Sanathanam

ശാകുന്തളം ശില്‍പങ്ങളിലൂടെ പുനര്‍ജ്ജനിക്കുന്നു

തിരുവനന്തപുരം: പ്രണയത്തിന്റെയും വിരഹത്തിന്റെയും പുന:സമാഗമത്തിന്റെയും കഥ പറഞ്ഞ അനശ്വര ഇന്ത്യന്‍ ക്ലാസിക് കൃതിയായ ശാകുന്തളം ശില്‍പരൂപത്തില്‍ കേരളത്തില്‍ പുനര്‍ജ്ജനിക്കുന്നു. മലയാള ശാകുന്തളം പ്രസിദ്ധീകരിക്കപ്പെട്ട് 103 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍, കാളിദാസവിരചിതമായ കൃതിയെ മലയാളത്തിനു പരിചയപ്പെടുത്തിയ കേരളപാണിനി എ.ആര്‍.രാജരാജവര്‍മ്മയുടെ സ്മാരകത്തിലാണു ശാകുന്തളത്തിന്റെ ശില്‍പഭാഷ്യം ഒരുങ്ങുന്നതെന്ന പ്രത്യേകതയും ഉണ്ട്. 
മാവേലിക്കര എ.ആര്‍.രാജരാജവര്‍മ സ്മാരക ശാരദാമന്ദിരത്തിന്റെ വളപ്പില്‍ ഒരുക്കുന്ന സാംസ്‌കാരിക ഉദ്യാനത്തിന്റെ ഒന്നാംഘട്ട നിര്‍മാണത്തിന്റെ ഭാഗമായാണു ശകുന്തളയ്ക്കും കണ്വാശ്രമത്തിനും പുനര്‍ജനി. 
ശകുന്തളയുടെ പത്തടി ഉയരമുള്ള കോണ്‍ക്രീറ്റ് ശില്‍പമാണ് സ്ഥാപിക്കുന്നത്. ക്രിയേറ്റീവ് കോംപോസിഷന്‍ രീതിയിലാണു ശകുന്തളയുടെ ശില്‍പത്തിന്റെ നിര്‍മ്മാണമെന്നു ശില്‍പി ജോസ് കൊല്ലകടവ് അറിയിച്ചു. കണ്വാശ്രമത്തിനു ചേരുന്ന രീതിയില്‍ മന്ദിരവളപ്പിലെ കിണറും ക്രമീകരിച്ചുകഴിഞ്ഞു. സംരക്ഷണ ഭിത്തിയില്‍ ദുര്‍വാസാവ്, ദുഷ്യന്തന്‍, സഖിമാര്‍, മാന്‍, മയില്‍ എന്നിവയാണ് ഒരുങ്ങുത്. 
ജോസ് കൊല്ലകടവും സഹപ്രവര്‍ത്തകരായ ബിനുവും സിബിയും ചേര്‍ന്നാണു ശില്‍പവും കണ്വാശ്രമവും നിര്‍മിക്കുന്നത്. കവയിത്രി സുഗതകുമാരി പ്രസിഡന്റും അനി വര്‍ഗീസ് സെക്രട്ടറിയുമായി ചുമതലയേറ്റെടുത്ത ഭരണസമിതി അവതരിപ്പിച്ച നയരേഖയില്‍ സാംസ്‌കാരിക ഉദ്യാനം നിര്‍മിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടക്കമായാണ് ഉദ്യാനം ഒരുക്കുന്നത്. രണ്ടാം ഘട്ടത്തില്‍ എ.ആര്‍. രാജരാജവര്‍മയ്ക്കു മുമ്പും പിമ്പുമുള്ള സാഹിത്യ മേഖലയിലെ ഇതിഹാസകഥകള്‍ ഉള്‍ക്കൊള്ളിച്ച് ഉദ്യാനം പൂര്‍ത്തീകരിക്കും.
മന്ത്രി കെ.സി.ജോസഫ് ശാകുന്തളം ശില്‍പഭാഷ്യത്തിന്റെ സമര്‍പ്പണം നിര്‍വഹിച്ചു.
 
.

Back to Top