Ulsavam

നെന്മാറ വല്ലങ്ങി വേലയെന്ന കാഴ്ചപ്പൂരം!

പാലക്കാട്: ആഘോഷത്തില്‍ തൃശൂര്‍പൂരവുമായി സമാനതകളേറെയുണ്ട് പാലക്കാട് ജില്ലയിലെ നെന്മാറ വല്ലങ്ങി വേലയ്ക്ക്. കൊയ്ത്തു കഴിഞ്ഞയുടനെ മീനം 20ന് (ഏപ്രില്‍ രണ്ടിനോ മൂന്നിനോ) ആണു വേല. ഗ്രാമദേവതയുടെ പിറന്നാളിനുള്ള ആഘോഷമെന്നും ദേവി, രാക്ഷസനിഗ്രഹം നടത്തിയത്തിന്റെ ആഹ്‌ളാദ പ്രകടനമെന്നും രണ്ട് ഐതിഹ്യമുണ്ട് വേലയ്ക്കു പിന്നില്‍. നെന്മാറ, വല്ലങ്ങി ദേശക്കാര്‍ പൂരമായെത്തി നെല്ലിക്കുളങ്ങര ക്ഷേത്രത്തിലെത്തുകയാണു രീതി. ഇരുവശത്തും പതിനഞ്ചോളം ആനകള്‍ അണിനിരക്കും. പ്രത്യേകം മേളം ഇരുവിഭാഗവുമൊരുക്കും. നല്ല മേളക്കാരെയും തലയെടുപ്പുള്ള ഗജവീരന്മാരരെയും കിട്ടാന്‍ ഇരു കമ്മിറ്റികളും തമ്മില്‍ മല്‍സരമാണ്. ആനപ്പന്തലില്‍ ആനകളെ ഒരുക്കിനിര്‍ത്തി  ജനങ്ങള്‍ക്കു  കാണാന്‍ അവസരമൊരുക്കുകയും ചെയ്യും. പൂരമായി പകല്‍ നാട്ടിലിറങ്ങുന്ന ഇരു വിഭാഗവും വൈകിട്ടോടെയാണു നെല്ലിക്കുളങ്ങര ക്ഷേത്രത്തിലെത്തുക. ആദ്യം വല്ലങ്ങി ദേശവും പിന്നെ നെന്മാകറ ദേശവുമാണു കാവുകയറുക.
ആറു മണിയോടെ പകല്‍വെടിക്കെട്ടു തുടങ്ങും. ആദ്യ ഊഴം വല്ലങ്ങി ദേശത്തിനു തന്നെ. നെന്മാറയുടെ പകല്‍ വെടിക്കെട്ടും തീരുന്നതോടെ എഴുന്നള്ളത്തുകള്‍ തിരിക്കുന്നതോടെ പകല്‍വേല അവസാനിക്കുന്നു.
തായമ്പകയോടെയാണു രാത്രിവേല തുടങ്ങുക. ദേശങ്ങളിലെ ക്ഷേത്രങ്ങളില്‍ നിന്നു പുറപ്പെട്ട് ആനപ്പന്തലുകളിലെത്തി പഞ്ചവാദ്യങ്ങള്‍ അവസാനിക്കുന്നതോടെ രാത്രിയിലെ വെടിക്കെട്ടു തുടങ്ങും. തുടര്‍ന്നു  പുലര്‍ച്ചെ എഴുന്നള്ളത്തുകള്‍ പാണ്ടിമേളത്തോടെ കാവുകയറും. തിരിച്ചു പറവാദ്യത്തോടെ മുത്തുക്കുടകളേന്തി അതതു ദേശത്തെത്തി തിടമ്പിറക്കുന്നതോടെ വേലയ്ക്കു സമാപനമാകും. കുമ്മാട്ടി, കരിവേല, ആണ്ടിവേല തുടങ്ങിയവയും വേലയുടെ ഭാഗമായി നടക്കും.
.

Back to Top