്ഞുവെന്നും അവകാശപ്പെട്ടത് അനുവദിക്കണമെന്ന് ആവശ്യപ്പെടുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും ഫ്രാന്‍സിലെ ഭാരതീയ സമൂഹം നല്കിയ സ്വീകരണത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.