''പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ ഭാരതീയ രാഷ്ട്രസങ്കല്പം ഉയര്‍ത്തിപ്പിടിച്ച ദീര്‍ഘദര്‍ശി''
April 4 2015
എറണാകുളം: ജീവിതത്തിന്റെ സമസ്തമേഖലകളെക്കുറിച്ചും പ്രായോഗികവും ഗുണപരവുമായ കാഴ്ചപ്പാടു പുലര്‍ത്തിയിരുന്ന ദീര്ഘദര്ശിയാണു പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയെന്ന് ഡോ.മുരളീമനോഹര്‍ ജോഷി. തത്വശാസ്ത്രപരമായും യുക്തിയില്‍ അധിഷ്ഠിതവുമായാണു ഭാരതത്തെക്കുറിച്ച് അദ്ദേഹം ചിന്തിച്ചത്. ഭാരതത്തിന്റെ രാഷ്ട്രീയസങ്കല്പങ്ങള്ക്കു ദിശാബോധം പകരാന്‍ തന്റെ ചിന്തകളിലൂടെ ദീന്‍ദയാല്‍ ഉപാധ്യായയ്ക്കു സാധിച്ചു. ഭാരതീയ വിചാരകേന്ദ്രവും പ്രജ്ഞാപ്രവാഹും ചേര്‍ന്ന് ഏകാത്മ മാനവ ദര്‍ശനത്തെക്കുറിച്ചു സംഘടിപ്പിച്ച ദേശീയ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഡോ.ജോഷി.
പാശ്ചാത്യ രാഷ്ട്രീയ സങ്കല്പത്തെ അന്ധമായി പിന്തുടരുകയാണു ഭാരതത്തിലെ ഒരുകൂട്ടം ചിന്തകരും രാഷ്ട്രീയക്കാരും പണ്ഡിതരുമൊക്കെ. അവര്‍ എല്ലാറ്റിനെയും പാശ്ചാത്യലോകത്തിലെ നേട്ടങ്ങളുമായി താരതമ്യം ചെയ്യാനാണു ശ്രമിക്കുന്നത്. എന്നാല്‍ ഇതു ശരിയല്ലെന്ന് പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ ഉപദേശിച്ചു. കുറഞ്ഞകാലത്തെ മാത്രം പാരമ്പര്യമുള്ള പാശ്ചാത്യലോകത്തെ പിന്തുടരുന്നതിനെ അദ്ദേഹം നിരുല്സാഹപ്പെടുത്തി. ശങ്കരാചാര്യരെക്കുറിച്ചും മാധ്വാചാര്യരെക്കുറിച്ചും ഓര്‍മിപ്പിച്ചു. ഇതു ഞങ്ങള്‍ക്കു പ്രചോദനമായെന്നും ഡോ.ജോഷി പറഞ്ഞു.
പ്രതിശീര്‍ഷവരുമാനം തുടങ്ങിയ പാശ്ചാത്യ ആശയങ്ങള്‍ക്കു പിറകെയാണു സ്വതന്ത്രഭാരതവും നീങ്ങിയത്. പണത്തെ അടിസ്ഥാനമാക്കിയുള്ള ഒരു താരതമ്യം മാത്രമാണതെന്നു തിരിച്ചറിയാന്‍ സാധിക്കേണ്ടതാണ്. വേശ്യാവൃത്തിയില്നിന്നുള്ള വരുമാനംകൂടി ചേര്‍ത്താല്‍ മാത്രമേ ബ്രിട്ടന്റെ പ്രതിശീര്‍ഷവരുമാനം ഉയരുകയൂള്ളൂ എന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ പ്രസ്താവന പാശ്ചാത്യ സാമ്പത്തികനയം എത്രമാത്രം നിലവാരം കുറഞ്ഞ നിലയിലേക്കു സമൂഹത്തെ കൊണ്ടെത്തിക്കുമെന്നതിന്റെ തെളിവാണ്. ബ്രിട്ടന് ഇപ്പോള്‍ തകര്‍ന്ന ബ്രിട്ടനാണ്. ഗ്രേറ്റ് ബ്രിട്ടനല്ല. ഇന്നത്തെ രീതിയില്‍ മുന്നോട്ടുപോയാല്‍ സമൂഹത്തിന്റെ ഗതിയെന്താകുമെന്ന ചിന്ത പാശ്ചാത്യലോകത്ത് ആരും ഉയര്‍ത്തുന്നില്ല.
സ്വന്തം രീതി പിന്തുടര്‍ന്നുവേണം വളര്‍ച്ചയെയും പുരോഗതിയെയും അളക്കാനെന്നു പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ നിര്‍ദേശിച്ചിരുന്നു. മനുഷ്യന്റെ വ്യക്തിത്വത്തിന് ഇപ്പോഴും ചൂണ്ടിക്കാട്ടാവുന്ന ഏറ്റവും നല്ല നിര്‍വചനം സമ്മാനിച്ചത് അദ്ദേഹമാണെന്നും ഡോ.ജോഷി പറഞ്ഞു.
സാമ്പത്തിക, സാമൂഹ്യ വിഷയങ്ങളില്‍ ഓരോ കാലത്ത് ഓരോ നയങ്ങളും രീതികളും അവതരിപ്പിക്കുകയും അവ പരാജയപ്പെടുന്നുവെന്നുവരുമ്പോള് പുതിയത് അവതരിപ്പിക്കുകയും ചെയ്യുന്ന രീതി പിന്തുടരുകയാണു പാശ്ചാത്യലോകമെന്നു ധനകാര്യവിദഗ്ധന്‍ എസ്.ഗുരുമൂര്‍ത്തി ചൂണ്ടിക്കാട്ടി. ചെറിയ ഇടവേളകളില്‍ മാത്രമാണു ഭാരതത്തെ സാമ്പത്തികമായി മറികടക്കാന്‍ പാശ്ചാത്യരാഷ്ട്രങ്ങള്ക്കു സാധിച്ചത്. ഒരിക്കലും ശാശ്വതമായ വളര്‍ച്ച നേടാന്‍ അവര്‍ക്കായില്ല. മൂല്യങ്ങളുടെ കാര്യത്തില്‍ മുന്നിലെത്താന്‍ ഒരിക്കലും അവര്‍ക്കു സാധിച്ചതുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആര്.എസ്.എസ്. ദേശീയ ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹോസബളെ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏകാത്മ മാനവദര്‍ശനത്തിന്റെ പ്രസക്തി അനുദിനം വര്‍ധിച്ചുവരികയാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഭാരതീയ വിചാരകേന്ദ്രം പ്രസിഡന്റ് ഡോ.എം.മോഹന്‍ദാസ് അധ്യക്ഷനായിരുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് അംഗമായി നിയോഗിക്കപ്പെട്ട ഡോ.സി.ഐ.ഐസക്കിനെ ചടങ്ങില്‍ ആദരിച്ചു. സ്വാഗതസംഘം ചെയര്മാന് ജസ്റ്റിസ് കെ.പത്മനാഭന് നായര്‍ സംബന്ധിച്ചു. ഭാരതീയ വിചാരകേന്ദ്രം ജനറല്‍ സെക്രട്ടറി കെ.സി.സുധീര്‍ ബാബു സ്വാഗതവും ഡോ. ലത വിനോദ് നന്ദിയും പറഞ്ഞു.