വിഷുക്കണി 15ന്; ശബരിമല നടതുറന്നു
April 11 2015
ശബരിമല: വിഷുവിളക്കിനായി ശബരിമല നടതുറന്നു. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എഴിക്കോട് കൃഷ്ണന് നമ്പൂതിരിയാണു നടതുറന്നത്. ഇനി പത്തു ദിവസം ഭക്തര്‍ക്കു ദര്‍ശനത്തിന് അവസരമുണ്ടാകും.
മാളികപ്പുറം നടതുറക്കുന്നതിനായി താക്കോല്‍ മാളികപ്പുറം മേല്‍ശാന്തി എസ്.കേശവന് നമ്പൂതിരിക്കു കൈമാറിയശേഷം മേല്‍ശാന്തി പതിനെട്ടാംപടിയിറങ്ങി ആഴി തെളിച്ചു. അതോടെ ഭക്തര്‍ പതിനെട്ടാംപടി കയറി ദര്ശനത്തിനെത്തിത്തുടങ്ങി.
15നു പുലര്‍ച്ചെ നാലു മുതല്‍ ഏഴു വരെയാണു വിഷുക്കണി. ഇന്നു മുതല്‍ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ ഉണ്ടായിരിക്കും. 19നു രാത്രി പത്തിനാണു നടയടയ്ക്കുക.
വരുംദിവസങ്ങളില്‍ പമ്പയിലും സന്നിധാനത്തും തിരക്കേറുമെന്നാണു കരുതുന്നത്. ദൂരദേശങ്ങളില്‍നിന്നുള്ള അയ്യപ്പഭക്തര്‍ എത്തിത്തുടങ്ങിയതേ ഉള്ളൂ. ദര്ശനത്തിനെത്തുന്നവര്ക്കു മതിയായ ഗതാഗതസൗകര്യം ഏര്‍പ്പെടുത്തുമോ എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുകയാണ്.