Sanathanam

ഒരിക്കല്‍കൂടി ഗുരു ചേമഞ്ചേരി കളിയരങ്ങില്‍

കോഴിക്കോട്: നൂറാം വയസ്സില്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ വീണ്ടും കഥകളിയരങ്ങില്‍! കൊളത്തൂര്‍ അദ്വൈതാശ്രമത്തിന്റെ കേന്ദ്രസ്ഥാനമായ വല്ലോറക്കാവ് ക്ഷേത്ര പുന:പ്രതിഷ്ഠയോടനുബന്ധിച്ചാണ് അദ്ദേഹം വേഷമിട്ടത്. ഏതാനും മാസങ്ങള്‍ മുന്‍പ് കഥകളി അവതരിപ്പിച്ച് അദ്ദേഹം കളിത്തട്ടില്‍നിന്നുള്ള വിടവാങ്ങല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, കൊളത്തൂരുമായും അദ്വൈതാശ്രമവുമായും ഉള്ള ഹൃദയബന്ധത്തെ മുന്‍നിര്‍ത്തി അപ്രതീക്ഷിതമായി അദ്ദേഹം വീണ്ടും അരങ്ങിലെത്തുകയായിരുന്നു. വല്ലോറക്കാവ് ക്ഷേത്ര പുന:പ്രതിഷ്ഠാ- നവീകരണകലശ മഹോല്‍സവത്തിന്റെ സമാപനച്ചടങ്ങില്‍ അതിഥിയായെത്തിയതായിരുന്നു ഗുരു. തന്റെ നേതൃത്വത്തിലുള്ള ചേലിയ കഥകളിവിദ്യാലയം കിരാതം കഥകളി അവതരിപ്പിച്ചപ്പോഴാണ് അദ്ദേഹം പ്രായം മറന്നു ശിഷ്യര്‍ക്കൊപ്പം ചേര്‍ന്നത്.
നടന്‍മാര്‍ വേഷമണിഞ്ഞുതുടങ്ങിയപ്പോഴാണ് ഈ വേദിയില്‍ കളിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നു ഗുരു വ്യക്തമാക്കിയത്. ശ്രീമത് സ്വാമി ചിദാനന്ദപുരിയോട് അദ്ദേഹം അനുമതി തേടി. ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന സ്വാമിജി നല്‍കിയ മറുപടി ശാരീരികമായി ബുദ്ധിമുട്ടില്ലെങ്കില്‍ വേദിയിലെത്തുന്നതില്‍ സന്തോഷമേ ഉള്ളൂ എന്നായിരുന്നു.
തുടര്‍ന്നാണു പരമശിവനായി ഗുരു അരങ്ങിലെത്തിയത്. കിരീടവും മിനുക്കുമായി മരവുരിയണിഞ്ഞു ഗുരു വേദിയിലെത്തിത് ആദരവോടും ആശ്ചര്യത്തോടുംകൂടിയാണു കഥകളി കാണാനെത്തിയ പുരുഷാരം കണ്ടത്. അര്‍ജുനന്റെ ഗര്‍വില്ലാതാക്കി പാശുപതാസ്ത്രം നല്‍കുന്ന രംഗമാണ് അവതരിപ്പിക്കപ്പെട്ടത്.
കലാമണ്ഡലം പ്രേംകുമാര്‍ അര്‍ജുനന്‍, കലാനിലയം വാസുദേവന്‍, ആദര്‍ശ് എന്നിവരാണു വേഷങ്ങളണിഞ്ഞത്.
ഭാരതീയ സംസ്‌കാരത്തിന്റെ ഉള്‍ത്തുടിപ്പായ വിനയത്തിന്റെയും നമ്രതയുടെയും ആള്‍രൂപമാണു ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരെന്നു ശ്രീമത് സ്വാമി ചിദാനന്ദപുരി സ്വാമി പറഞ്ഞു. മല്‍സരാധിഷ്ഠിതമാണു ലോകമെന്നു പറയുന്നവര്‍ക്കുള്ള മറുപടിയാണു ദുരഭിമാനംകൂടാതെ ശിഷ്യരെ പോലും അംഗീകരിക്കാന്‍ സാധിക്കുന്ന ഗുരുവിന്റെ മനസ്സ്.  ഗുരുവിനെ പൊന്നാടയണിയിച്ചു പ്രസംഗിക്കുകയായിരുന്നു സ്വാമിജി.
നൂറാം വയസ്സിലും ഗുരുവിന് ഊര്‍ജം പകരുന്നതു സ്വഭാവത്തിലെ തെളിമയും എളിമയുമാണ്. അടുപ്പമുള്ളവരോടൊക്കെ നല്ല ബന്ധം നിലനിര്‍ത്താന്‍ ഇപ്പോഴും അദ്ദേഹം എത്രയോ സഞ്ചരിക്കുന്നു. മറ്റുള്ളവരുടെ സുഖത്തിലും ദു:ഖത്തിലും പങ്കാളിയാകുന്നു. കലയ്ക്കുവേണ്ടി സമര്‍പ്പിക്കപ്പെട്ട ജീവിതമാണു ഗുരുവിന്റേതെന്നും സ്വാമിജി ചൂണ്ടിക്കാട്ടി.
അദ്വൈതാശ്രമവും പരിസരവും ഉല്‍സവാന്തരീക്ഷമാക്കിത്തീര്‍ത്ത വല്ലോറക്കാവ് പുന:പ്രതിഷ്ഠാ- നവീകരണകലശ മഹോല്‍സവത്തിന്റെ സമാപനച്ചടങ്ങിലാണു ഗുരു ചേമഞ്ചേരിയെ ആദരിച്ചത്. സമാപന സമ്മേളനം ഗുരൂവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ടി.വി.ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. ഹൈന്ദവാരാധനാലയങ്ങളുടെ പുനരുദ്ധാരണത്തിനും ജീര്‍ണോദ്ധാരണത്തിനും സമൂഹത്തില്‍നിന്നു പിന്തുണ കിട്ടുന്നുണ്ടെന്നതു സന്തോഷം പകരുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. യുക്തിയില്‍ അധിഷ്ഠിതമായ ഭക്തിയിലേക്കു തന്നെ വഴിതിരിച്ചുവിട്ടത് അദ്വൈതാശ്രമമാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വിജയചന്ദ്രന്‍ ഐ.എ.എസ്. (റിട്ട.) പറഞ്ഞു. കൊളത്തൂര്‍ അദ്വൈതാശ്രമത്തിന്റെ വളര്‍ച്ചയിലെ നാഴികക്കല്ലുകളെക്കുറിച്ച് എം.കെ.രജീന്ദ്രനാഥ് സ്വാഗതപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ശ്രീമത് സ്വാമി ചിദാനന്ദപുരിക്കു വല്ലോറക്കാവും പരിസരവും വിട്ടുനല്‍കിയ മംഗലശ്ശേരി നാരായണസ്വാമിയുടെ പിന്‍മുറക്കാരനായ പ്രേംനാഥ് മംഗലശ്ശേരി നന്ദി പറഞ്ഞു.
.

Back to Top