Ulsavam

തിരുനക്കര പകല്‍പൂരം: അക്ഷരനഗരി പൂരപ്പറമ്പായി

കോട്ടയം: അക്ഷരനഗരിയില്‍ ഗജവീരന്മാരും പുരുഷാരവും അണിനിരന്ന് വര്‍ണ്ണങ്ങളുടെ പൂരമൊരുക്കി മഹാദേവന് ഭക്തിയുടെ പൊങ്കാലയര്‍പ്പിച്ചു. കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിലെ പകല്‍പൂരത്തിന് പതിവുപോലെ ജാതിമതഭേദമന്യേ പുരുഷാരം സംഘാടകരായി. ഗതാഗത നിയന്ത്രണങ്ങളൊരുക്കി പൊലീസും സൗകര്യങ്ങളൊരുക്കി നഗരസഭയും ആഘോഷത്തിന് അവസരമൊരുക്കി.
അണിഞ്ഞൊരുങ്ങിയ ഗജവീരന്മാരുടെയും മേളപ്പെരുക്കം തീര്‍ക്കുന്ന കലാകാരന്മാരുടെയും മഹാസംഗമമായിരുന്നു വൈകിട്ടു മൂന്നരയോടെ ആരംഭിച്ച പകല്‍പൂരം. മൈതാനത്തിന്റെ മുഖ്യകവാടത്തില്‍ ഗണപതി കോവിലിനു സമീപം കിഴക്കന്‍ ചേരുവാരം, മൈതാനത്തിലെ ശിവശക്തി ഓഡിറ്റോറിയത്തിനു സമീപം പടിഞ്ഞാറന്‍ ചേരുവാരം എന്നിവിടങ്ങളിലായി 11 ആനകള്‍ വീതം അണിനിരന്നു. തന്ത്രി നിലവിളക്ക് തെളിച്ചതോടെ പൂരത്തിന് തുടക്കമായി.
മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരും നൂറോളം താളവിദഗ്ധരും ചേര്‍ന്ന് ആല്‍ത്തറമേളം ഒരുക്കി. ഗജരാജന്മാരുടെ മഹോത്സവത്തിനു ശേഷം അഞ്ചരയോടെ കുടമാറ്റം ആരംഭിച്ചു. ഓഫീസുകള്‍ വിടുന്ന സമയമായതിനാല്‍ കുടമാറ്റത്തിനു കാണികള്‍ ഏറി. ആകാശത്ത് വിസ്മയം തീര്‍ത്ത വെടിക്കെട്ടോടെയായിരുന്നു പൂരത്തിന്റെ സമാപനം.
തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡും സി.എന്‍.സുഭാഷിന്റെ നേതൃത്വത്തിലുള്ള തിരുനക്കര ക്ഷേത്രോപദേശകസമിതിയും ചേര്‍ന്നാണു പൂരം ഒരുക്കിയത്. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി.ഗോവിന്ദന്‍ നായര്‍, ബി.ജെ.പി ദേശീയ നേതാവ് ജോര്‍ജ് കുര്യന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.
 
.

Back to Top