Sanathanam

പ്രഫ. മേലത്തിന്റെ സപ്തതി ആഘോഷം നാലിനു പയ്യന്നൂരില്‍

കണ്ണൂര്‍: കവി പ്രഫ. മേലത്ത് ചന്ദ്രശേഖരന്റെ സപ്തതി ആഘോഷം തപസ്യ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ നാലിനു പയ്യന്നൂരില്‍ നടക്കും. തുളുവന്നൂര്‍ മഹാവിഷ്ണുക്ഷേത്രം, ബി.ഇ.എം.എല്‍.പി. സ്‌കൂള്‍, ഗാന്ധിപാര്‍ക്ക് എന്നിവിടങ്ങളിലായി വൈവിധ്യമാര്‍ന്ന പരിപാടികളാണു നടക്കുക.
രാവിലെ എട്ടരയ്ക്ക് തുളുവന്നൂര്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ ആധ്യാത്മിക ഗ്രന്ഥങ്ങള്‍കൊണ്ട് അക്ഷരതുലാഭാരം നടത്തും. ബി.ഇ.എം.സ്‌കൂളില്‍ നടക്കുന്ന സമാരംഭ പര്‍വം സോപാനസംഗീതത്തോടെ ആരംഭിക്കും. അംബികാസുതന്‍ മാങ്ങാട് ഉദ്ഘാടനം നിര്‍വഹിക്കും. ഡോ.ആര്‍.സി.കരിപ്പത്ത് മുഖ്യപ്രഭാഷണം നടത്തും. സ്വാമി അമൃതകൃപാനന്ദപുരി പൊന്നാടയണിയിക്കും.  
11 മണിക്കു നടക്കുന്ന സര്‍ഗപര്‍വത്തില്‍ നിരൂപണത്തിലെ നിപുണത, കവിയുടെ കവനവൈഭവം, പ്രഭാഷണത്തിലെ സ്വച്ഛഭാവം എന്നീ വിഷയങ്ങളെക്കുറിച്ചു ഡോ.ടി.പവിത്രന്‍, ഡോ.കെ.എച്ച്.സുബ്രഹ്മണ്യന്‍, പ്രഫ. കൂമുള്ളി ശിവരാമന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന് കാവ്യദക്ഷിണ. എം.എന്‍.നമ്പ്യാര്‍ നേതൃത്വം നല്‍കും. പ്രഫ. മേലത്തിന്റെ ശിഷ്യരായ നാലാപ്പാടം പത്മനാഭന്‍, ബിജു കാഞ്ഞങ്ങാട്, മാധവന്‍ പുറച്ചേരി, പ്രകാശന്‍ മടിക്കൈ, പ്രസാദ് കരുവളം, സി.പി.ചന്ദ്രന്‍ തുടങ്ങിയവര്‍ കവിതകള്‍ അവതരിപ്പിക്കും.
ഉച്ചകഴിഞ്ഞു രണ്ടിനു കാവ്യപര്‍വം. പയ്യന്നൂര്‍ തപസ്യ കലാക്ഷേത്രത്തില്‍ പഠിക്കുന്ന കുട്ടികള്‍ പ്രഫ. മേലത്തിന്റെ കവിതകള്‍ ആലപിക്കുകയും സംഗീതാവിഷ്‌കാരം അവതരിപ്പിക്കുകയും ചെയ്യും.
വൈകിട്ടു നാലിനു കവിയെ ആനയിച്ചുള്ള സാസ്‌കാരിക ഘോഷയാത്ര. ഇതു സമാപിക്കുന്നതോടെ ഗാന്ധിപാര്‍ക്കില്‍ കവിയരങ്ങ് നടക്കും. എന്‍.കെ.കൃഷ്ണനാണു നേതൃത്വം നല്‍കുക. കെ.ജയലക്ഷ്മി, മധു ആലപ്പടമ്പ്, മുരളീധരന്‍ പട്ടാന്നൂര്‍, രാമകൃഷ്ണന്‍ കണ്ണോം, സന്തോഷ് കോറമംഗലം, ശങ്കരന്‍ കോറോം, കെ.കെ.ഗോവിന്ദന്‍ മാസ്റ്റര്‍, വി.പി.ബാലകൃഷ്ണന്‍ കാറമേല്‍ തുടങ്ങിയവര്‍ കവിതകള്‍ അവതരിപ്പിക്കും. തുടര്‍ന്നു മേലത്തിന്റെ സമ്പൂര്‍ണ കവിതകള്‍, ജെ.ജെ.പള്ളത്ത് രചിച്ച സര്‍ഗാത്മക കുടുംബം എന്നീ പുസ്തകങ്ങളുടെ പ്രകാശനം.
സമാപനച്ചടങ്ങ് പി.പി.കരുണാകരന്‍ മാസ്റ്ററുടെ അധ്യക്ഷതയിലാണു നടക്കുക. കവിയും തപസ്യ സംസ്ഥാന അധ്യക്ഷനുമായ എസ്.രമേശന്‍ നായര്‍ സപ്തതി പ്രണാമമര്‍പ്പിക്കും. പ്രശാന്ത് ബാബു, പാണപ്പുഴ പത്മനാഭപ്പണിക്കര്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും.
.

Back to Top