Sanathanam

ഭാരതീയസംസ്‌കൃതി ലോകത്തിനുള്ളത്: പ്രധാനമന്ത്രി

പാരീസ്: മനുഷ്യസമൂഹത്തിന്റെയാകെ സ്വത്താണു ഭാരതീയസംസ്‌കൃതിയെന്നും ഇതുപയോഗപ്പെടുത്താന്‍ മാനവസമൂഹം തയ്യാറാകണമെന്നും പ്രധാനമന്ത്രി നരേന്ദമോദി. വിദേശപര്യടനത്തിനു തുടക്കമിട്ട അദ്ദേഹം ഇവിടെ യുനെസ്‌കോ ആസ്ഥാനത്തു നടത്തിയ പ്രസംഗത്തിലാണു ഭാരതത്തിന്റെ മഹിമയെ ഉയര്‍ത്തിക്കാട്ടിയത്. 
എത്രയോ തലമുറകളായി ഭാരതം കൈമാറിപ്പോരുന്ന ജ്ഞാനദീപം കെടാതെ കാത്തുസൂക്ഷിക്കണമെന്നും പരമ്പരാഗത അറിവു വികസിപ്പിക്കാന്‍ ശ്രമിക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ലോകം വളരെയധികം പുരോഗമിച്ചു. എന്നാല്‍, ആഗോളവല്‍ക്കരണം പരമ്പരാഗതമായി ലഭിച്ച അറിവുകള്‍ നശിക്കാനിടയാക്കുകയാണ്. ബന്ധങ്ങളെയും ജീവിതരീതിയെയും അതു മാറ്റിമറിക്കുന്നു. 
ഭാരതം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളുടെ പൈതൃകം കാത്തുസൂക്ഷിക്കുന്നതിനായി യുനെസ്‌കോ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്‌ളാഘനീയമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. വിദ്യാഭ്യാസം, ശാസ്ത്രം തുടങ്ങിയ മേഖലകളില്‍ യുനെസ്‌കോ ഭാരതത്തിനു പിന്‍തുണ നല്‍കുന്നുണ്ട്. 
വിദ്യാഭ്യാസത്തിനു ഭാരതം എന്നും പ്രാധാന്യം കല്‍പിച്ചിട്ടുണ്ട്. കൊടുക്കുംതോറും വര്‍ധിക്കുന്ന ധനമാണ് അറിവെന്നര്‍ഥമുള്ള സംസ്‌കൃത ശ്‌ളോകം അദ്ദേഹം ചൊല്ലി. എല്ലാവര്‍ക്കും സുഖവും പുരോഗതിയും ഉണ്ടാകണമെന്നതാണു ഭാരതീയമായ കാഴ്ചപ്പാട്. ഈ ചിന്തയാണു ഭാരതസര്‍ക്കാരിനെ നയിക്കുന്നത്. ഓരോ കുടുംബത്തിനും പാര്‍പ്പിടം ലഭ്യമാക്കുന്നതിനും എല്ലാ വീട്ടിലും ശുദ്ധജലവും ശൗചാലയവും വൈദ്യുതിയും എത്തിക്കുന്നതിനുമാണു സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുക. 'വന്ദേ മാതരം', 'ഭാരത് മാതാ കീ ജയ്' വിളികളുമായാണു സദസ്സ് പ്രധാനമന്ത്രിയെ വരവേറ്റത്.
 
.

Back to Top