Sanathanam

നീലകണ്ഠ സോമയാജി: അദ്വിതീയനായ ശാസ്ത്രപ്രതിഭ അഥവാ ചരിത്രത്തില്‍ ഇടം നിഷേധിക്കപ്പെട്ട അതുല്യനായ മലയാളി

കോഴിക്കോട്: ഭാരതീയ ജ്യോതിശാസ്ത്ര, ഗണിത പഠനത്തില്‍ അദ്വിതീയ സ്ഥാനത്ത്, ചരിത്രം പേരുപോലും രേഖപ്പെടുത്താതെ അവഗണിച്ച മലയാളി. ജ്യോതിശാസ്ത്രത്തിന്റെയും ഗണിതത്തിന്റെയും വികാസത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ചിട്ടുള്ള മഹാപ്രതിഭയായ തിരൂര്‍ തൃക്കണ്ടിയൂര്‍ സ്വദേശി നീലകണ്ഠ സോമയാജി, പ്രാചീന, മധ്യ കാലഘട്ടങ്ങളില്‍ ഉത്തുംഗ സ്ഥാനത്തുണ്ടായിരുന്ന ഭാരതീയ ശാസ്ത്രപഠനത്തിന് നല്‍കിയിട്ടുള്ളത് അമൂല്യമായ സംഭാവനകളാണ്. ശാസ്ത്രത്തിനപ്പുറം ഭാരതീയ തത്വചിന്തയിലും മീമാംസയിലും വ്യാകരണത്തിലും സാംസ്‌കാരിക പഠനത്തിലും നിപുണനായിരുന്നു അദ്ദേഹം. 
തന്ത്രസംഗ്രഹമാണു നീലകണ്ഠ സോമയാജിയുടെ ഏറ്റവും വിലപ്പെട്ട സംഭാവന. ജ്യോതിശാസ്ത്രത്തെക്കുറിച്ചു സംസ്‌കൃതത്തില്‍ രചിച്ച ഈ ഗ്രന്ഥത്തിന് എട്ട് അധ്യാങ്ങളുണ്ട്. 432 ശ്‌ളോകങ്ങളിലായി വിവരിച്ചിരിക്കുന്നത് ഭാരതീയ ജ്യോതിശാസ്ത്ര പഠനത്തിന്റെ ആകെത്തുകയാണ്. ഗ്രഹങ്ങളുടെ ചലനത്തെ അടിസ്ഥാനപ്പെടുത്തിയാണു ഗ്രന്ഥരചന നടത്തിയിട്ടുള്ളത്. ആദ്യത്തെ രണ്ട് അധ്യായങ്ങളില്‍ ഗ്രഹങ്ങളുടെ നീക്കത്തെക്കുറിച്ചും സ്ഥാനത്തെക്കുറിച്ചും വിശദീകരിക്കുന്നു. സൂര്യന്റെ സ്ഥാനത്തെക്കുറിച്ചും നിഴലുകളെക്കുറിച്ചുമാണു മൂന്നാമത്തെ അധ്യായത്തില്‍ പറയുന്നത്. ആറാം അധ്യായത്തില്‍ സൂര്യനും ചന്ദ്രനും പരാമര്‍ശിക്കപ്പെടുന്നു. ചന്ദ്രോദയവും അസ്തമയവും സംബന്ധിച്ച കാര്യങ്ങള്‍ അടുത്ത അധ്യായത്തില്‍ വിശദീകരിച്ചിട്ടുണ്ട്. സൂര്യനില്‍നിന്നുള്ള പ്രകാശം ചന്ദ്രനു ലഭ്യമാകുന്നതെങ്ങനെയെന്നതാണ് അവസാനത്തെ അധ്യായത്തിലെ വിഷയം.
തിരൂര്‍ തൃക്കണ്ടിയൂരില്‍ 1444 ജൂണ്‍ 14നാണു നീലകണ്ഠനെന്ന പ്രതിഭയുടെ ജനനം. രവി എന്ന ഗുരുവില്‍നിന്നു വേദാന്തവും ദാമോദരന്‍ എന്ന ഗുരുവില്‍ നിന്നു ജ്യോതിശാസ്തവും ഗണിതവും പഠിച്ചു. നൂറു വയസ്സിലേറെ ജീവിച്ചുവെന്നാണു കരുതുന്നത്. 154243ല്‍ രചിക്കപ്പെട്ട ജ്യോതിശാസ്ത്ര ഗ്രന്ഥമായ പ്രശ്‌നസാരത്തില്‍ സമകാലികനെന്നു വ്യക്തമാകുംവിധം നീലകണ്ഠ സോമയാജിയുടെ പേരു പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
.

Back to Top