ശരംകുത്തി പള്ളിവേട്ട ഇന്ന്
April 2 2015
പത്തനംതിട്ട: ശബരിമല ശരംകുത്തിയില്‍ പള്ളിവേട്ട ഇന്ന്. അധാര്‍മിക ചിന്തകളെ ഇല്ലാതാക്കുന്നതിന്റെ പ്രതീകാത്മക ചടങ്ങാണു പള്ളിവേട്ടയെന്നാണു വിശ്വാസം.
അത്താഴപൂജയ്ക്കുശേഷം രാത്രി പത്തുമണിയോടെയാണു ചടങ്ങുകള്‍ക്കു തുടക്കമാകുക. ശ്രീകോവിലില്‍നിന്നു ശ്രീബലിവിഗ്രഹത്തിലേക്ക് ആവാഹിച്ചു നടത്തുന്ന ആനപ്പുറത്തെഴുന്നള്ളത്ത് ശരംകുത്തിയിലേക്കു പുറപ്പെടും. ശരംകുത്തിയിലെത്തിയാല് നായാട്ടുവിളിയാണ് ആദ്യ ചടങ്ങ്. പള്ളിക്കുറുപ്പ് അയ്യപ്പചരിതത്തിലെ 101 ശീലുകള്‍ ഉരുവിട്ടാണു നായാട്ടുവിളിക്കുക. തുടര്‍ന്നു പള്ളിവേട്ട നടക്കും. തന്ത്രി കണ്ഠര് രാജീവര് ആല്‍ത്തറയില്‍ ഹവിസ് അര്‍പ്പിക്കും.
അമ്പുകള്‍ കാട്ടിലേക്കു തൊടുക്കുന്നതോടെയാണു ചടങ്ങുകള്‍ സമാപിക്കുക. തുടര്‍ന്ന് സോപാനത്തേക്കു തിരിച്ചെഴുന്നള്ളത്ത്. ശ്രീകോവിലിനു പുറത്തു തയ്യാറാക്കിയ പ്രത്യേക മണ്ഡപത്തിലായിരിക്കും ധര്‍മശാസ്താവിന്റെ പള്ളിയുറക്കം.
നാളെ രാവിലെ ആറാട്ടുബലിയും ആറാട്ടെഴുന്നള്ളത്തും നടക്കും.