ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം മലപ്പുറത്തു തുടങ്ങി
April 3 2015
മലപ്പുറം: ഹിന്ദുഐക്യവേദി സംസ്ഥാന സമ്മേളനം മലപ്പുറത്ത് ആരംഭിച്ചു. രാവിലെ 10ന് ടൗണ്‍ ഹാളിലെ പൂന്താനം നഗറില്‍ ഹിന്ദു നേതൃസമ്മേളനം കോഴിക്കോട് അമൃതാനന്ദമയീ മഠാധിപതി സ്വാമി വിവേകാമൃത ചൈതന്യ ഉദ്ഘാടനം ചെയ്തു. ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ അധ്യക്ഷത വഹിച്ചു.
നാളെയും മറ്റന്നാളും ടൗണ്‍ ഹാളിലെ ടി.എന്‍. ഭരതന് നഗറില്‍ പ്രതിനിധി സമ്മേളനം നടക്കും. അഞ്ചിന് വൈകിട്ട് മൂന്നിന് ത്രിപുരാന്തക ക്ഷേത്ര പരിസരത്ത് നിന്ന് പ്രകടനം ആരംഭിക്കും. അഞ്ച് മണിക്ക് കിഴക്കേതലയിലെ രാമസിംഹന് നഗറില്‍ പൊതുസമ്മേളനം സാക്ഷി മഹാരാജ് എംപി ഉദ്ഘാടനം ചെയ്യും. കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിയും ആര്‍ട്ട് ഓഫ് ലിവിംഗ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ സദ്യോജാത സ്വാമിയും അനുഗ്രഹ പ്രഭാഷണം നടത്തും. കുമ്മനം രാജശേഖരന് മുഖ്യപ്രഭാഷണം നടത്തും.
ഹൈന്ദവ സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പറഞ്ഞു. വിസ്മരിക്കപ്പെടുന്ന മലപ്പുറത്തിന്റെ പൈതൃകം, ഹൈന്ദവരെ അടിച്ചമര്‍ത്താനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ നീക്കം, ആദിവാസികളുടെ പ്രശ്നങ്ങള്‍, മതപരിവര്‍ത്തനം തുടങ്ങി കാര്യങ്ങളും ചര്‍ച്ചാവിഷയമാകും.