Sanathanam

ഭാരതീയദേവതകളെ ഇകഴ്ത്തി കാര്‍ട്ടൂണ്‍ പരമ്പര

കോഴിക്കോട്: ഭാരതീയദേവതകളെ ഇകഴ്ത്തിയും ഭാരതീയതയെ പുച്ഛിച്ചുകൊണ്ടുമുള്ള കാര്‍ട്ടൂണുകള്‍ ഇന്റര്‍നെറ്റില്‍. ഇളംപ്രായത്തില്‍ തന്നെ കുട്ടികളില്‍ ഭാരതീയതയെക്കുറിച്ച് അവജ്ഞ വളര്‍ത്തുക എന്ന ഗൂഢലക്ഷ്യത്തിന്റെ ഭാഗമാണ് ഇത്തരം കാര്‍ട്ടൂണുകളെന്നു സംശയിക്കപ്പെടുന്നു. 
ഈ റിപ്പോര്‍ട്ടിനൊപ്പം ചേര്‍ത്ത കാര്‍ട്ടൂണിന്റെ ആശയമിങ്ങനെ: മനുഷ്യന്റെ പാപങ്ങളും ക്രൂരതയും നിമിത്തം ദൈവം ലോകത്തെയും മതങ്ങളെയും നിയന്ത്രിക്കാനുള്ള ചുമതല സാത്താനു നല്‍കി. 
തുടര്‍ന്നു സാത്താനാണ് ഇന്ത്യയിലെ ദൈവങ്ങളെ സൃഷ്ടിച്ചത്. നിങ്ങളുടെ ആത്മാവിനെ തട്ടിയെടുത്തു നിങ്ങളെ നരകത്തിലെത്തിക്കുന്ന രാക്ഷസന്‍മാരാണ് ഇത്തരം ദൈവങ്ങള്‍.
മരണത്തിനുശേഷം ആത്മാവ് പുനര്‍ജനിക്കുമെന്ന വലിയ നുണ പറഞ്ഞുകൊണ്ടു സാത്താന്‍ ദൈവങ്ങളെ നിയന്ത്രിക്കുന്നു.
ഇതു പോലുള്ള ഒന്നിലധികം കാര്‍ട്ടൂണുകള്‍ ഇന്റര്‍നെറ്റിലുണ്ട്. യേശുക്രിസ്തുവിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ളതാണു ചില കാര്‍ട്ടൂണുകള്‍. 
അക്ഷരജ്ഞാനം നേടുംമുന്‍പേ കുട്ടികള്‍ കാര്‍ട്ടൂണുകള്‍ കണ്ടുതുടങ്ങും. കൗതുകംനിറഞ്ഞ വരകളും ചിത്രങ്ങളും കുട്ടികളെ ആകര്‍ഷിക്കും. അക്ഷരാഭ്യാസം നേടിക്കഴിഞ്ഞാല്‍ ആദ്യം വായിച്ചുതുടങ്ങുന്നതും കാര്‍ട്ടൂണുകളായിരിക്കും. കാര്‍ട്ടൂണ്‍ അധിഷ്ഠിത ടിവി ചാനലുകളും വെബ്‌സൈറ്റുകളും വീഡിയോ ഗെയിമുകളും പ്രചാരം നേടിക്കഴിഞ്ഞ സാഹചര്യത്തില്‍ എല്ലാ അര്‍ഥത്തിലും കുട്ടികളുടെ കളിക്കൂട്ടുകാരനാണു കാര്‍ട്ടൂണ്‍. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാണു പല കുരുന്നുകള്‍ക്കും ഹീറോ! 
ഈ സാധ്യത മുതലെടുക്കാനുള്ള സംഘടിതശ്രമം പാശ്ചാത്യലോകത്തോ ഭാരതത്തില്‍ തന്നെയോ ഉള്ള ചില ഉന്നതകേന്ദ്രങ്ങളുടെ പിന്തുണയോടെ നടക്കുന്നുവെന്ന സംശയം ബലപ്പെടുകയാണ്. വിദ്യാഭ്യാസത്തിലൂടെയും മാധ്യമങ്ങളിലൂടെയും മതം പ്രചരിപ്പിക്കുകയെന്ന തന്ത്രം പുതുമയാര്‍ന്നതല്ല. ചില മതസംഘടനകള്‍ നടത്തുന്ന വിദ്യാലയങ്ങളില്‍ തങ്ങളുടെ മതത്തിന്റെ ചിട്ടകളാണു പ്രചരിപ്പിക്കുന്നത്. ഭാരതത്തില്‍ വളരുന്ന കുട്ടികള്‍ക്കു വിദ്യാലയങ്ങളില്‍നിന്നു പരിചയപ്പെടുത്തിക്കൊടുക്കേണ്ടതു ഭാരതീയതയാണെങ്കില്‍ പലപ്പോഴും നടക്കുന്നതു മതരീതികളെ പരിചയപ്പെടുത്തല്‍ മാത്രമാണ്. തങ്ങളുടെ മതത്തോട് ആഭിമുഖ്യം വളര്‍ത്തുകയെന്ന ഗൂഢലക്ഷ്യമാണ് ഇതിനു പിന്നിലെന്നു വ്യക്തം. മതപ്രചാരണം ഫലപ്രദമാക്കാന്‍ സ്വന്തം മതത്തെ ഉയര്‍ത്തിക്കാട്ടിയാല്‍ മാത്രം പോരാ, സനാതനധര്‍മത്തെ താഴ്ത്തിക്കെട്ടുകകൂടി ചെയ്യണമെന്ന ചിന്തയാണു ഭാരതീയതയെ ആക്ഷേപിക്കുന്ന കാര്‍ട്ടൂണുകള്‍ പുറത്തുവരുന്നതിനു പിന്നിലെന്നാണു വിലയിരുത്തപ്പെടുന്നത്.
 
.

Back to Top