Ulsavam

പറശ്ശിനിക്കടവില്‍ ഉല്‍സവം വിഷു മുതല്‍

കണ്ണൂര്‍: നിത്യേന ഭക്തസഹസ്രങ്ങളെത്തുന്ന പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ ഉല്‍സവം വിഷുവിനാണു തുടങ്ങുക. ഏഴു ദിവസം നീളും. വൃശ്ചികം 16നു പുത്തരി തിരുവപ്പന ഉല്‍സവവും തുലാം ഒന്‍പതിനു പുത്തരി വെള്ളാട്ടം ഉല്‍സവവും നടക്കും. തുലാസംക്രമത്തില്‍ ഇവിടെ അടിയന്തരങ്ങള്‍ നിര്‍ത്തും. അന്ന് ഉല്‍സവ പ്രതീതിയാണെങ്ങും. ഒന്‍പതാം തീയതി വരെ പയിങ്കുറ്റി മാത്രമേ ഉണ്ടാകൂ. ഒന്‍പതിനു പുത്തരിവെള്ളാട്ടു പ്രമാണിച്ചു മുഴുവന്‍ ഭക്തര്‍ക്കും പുത്തരിസദ്യ നല്‍കും. നാട്ടുകാര്‍ മുത്തപ്പനു പുത്തരിസദ്യ ഒരുക്കുന്നുവെന്നാണു സങ്കല്‍പം. തുലാസംക്രമം മുതല്‍ വൃശ്ചികം 16 വരെ തിരുവപ്പന ഉണ്ടാകില്ല. മീനത്തിലാണു കൂട്ടക്കളിയാട്ടം. തൊട്ടടുത്ത ക്ഷേത്രമായ വടക്കീല്‍ വച്ച് വയനാട്ടുകുലവനെ കെട്ടിയാടിക്കും. അന്നു മടപ്പുരയില്‍ തിരുവപ്പന ഉണ്ടാവില്ല. എന്നാല്‍ എളയടത്തു ഭഗവതിയെ കെട്ടിയാടിക്കും. ഉല്‍സവകാലത്തും അല്ലാത്തപ്പോഴും ഭക്തജനത്തിരക്കേറുന്ന ക്ഷേത്രമാണിത്. നേര്‍ച്ചകള്‍ കുന്നത്തൂര്‍ പാടിക്കു സമാനം തന്നെ. എല്ലാ ദിവസവും ഉച്ചയ്ക്കു ഭക്തര്‍ക്കായി അന്നദാനമുണ്ട്. ഇതിനു പുറമേ മുഴുവന്‍ സമയവും പയറു പുഴുങ്ങിയതും ചായയും പ്രസാദമായി വിതരണം ചെയ്യും. ഇതും സമ്പൂര്‍ണമായി സൗജന്യമാണ്.
.

Back to Top